ADVERTISEMENT

ന്യൂഡൽഹി∙ ഒളിംപിക്സിനു പിന്നാലെ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിലും മെഡൽ നേടിയതോടെ, ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‍ലീറ്റായി നീരജ് ചോപ്ര മാറിയെന്ന് മലയാളിയായ മുൻ താരം അഞ്ജു ബോബി ജോർജ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അഞ്ജു ഇക്കാര്യം പറഞ്ഞത്. നീരജ് ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ പ്രചോദനമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അഞ്ജു പങ്കുവച്ചു. 

2003ൽ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോർജ് നേടിയ വെങ്കലത്തിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ മെഡൽ നേടുന്നത്.

‘‘എന്റെ മെഡലിനുശേഷം ഇതാദ്യമായാണ് ലോക ചാംപ്യൻഷിപ്പിൽ നമുക്കൊരു മെഡൽ ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഒളിംപിക്സിൽ നമുക്കായി സ്വർണം നേടാൻ നീരജിനു കഴിഞ്ഞു. ഇത്തവണ വെള്ളി മെഡലായെങ്കിലും ഇത്രയും വെല്ലുവിളി നിറഞ്ഞ ഒരു ചാംപ്യൻഷിപ്പിലെ വെള്ളിമെഡൽ നേട്ടം ചെറിയ കാര്യമല്ല. ഇന്ത്യയെ ഒന്നാകെ ഒരിക്കൽക്കൂടി ആഘോഷത്തിലേക്കു നയിക്കാൻ നീരജിനു സാധിച്ചു’’ – അഞ്ജു ബോബി ജോർജ് പറഞ്ഞു.

‘പിന്നാലെവന്ന കായികതാരങ്ങൾക്ക് വഴികാട്ടിയാകാനും ഇന്ത്യയ്ക്കായി ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിലെ ആദ്യ മെഡൽ നേടാനും കഴിഞ്ഞതിൽ എനിക്ക് വ്യക്തിപരമായും വലിയ സന്തോഷമുണ്ട്. ഈ മെ‍ഡൽ നേട്ടം എനിക്കായി നൽകുന്നുവെന്ന നീരജിന്റെ വാക്കുകളിലും സന്തോഷമുണ്ട്. ഇവർക്കൊക്കെ പ്രചോദനമാകാൻ കഴിഞ്ഞത് വലിയ കാര്യമായി കാണുന്നു’ – അഞ്ജു പറഞ്ഞു.

‘‘അത്‍ലറ്റിക്സിൽ ഏതാണ്ട് ഇരുന്നൂറിലധികം രാജ്യങ്ങളാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത പോരാട്ടത്തിലൂടെ മാത്രമേ മെഡൽ നേട്ടം ഉറപ്പിക്കാനാകൂ. അതുകൊണ്ടുതന്നെ നീരജിന് മെ‍ഡൽ നേടാനായി എന്നത് ചെറിയ കാര്യമല്ല’ – അഞ്ജു മറ്റൊരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

‘‘ഒളിംപിക്സിലും ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിലുമായി നീരജ് ഇതിനകം രണ്ടു മെഡലുകൾ നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‍ലീറ്റ് നീരജ് ചോപ്രയാണെന്ന് ഉറപ്പിച്ചു പറയാം’ – അഞ്ജു അഭിപ്രായപ്പെട്ടു.

English Summary: Neeraj Chopra greatest Indian athlete of all-time: Anju Bobby George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com