ADVERTISEMENT

മഹാബലിപുരം ∙ ‘ചെസ് ബോർഡിലെ തീപ്പൊരി’ എന്നറിയപ്പെടുന്ന സ്പെയിൻ സൂപ്പർതാരം അലക്സി ഷിറോവിനെതിരെ ഇന്ത്യൻ പ്രതിഭ ഡി. ഗുകേഷിന്റെ മിന്നൽ പ്രകടനം. ഈ പ്രകടനത്തിന്റെ മികവിൽ ഇന്ത്യ ബി ടീമിന്റെ തുടർച്ചയായ അഞ്ചാം ജയം. മത്സരങ്ങൾ കടുത്തതോടെ ലോക ചെസ് ഒളിംപ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ 10 പോയിന്റുമായി ഇന്ത്യ ബി ടീമും അർമീനിയയും മാത്രം മുന്നിൽ. തുടർച്ചയായ അഞ്ചാം വിജയത്തോടെ ഇന്ത്യൻ വനിതാ എ ടീമും 10 പോയിന്റുമായി മുന്നിലാണ്. യഥാക്രമം ഇന്ത്യ എ, ബി ടീമുകൾക്കുവേണ്ടി കളിച്ച മലയാളി താരങ്ങളായ എസ്.എൽ. നാരായണനും നിഹാൽ സരിനും എതിരാളികളോടു സമനില വഴങ്ങി.

ഇന്ത്യൻ പ്രകടനം 

നാലാം സീഡായ സ്പെയിന് എതിരെയായിരുന്നു ഇന്ത്യ ബി ടീമിന്റെ വിജയം. ഇന്ത്യയ്ക്കു വേണ്ടി ഡി. ഗുകേഷും ബി അധിബനും വിജയം കണ്ടു. നിഹാൽ സരിൻ സമനില പാലിച്ചപ്പോൾ ആർ. പ്രഗ്നാനന്ദ തോൽവി വഴങ്ങി. 

 ഇന്നത്തെ കളിയോടെ ലൈവ് റേറ്റിങ്ങിൽ ഇന്ത്യൻ താരങ്ങളിൽ വിശ്വനാഥൻ ആനന്ദിനും പി.ഹരികൃഷ്ണയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു ഗുകേഷ്.  

അർജുൻ എരിഗാസിയുടെ വിജയത്തിന്റെ മികവിൽ ഇന്ത്യ എ ടീം റുമേനിയയെ മറികടന്നു. ഇതുവരെ നാലു വിജയവും ഒരു സമനിലയുമായി ടീമിന് 9 പോയിന്റുണ്ട്. അഭിമന്യു പുരാണിക്കിന്റെയും എസ്.പി. സേതുരാമന്റെയും വിജയത്തിന്റെ മികവിൽ ഇന്ത്യ സി ടീം ചിലെയെ തോൽപ്പിച്ചു.

താനിയ സച്ദേവ് വിജയം ആവർത്തിച്ചപ്പോൾ വനിതാ എ ടീം വീണ്ടും വിജയം നേടി. നേരത്തേ പോയിന്റ് നിലയിൽ മുന്നിലായിരുന്ന വനിത ബി ടീം ജോർജിയയോടു തോറ്റു. ഇന്ത്യൻ വനിതകളുടെ  സി ടീം ബ്രസീലിനോടു സമനില വഴങ്ങി.

മറ്റു കളികൾ

നോർവേയ്ക്കു വേണ്ടി ലോക ചാംപ്യൻ മാഗ്നസ് കാൾസൻ അനായാസ വിജയം കണ്ടു. കഴിഞ്ഞ 2 റൗണ്ടുകളിലെ മോശം പ്രകടനം പഴങ്കഥയാക്കി നോർവേ സാംബിയയെ തോൽപിച്ചു. വനിതകളിൽ ജോർജിയ, റുമേനിയ ടീമുകളും ഇതുവരെയുള്ള എല്ലാ മത്സരങ്ങളും വിജയിച്ച് 10 പോയിന്റുമായി മുന്നിലാണ്.   ഉസ്ബെക്ക് ഗ്രാൻഡ്മാസ്റ്റർ നോഡിബ്രെക് അബ്ദുസത്തറോവ് തുടർച്ചയായ അഞ്ചാം ജയം നേടി. 

English Summary: Chess-olympiad, india

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com