മൂന്നു വർഷങ്ങൾക്കിപ്പുറം ഇനിയും മേരി കോം ചോദിക്കുമോ: ‘ആരാണ് ഈ നിഖാത് സരീൻ?’

nikhat-zareen
ട്വിറ്ററിൽ ഏറ്റവുമധികം പങ്കുവയ്ക്കപ്പെട്ട നിഖാത് സരീന്റെ ചിത്രം.
SHARE

‘ആരാണ് ഈ നിഖാത് സരീൻ?’ – ഇന്ത്യൻ കായിക ലോകം സമീപകാലത്ത് കേട്ട ഏറ്റവും പ്രശസ്തമായ ഈ ചോദ്യം ഉന്നയിച്ചത് ബോക്സിങ് റിങ്ങിലെ ഇതിഹാസ താരം മേരി കോമാണ്. തുർക്കിയുടെ തലസ്ഥാനമായ ഇസ്തംബുളിൽ നടന്ന ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഹൈദരാബാദുകാരി നിഖാത് സരീനെക്കുറിച്ചായിരുന്നു മേരി കോമിന്റെ ചോദ്യം. അതുപക്ഷേ, ഏതാനും വർഷങ്ങൾക്കു മുൻപായിരുന്നുവെന്നു മാത്രം. വനിതാ ബോക്സിങ്ങിൽ കിരീടം വയ്ക്കാത്ത രാജ്ഞിയായി വാഴുന്ന തന്നെ ചോദ്യം ചെയ്ത യുവതാരത്തോടുള്ള പുച്ഛമായിരുന്നു അന്നു മേരി കോമിന്റെ വാക്കുകളിൽ നിഴലിച്ചതെങ്കിലും, വർഷങ്ങൾക്കിപ്പുറം ഒരു രാജ്യം മുഴുവൻ അതേ ചോദ്യം ആവർത്തിക്കുകയാണ്, അതും വിസ്മയം കൂറുന്ന ആദരവോടെ; ‘ആരാണ് ഈ നിഖാത് സരീൻ?’

മേരി കോമിനെതിരെ റിങ്ങിലും പുറത്തുമായുള്ള ‘പോരാട്ട’ങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന നിഖാത് സരീൻ, നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ലോക ചാംപ്യൻഷിപ് സ്വർണം ഇന്ത്യയിലെത്തിച്ചാണ് ഇത്തവണ വാർത്തകളിലെ താരമാകുന്നത്. ഇസ്തംബുളിലെ സ്വർണ നേട്ടത്തോടെ നിഖാത് സരീൻ 2002ൽ മേരികോം തുടക്കമിട്ട ഇന്ത്യൻ ഇടി വിപ്ലവത്തിന്റെ പിന്തുടർച്ചക്കാരിയുമായി. ആറു തവണ ചാംപ്യനായ മേരികോമിനു പുറമേ സരിതാ ദേവിയും ആർ.എൽ.ജെന്നിയും മലയാളി താരം കെ.സി.ലേഖയുമാണ് മുൻപ് ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുള്ള വനിതാ താരങ്ങൾ. നിഖാത് സരീനു മുൻപ് ഏറ്റവുമൊടുവിൽ 2018ൽ മേരികോം ആണ് രാജ്യത്തിനു വേണ്ടി സ്വർണം നേടിയത്.

nikhat-zareen-6
നിഖാത് സരീൻ (ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ചിത്രം)

ഈ വർഷം പ്രധാന ചാംപ്യൻഷിപ്പുകളിൽ മത്സരിക്കുന്നില്ലെന്ന് മേരി കോം തീരുമാനിച്ചതോടെയാണ് ഇതിഹാസ താരത്തിന്റെ നിഴലിൽനിന്നു പുറത്തുവരാൻ നിഖാത് സരീനു കഴിഞ്ഞത്. മേരിയുടെ പിൻമാറ്റത്തോടെ ലഭിച്ച അവസരം കൃത്യമായി മുതലെടുത്താണ് ഇസ്തംബുളിൽ നിഖാത് സരീൻ ഇടിമുഴക്കം തീർത്തത്. ഹൈദരാബാദിലെ ഒരു യാഥാസ്ഥിതിക മുസ്‍ലിം കുടുംബത്തിൽ ജനിച്ചുവളർന്ന നിഖാത് സരീൻ ബോക്സിങ് റിങ്ങിൽ ഷോർട്സും ജഴ്സിയും ധരിക്കുന്നതിനെതിരെ പ്രാദേശികമായ എതിർപ്പുണ്ടായിരുന്നുവെന്ന് പിതാവ് മുഹമ്മദ് ജമീൽ വെളിപ്പെടുത്തിയിരുന്നു. പിതാവിന്റെ സ്വപ്നം പിൻപറ്റി അത്‍ലറ്റിക്സിലൂടെ കളത്തിലെത്തിയ സരീൻ, പിന്നീടാണ് ബോക്സിങ് റിങ്ങിലേക്ക് ചുവടുമാറ്റുന്നത്. ഷോർ‍ട്സ് ധരിക്കുന്നതിനെതിരെ ഉൾപ്പെടെ ഉയർന്ന എതിർപ്പുകളെ ‘ഇടിച്ചു തോൽപ്പിച്ച്’ ഈ സുവർണ നേട്ടത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ, മേരി കോമിന്റെ ആ ചോദ്യം ഇന്ന് രാജ്യം ആവർത്തിക്കുന്നു.

∙ ‘ആരാണ് ഈ നിഖാത് സരീൻ?’

മേരി കോമിന്റെ ആ ചോദ്യത്തിനു പിന്നിൽ ഒളിപ്പിച്ചുവച്ച പുച്ഛത്തിന്റെ വ്യാപ്തിയറിയണമെങ്കിൽ ഇരുവരും തമ്മിലുള്ള പോരാട്ടങ്ങളുടെ ചെറുതെങ്കിലും തീവ്രമായ ആ ചരിത്രമറിയണം. അതിന് ടോക്കിയോ ഒളിംപിക്സിന്റെ യോഗ്യതാ റൗണ്ടുവരെ ഒന്നു തിരിഞ്ഞുനടക്കണം.

nikhat-zareen-5
നിഖാത് സരീൻ (ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ചിത്രം)

ടോക്കിയോ ഒളിംപിക്സിനു മുന്നോടിയായി റഷ്യയിൽ നടന്ന ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണവും വെള്ളിയും നേടുന്ന താരങ്ങളെ മാത്രമേ തൊട്ടടുത്ത വർഷം ചൈനയിൽ ഒളിംപിക് യോഗ്യതാ ചാംപ്യൻഷിപ്പിന് അയയ്ക്കൂ എന്നാണ് ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ) ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ലോക ബോക്സിങ്ങിൽ 51 കിലോഗ്രാം ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ വെങ്കല മെഡലിൽ ഒതുങ്ങിയെങ്കിലും മേരിയെ ഒളിംപിക് യോഗ്യതയ്ക്ക് അയയ്ക്കാൻ ഫെഡറേഷൻ തീരുമാനമെടുത്തു.

nikhat-zareen-kapil-dev
നിഖാത് സരീൻ കപിൽ ദേവിനൊപ്പം (ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ചിത്രം)

ഇതോടെ ഇതേ വിഭാഗത്തിലുള്ള സരീൻ അടക്കമുള്ള താരങ്ങളുടെ സാധ്യത മേരിയുടെ യോഗ്യത ആശ്രയിച്ചായി. മേരി യോഗ്യത നേടിയില്ലെങ്കിൽ മാത്രമേ ഇവർക്കു ദേശീയ ട്രയൽസിൽ ജയിച്ച് ഒളിംപിക്സിന് പോകാനാവൂ എന്ന സ്ഥിതി വന്നു. ലോക ചാംപ്യൻഷിപ്പിൽ ഫൈനലിലെത്താതിരുന്നിട്ടും മേരിയെ ടോക്കിയോ ഒളിംപിക്സ് യോഗ്യതാ ചാംപ്യൻഷിപ്പിന് അയയ്ക്കാനുള്ള തീരുമാനത്തിനെതിരെ നിഖാത്, കായിക മന്ത്രി കിരൺ റിജിജുവിന് കത്തെഴുതിയതാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. ഇതോടെ, മേരി കോമിന് ഒളിംപിക്സ് യോഗ്യതയിൽ പ്രത്യേക പരിഗണന നൽകിയതിനെത്തുടർന്നുള്ള വിവാദം ഇന്ത്യൻ ബോക്സിങ്ങിൽ ചൂടുപിടിച്ചു.

∙ നിഖാതിന്റെ കത്ത്

മേരി കോമിനെയും ദേശീയ ട്രയൽസിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് സരീൻ കായിക മന്ത്രിക്കു കത്തെഴുതിയത്. മേരിയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് താൻ ബോക്സിങ്ങിൽ മുന്നേറിയതെന്നും എന്നാൽ മേരിക്കു വേണ്ടി നിയമം മാറ്റുന്നത് ശരിയല്ലെന്നും സരീൻ കത്തിലെഴുതി. നേരത്തേ ലോക ചാംപ്യൻഷിപ്പിനുള്ള ട്രയൽസിൽനിന്നും മേരിക്ക് ഫെഡറേഷൻ വിടുതൽ നൽകിയിരുന്നു.

nikhat-zareen-3

∙ പിന്തുണച്ച് ബിന്ദ്ര

നിഖാതിനെ അനുകൂലിച്ച് ഷൂട്ടിങ്ങിലെ ഒളിംപിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര രംഗത്തെത്തുകയും ചെയ്തതോടെ വിവാദം റിങ്ങും കടന്നു പോയി. സ്പോർട്സിൽ ‘ഇന്നലെ’ എന്നതിന് പ്രധാന്യമില്ല എന്നു ട്വീറ്റ് ചെയ്താണ് സരീനെ ബിന്ദ്ര പിന്തുണച്ചത്. ‘നമുക്കെല്ലാവർക്കും മേരിയോട് ബഹുമാനമുണ്ട്. എന്നാൽ ഇന്നുള്ളതിനെക്കാൾ പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനം. ഇന്നലെ നന്നായിരുന്നു എന്നു പറയുന്നതിൽ കാര്യമില്ല..’– ബിന്ദ്ര ട്വീറ്റ് ചെയ്തു. എന്നാൽ വിവാദത്തിൽ നേരിട്ട് ഇടപെടാൻ തയാറല്ലെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെയും താരങ്ങളുടെയും താൽപര്യവും നീതിയും പരിഗണിച്ച് തീരുമാനമെടുക്കാൻ ഫെഡറേഷനോട് ആവശ്യപ്പെടും എന്നായിരുന്നു റിജിജുവിന്റെ ട്വീറ്റ്.

∙ റിങ്ങിൽ മേരിയുടെ ‘ഇടിലൻ’ മറുപടി

മേരിയെ നേരിട്ട് ഒളിംപിക് യോഗ്യതാ മത്സരത്തിന് അയയ്ക്കുന്നതിനെതിരെ സരീൻ പ്രതിഷേധിച്ചതിനെത്തുടർന്ന് ട്രയൽസ് നടത്താൻ തീരുമാനമായി. സരീന്റെ ആ കത്തിനും അതിലുള്ള ‘കുത്തി’നും ഇടിയായിരുന്നു മേരിയുടെ മറുപടി! ബോക്സിങ് റിങ്ങിനു പുറത്തു തന്നെ വെല്ലുവിളിച്ച നിഖാത് സരീനെ തോൽപിച്ച് ദേശീയ ട്രയൽസിൽ മേരി കോം പുറത്തെടുത്തത് ‘ഇടിലൻ’ പ്രകടനം! സരീനെ 9–1 എന്ന സ്കോറിനു തോൽപിച്ച മേരി കോം, ടോക്കിയോ ഒളിംപിക്സ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി.

nikhat-zareen-2
ലോക ചാംപ്യൻഷിപ്പ് സ്വർണം നേടിയശേഷം നിഖാത് സരീൻ (ട്വിറ്റർ ചിത്രം)

മേരിക്കെതിരെ മത്സരിക്കണം എന്നു പറഞ്ഞ് ‘ചാലഞ്ച്’ ചെയ്ത സരീനു പക്ഷേ ഇടിക്കൂട്ടിൽ മേരിയുടെ ‘പഞ്ചു’കൾക്ക് മറുപടി നൽകാനായില്ല. സരീന്റെ ആവേശത്തെ റിങ്ങിലെ ചടുലമായ ചുവടുവയ്പ്പുകളിൽ പ്രതിരോധിച്ച മേരി ഇടയ്ക്ക് കൃത്യമായ പഞ്ചുകൾ ലാൻഡ് ചെയ്യുകയും ചെയ്തു. സമചിത്തതയോടെ മേരി നിലയുറപ്പിച്ചതോടെ 10 വിധികർത്താക്കളിൽ 9 പേരും മേരിക്ക് അനുകൂലമായി വിധിയെഴുതി.

∙ മത്സരത്തിനു ശേഷവും വിവാദം

മത്സരത്തോടെ വിവാദത്തിന് അവസാനമാകുമെന്നു കരുതിയെങ്കിലും അതു തെറ്റി. മത്സരശേഷം മേരിയെ ആശ്ലേഷിക്കാൻ സരീൻ തുനിഞ്ഞെങ്കിലും എതിരാളിയെ ഹസ്തദാനം ചെയ്യാൻ പോലും നിൽക്കാതെ മേരി റിങ് വിട്ടു. സരീനു പിന്തുണയുമായി എത്തിയ തെലങ്കാന ബോക്സിങ് അസോസിയേഷൻ പ്രതിനിധി എ.പി റെഡ്ഡി മത്സരഫലത്തിൽ പ്രതിഷേധിച്ചതു കൂടിയാണ് മേരിയെ ചൊടിപ്പിച്ചത്. ദേശീയ ബോക്സിങ് ഫെഡറേഷൻ പ്രസിഡന്റ് അജയ് സിങ് വേദിയിൽനിന്ന് റെഡ്ഡിയെ പറഞ്ഞയയ്ക്കുകയായിരുന്നു.

nikhat-zareen-8

∙ മേരി–സരീൻ തർക്കം മുൻപും

മേരി–സരീൻ തർക്കം ഇതാദ്യമായിരുന്നില്ല. ഇന്ത്യ ഓപ്പൺ ചാംപ്യൻഷിപ്പിൽ തന്നെ വെല്ലുവിളിച്ച സരീനെ മേരി സെമിഫൈനലിൽ ഇടിച്ചിട്ടിരുന്നു.‘മേരി എന്റെ ആരാധനാപാത്രമാണ്. പക്ഷേ ഞാൻ ബുദ്ധിയുപയോഗിച്ച് അവരെ തോൽപിക്കും’ എന്നായിരുന്നു നിഖാതിന്റെ വാക്കുകൾ. മൽസരത്തിനു ശേഷം മേരി അതിനു തിരിച്ചടി നൽകി. ‘‘ആദ്യം റിങ്ങിൽ മികവു തെളിയിക്കുക. ഞാൻ ആരാധനാപാത്രമാണെങ്കിൽ വെല്ലുവിളിക്കുകയല്ല, ബഹുമാനിക്കുകയാണ് വേണ്ടത്. എന്നോടു മത്സരിക്കാൻ അവസരം കിട്ടിയത് ഭാഗ്യമാണെന്നു കരുതണം.’’

English Summary: Who is Nikhat Zareen?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA