ADVERTISEMENT

മനോരമ സ്പോർട്സ് സ്റ്റാർ 2020–21 പുരസ്കാരത്തിനായി മത്സരരംഗത്ത് ഇനി 3 താരങ്ങൾ. ഫുട്ബോളർ കെ.വി. അതുല്യ, വോളിബോൾ താരം എസ്. സൂര്യ, ഹോക്കി താരം പി.ആർ. ശ്രീജേഷ് (പേരുകൾ അക്ഷരമാല ക്രമത്തിൽ) എന്നിവരാണ് സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരത്തിന്റെ ഫൈനൽ റൗണ്ടിൽ ഇടംനേടിയത്.

വിദഗ്ധ സമിതി തിരഞ്ഞെടുത്ത 6 മലയാളി കായിക താരങ്ങളിൽനിന്നു വായനക്കാരുടെ വോട്ടിങ്ങിലൂടെയാണ് ഇവർ മുന്നിലെത്തിയത്. ഇവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന താരത്തിന് അടുത്തയാഴ്ച നടക്കുന്ന ചടങ്ങിൽ ‘മനോരമ സ്പോർട്സ് സ്റ്റാർ 2020–21’പുരസ്കാരം സമ്മാനിക്കും. ബാഡ്മിന്റൻ താരം എച്ച്.എസ്.പ്രണോയ് ആയിരുന്നു 2017ലെ പ്രഥമ മനോരമ സ്പോർട്സ് സ്റ്റാർ ജേതാവ്. അത്‌ലറ്റിക്സ് താരം ജിൻസൻ ജോൺസൺ 2018ലും അംഗപരിമിതർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം അനീഷ് പി. രാജൻ 2019ലും പുരസ്കാര ജേതാവായി.

Manorama-sports-star-award

മനോരമ സ്പോർട്സ് സ്റ്റാർ

ഒന്നാം സ്ഥാനം: 3 ലക്ഷം രൂപയും ട്രോഫിയും

2–ാം സ്ഥാനം: 2 ലക്ഷം രൂപയും ട്രോഫിയും

3–ാം സ്ഥാനം: ഒരു ലക്ഷം രൂപയും ട്രോഫിയും

കെ.വി.അതുല്യ

(ഫുട്ബോൾ)

10 വർഷമായി കേരള സീനിയർ വനിതാ ഫുട്ബോളിലെ സ്ഥിരം സാന്നിധ്യമാണ് കോഴിക്കോട് കക്കോടി സ്വദേശി കെ.  വി.അതുല്യ. 2020ൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് ജേതാക്കളായ ഗോകുലം കേരള എഫ്സിയുടെ ഡിഫൻഡറായിരുന്നു. ടൂർണമെന്റിൽ ഗോകുലത്തിനായി കളത്തിലിറങ്ങിയ ഏക മലയാളിയുമാണ്. വിവാഹശേഷവും ഫുട്ബോൾ ഉപേക്ഷിക്കാതിരുന്ന അതുല്യ കെപിഎലിലും വനിതാ ഐ ലീഗിലും ഇപ്പോഴും സജീവമാണ്.

എസ്.സൂര്യ

(വോളിബോൾ)

ഇന്ത്യൻ വോളിബോളിനു കേരളം നൽകിയ പവർ ബ്ലോക്കറാണ് കൊല്ലം എഴുകോൺ സ്വദേശി എസ്.സൂര്യ. 2018 ഏഷ്യൻ ഗെയിംസ് മുതൽ ഇന്ത്യൻ ടീമിലെ തിളങ്ങുന്ന താരം. 2019ലെ സാഫ് ഗെയിംസ് സ്വർണം ഉൾപ്പെടെയുള്ള രാജ്യാന്തര നേട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ചു. 3 വർഷത്തിനിടെ കേരളം നേടിയ 7 ദേശീയ ട്രോഫികളിലും ടീമിന്റെ നെടുംതൂണായി. 2021ൽ കേരളം ഫെഡറേഷൻ കപ്പ് വോളി  കിരീടം നേടിയപ്പോൾ സൂര്യയായിരുന്നു ക്യാപ്റ്റൻ. കെഎസ്ഇബി ടീമംഗമാണ്.

പി.ആർ.ശ്രീജേഷ്

(ഹോക്കി)

ഗോൾപോസ്റ്റിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യൻ ഹോക്കിയുടെ ആഗോള മേൽവിലാസമായി മാറിയ പി.ആർ.ശ്രീജേഷ് അപൂർവ നേട്ടങ്ങളിലൂടെ കേരളത്തിന്റെയും ശയസ്സുയർത്തിയ വർഷങ്ങളാണ് കടന്നുപോയത്. 2021ൽ നടന്ന ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിനു കാവലാളായ ശ്രീജേഷ്, 49 വർഷത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിലേക്ക് ഒളിംപിക്സ് മെഡൽ എത്തിച്ചു. ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ 2020–21ലെ പുരസ്കാരവും ശ്രീയെ തേടിയെത്തി. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന സ്വന്തമാക്കുന്ന ആദ്യ മലയാളി പുരുഷ താരവുമായി ശ്രീജേഷ്.

English Summary: Manorama Sports star Award finalists

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com