ADVERTISEMENT

കൊച്ചി ∙ ‘ഇന്ത്യയുടെ ആനന്ദ് ഇനി വിശ്വനാഥൻ.’ ആദ്യതവണ താൻ ലോക ലോകചെസ് കിരീടം നേടിയപ്പോൾ മലയാള മനോരമയിൽ വന്ന തലവാചകത്തെക്കുറിച്ചു കേട്ടപ്പോൾ വിശ്വനാഥൻ ആനന്ദിന്റെ കണ്ണുകൾ വിടർന്നു. ‘‘അച്ഛൻ വിശ്വനാഥൻ അയ്യരുടെ കയ്യിൽപിടിച്ചാണ് ആദ്യം കേരളത്തിൽ ഞാനെത്തിയത്. അച്ഛൻ റെയിൽവേയിൽ ജനറൽ മാനേജരായിരുന്നു. കളിയുടെ തിരക്കിൽപെട്ടതോടെ പിൽക്കാലത്തു കേരളത്തിലേക്കുള്ള വരവു കുറഞ്ഞു. എന്നാലും ഇടയ്ക്കിടെ ഭാര്യ അരുണയും മകൻ അഖിലുമൊത്ത് ഓടിയെത്തുന്ന 3 സ്ഥലങ്ങളുണ്ട്. കുമരകം, ആലപ്പുഴ മാരാരി ബീച്ച്, കൊല്ലം...’’

മനോരമ സ്പോർട്സ് പുരസ്കാര സമർപ്പണത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കൊച്ചിയിൽ വിമാ‌നമിറങ്ങുമ്പോൾ പുറത്തു ചെറിയ നൂൽമഴ. പണ്ടു സ്പെയിനിലെ മഡ്രിഡിൽ താമസിക്കുമ്പോൾ ഇത്തരം നേർത്തമഴകൾ ആസ്വദിച്ചിരുന്നു. ചെന്നൈയിൽ ഇപ്പോൾ പക്ഷേ കടുത്ത ചൂടാണ്. 

sportsstar

ചെന്നൈ കഴിഞ്ഞാൽ ആനന്ദിന്റെ പ്രിയപ്പെട്ട ഇടം മഡ്രിഡാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ യൂറോപ്യൻ മത്സരവേദികളിലേക്ക് പോയി വരാനുള്ള എളുപ്പത്തിലാണ് ആ നഗരത്തിൽ താമസമാക്കിയത്. ചെസിനോടുള്ള ഇഷ്ടം റയൽ മഡ്രിഡ് ഫുട്ബോൾ ക്ലബിനോടുമുണ്ട്. 

കേരളത്തിലെ സൗഹൃദങ്ങളിൽ ഏറ്റവും അടുപ്പമുള്ളൊരാൾ ഇന്റർനാഷനൽ മാസ്റ്റർ വർഗീസ് കോശിയാണ്. രത്നാകരൻ, എൻ.ആർ.അനിൽ കുമാർ, ഉമ്മർകോയ സാഹിബ് (പി.ടി. ഉമ്മർ കോയ) തുടങ്ങി ചെസ് നൽകിയ ബന്ധങ്ങൾ മറക്കാനാവില്ല. ഈ വരവിൽ അരുണയും മകനും ആനന്ദിനൊപ്പമില്ല. കഴിഞ്ഞ മാസം ഒരു കല്യാണത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയിരുന്നു.

ചെസ് കഴിഞ്ഞാൽ എന്തിനോടാണു താൽപര്യം? ചെസ് കഴിയുന്നില്ലല്ലോ എന്ന മട്ടിൽ ആനന്ദ് ചിരിച്ചു. ‘‘സിനിമ കുത്തിയിരുന്നു കാണാനുള്ള ക്ഷമയില്ല. ഒടിടിയിൽ ചില ചിത്രങ്ങൾ കാണാറുണ്ട്. ഇന്ററസ്റ്റിങ്ങായ ചില സീനുകൾ ഇരുന്നു കാണും.

അഭിമുഖത്തിനായി തയാറെടുത്ത് സ്യൂട്ടണിഞ്ഞു ആനന്ദിന്റെ പരിചിതമായ രൂപം. ചോദ്യങ്ങൾക്കു മുനകൂടിയാൽ...? ഒരു ചെസ് കളിക്കാരനോട് എത്രമാത്രം മുന കൂർപ്പിക്കാനാണ് എന്ന പോലെ ഒരു നോട്ടമെറിഞ്ഞ് ആനന്ദ് അഭിമുഖത്തിനായി കയറി.

പിൻഗാമിയെത്തേടി...

sports-award-1
എച്ച്.എസ്.പ്രണോയ്, ജിൻസൻ ജോൺസൺ, അനീഷ് പി.രാജൻ.

പല മത്സരവേദികളിലും ഒരു മലയാളി കായിക താരമായി അറിയപ്പെടുന്നില്ല എന്ന നിരാശ മുൻപുണ്ടായിരുന്നു. ആ വേദന മറക്കാൻ എന്റെ നാട്ടിൽ നിന്നു എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായിരുന്നു 2017ലെ പ്രഥമ മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരം. കായിക കേരളത്തിലെ പ്രമുഖ താരങ്ങളുടെ മുന്നിൽ പുരസ്കാരം ഏറ്റുവാങ്ങിയ ആ നിമിഷം ഒരിക്കലും മറക്കാനാകില്ല. 

-എച്ച്.എസ്.പ്രണോയ്,മനോരമ സ്പോർട്സ് സ്റ്റാർ 2017.

 

2018 ഏഷ്യൻ ഗെയിംസിലെ ഇരട്ട മെഡലുകളാണ് എന്നെ 2018 മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിന് അർഹനാക്കിയത്. ഏഷ്യൻ ഗെയിംസ് മെഡലുകൾ പോലെ ആ പുരസ്കാരവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കേവലം സമ്മാനത്തുകയായി മാത്രം പുരസ്കാരത്തെ കാണരുതെന്നും എനിക്കുള്ള വലിയ അംഗീകാരമാണെന്നും ടെന്നിസ് താരം മഹേഷ് ഭൂപതി അന്നു പറഞ്ഞത് ഇപ്പോഴും മനസ്സിലുണ്ട്. 

- ജിൻസൻ ജോൺസൺ,മനോരമ സ്പോർട്സ് സ്റ്റാർ 2018,

 

2019ൽ എനിക്കു ലഭിച്ച മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരം ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്കു മുഴുവനായി കേരളം നൽകിയ അംഗീകാരമായിരുന്നു. ആറംഗ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടപ്പോഴും വോട്ടിങ്ങിൽ മുന്നിലെത്തി സ്പോർട്സ് സ്റ്റാർ ജേതാവാകുമെന്നു കരുതിയതല്ല. ഇത്തവണത്തെ മനോരമ സ്പോർട്സ് സ്റ്റാർ ആരെന്നറിയാൻ കാത്തിരിക്കുകയാണ്.

- അനീഷ് പി.രാജൻ, മനോരമ സ്പോർട്സ് സ്റ്റാർ 2019.

 

English Summary: Manorama sports star award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com