ജക്കാർത്ത ∙ ഇന്ത്യയുടെ ചുണക്കുട്ടികൾ അവസരത്തിനൊത്ത് ഉയർന്നതോടെ ഏഷ്യാകപ്പ് പുരുഷഹോക്കിയിൽ ഇന്ത്യ നോക്കൗട്ട് റൗണ്ടിൽ. നിർണായക മത്സരത്തിൽ ഇന്തൊനീഷ്യയെ 16–0 എന്ന വമ്പൻ മാർജിനിൽ തോൽപ്പിച്ചാണ് ഇന്ത്യ നോക്കൗട്ടിൽ കടന്നത്. അവസാന ക്വാർട്ടറിലാണ് ഇന്ത്യയുടെ ആറു ഗോളുകൾ പിറന്നത്.
പൂൾ എയിലെ അവസാന മത്സരത്തിൽ 15–0 എന്ന സ്കോറിനെങ്കിലും വിജയിച്ചെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ. രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ജപ്പാൻ പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു. (3–2). ഇന്ത്യയ്ക്കും പാക്കിസ്ഥാനും നാല് പോയിന്റ് വീതം ഉണ്ടെങ്കിലും ഗോൾ എണ്ണത്തിൽ മുന്നിലെത്തിയ ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിക്കുകയായിരുന്നു.
ഏഷ്യാകപ്പ് ടൂർണമെന്റിൽനിന്നു പുറത്തായതിനു പുറമെ ഈ വർഷം അവസാനം നടക്കുന്ന ഹോക്കി ലോകകപ്പിനുള്ള പാക്കിസ്ഥാന്റെ പ്രതീക്ഷകളും അസ്തമിച്ചു. സൂപ്പർ ഫോറിലെ ആദ്യ മൂന്നു ടീമുകൾക്കാണ് ലോകകപ്പിന് അവസരം ലഭിക്കുക. ആതിഥേയരായ ഇന്ത്യ, ലോകകപ്പിൽ സ്ഥാനമുറപ്പിച്ചിരുന്നതിനാൽ ഏഷ്യാകപ്പിന് യുവതാരങ്ങളെയാണ് പരീക്ഷിച്ചത്.
English Summary: Asia Cup Hockey: India Beat Indonesia 16-0, Qualify For Super 4s