ADVERTISEMENT

ലോങ്ജംപ് പിറ്റിൽ എം.ശ്രീശങ്കർ പിന്നിടുന്ന ഓരോ സെന്റിമീറ്ററിനും പിന്നിൽ ഒരച്ഛനും മകനും ചേർന്നു മറികടന്ന തിരസ്കാരങ്ങളുടെ കഥയുണ്ട്. ടോക്കിയോ ഒളിംപിക്സിൽ വ്യക്തിഗത മികവിന് അടുത്തെങ്ങുമെത്താതെ പോയതോടെ വിമർശകർ ശ്രീശങ്കറിനെയും പരിശീലകൻ കൂടിയായ അച്ഛൻ എസ്.മുരളിയെയും തലങ്ങും വിലങ്ങും ആക്രമിച്ചു. മോശം പ്രകടനത്തിന്റെ പേരിൽ ശ്രീശങ്കർ ദേശീയ ക്യാംപിൽ നിന്നു പുറത്തായപ്പോൾ അച്ഛൻ മുരളിക്കു ദേശീയ പരിശീലക സ്ഥാനവും നഷ്ടമായി. ജോലിയിൽനിന്ന് അവധിയെടുത്താണ് മുരളി അതിനുശേഷം മകനെ പരിശീലിപ്പിച്ചത്.

8 മാസത്തിനുശേഷം ഫെഡറേഷൻ കപ്പിൽ 8.36 മീറ്ററിന്റെ കരിയർ ബെസ്റ്റ് പ്രകടനം നടത്തിയ ശേഷമാണ് ശ്രീശങ്കറിനെയും മുരളിയെയും ദേശീയ ക്യാംപിലേക്കു തിരിച്ചുവിളിച്ചത്. കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപ് മത്സരത്തിൽ മെഡലുറപ്പാക്കിയ അഞ്ചാം ജംപിലൂടെ ശ്രീശങ്കർ നടത്തിയതും അതുപോലൊരു തിരിച്ചുവരവാണ്. ഗെയിംസ് വേദിയിൽനിന്ന് എം. ശ്രീശങ്കർ മനോരമയോട് സംസാരിക്കുന്നു

∙ ഇന്ത്യൻ അത്‌ലറ്റിക്സിൽ അപൂർവമാണല്ലോ ഇങ്ങനെയൊരു അച്ഛൻ– മകൻ കൂട്ടുകെട്ട്?
രാജ്യാന്തര ട്രിപ്പിൾ ജംപറായിരുന്നു എന്റെ അച്ഛൻ എം.മുരളി. അച്ഛന്റെ കഠിനാധ്വാനത്തിനു ലഭിച്ച ഫലമാണ് ഞാൻ നേടിയ ഈ വെള്ളി മെഡൽ. 9–ാം വയസ്സു മുതൽ അച്ഛന്റെ കീഴിലാണ് പരിശീലിക്കുന്നത്. മത്സര വിജയങ്ങളിൽ അഭിനന്ദനം ലഭിക്കുന്നത് എനിക്കാണെങ്കിലും തോൽവികളിൽ ഏറെ ക്രൂശിക്കപ്പെടുന്നത് അച്ഛനാണെന്ന് തോന്നിയിട്ടുണ്ട്. ഒരു ലോക മെഡൽ ഞങ്ങൾ അതിയായി ആഗ്രഹിച്ചിരുന്നു.

∙ ഫൈനലിൽ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നോ?
മത്സരത്തിൽ ഞാൻ മികച്ച ഫോമിലായിരുന്നു. മൂന്നാം ജംപ് മുതൽ‌ താളം കണ്ടെത്തിയെങ്കിലും ഫൗളും ലാൻഡിങ്ങിലെ പിഴവും 2 ശ്രമങ്ങളിൽ തിരിച്ചടിയായി. ഇതേ പ്രതിസന്ധി ഞാൻ മുൻപും അതിജീവിച്ചിട്ടുള്ളതാണെന്നും മെഡൽ തൊട്ടരുകിലുണ്ടെന്നുമുള്ള അച്ഛന്റെ വാക്കുകൾ അഞ്ചാം ഊഴത്തിലെ മികച്ച ചാട്ടത്തിനു പ്രചോദനമായി.

∙ കായികരംഗത്തു തുടരാൻ കുടുംബം നൽകുന്ന പിന്തുണയെക്കുറിച്ച് ?
എംബിബിഎസ് പഠനത്തിനു സീറ്റ് കിട്ടിയിട്ടും അതുപേക്ഷിച്ച മകന്റെ തീരുമാനത്തെ ഏതെങ്കിലും മാതാപിതാക്കൾ പിന്തുണയ്ക്കുമോ? എന്റെ കാര്യത്തിൽ അതു സംഭവിച്ചു!. സ്പോർട്സ് ക്വോട്ട റാങ്കിങ്ങിൽ രണ്ടാമതു നിൽക്കെയാണ് എംബിബിഎസ് വേണ്ടന്നുവച്ചത്. കോളജ് സെമസ്റ്റർ ടോപ്പറായിരിക്കെ എൻജിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഞാൻ ബിഎസ്‌സിക്കു ചേർന്നു. കായിക പരിശീലനത്തിനു കൂടുതൽ സമയം ചെലവഴിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു ആ മാറ്റം. മാതാപിതാക്കളുടെ പിന്തുണ ലഭിച്ചതോടെയാണ് ഇതെല്ലാം സാധ്യമായത്.

∙ ഇനിയെന്നു പൊറോട്ട കഴിക്കും ?
(പൊട്ടിച്ചിരിച്ചുകൊണ്ട്) 3 വർഷം മുൻപ് വൈകിട്ട് വീട്ടിലിരുന്നു പൊറോട്ട കഴിക്കുകയായിരുന്നു ഞാൻ. അപ്പോൾ അച്ഛൻ പറഞ്ഞ ഒരുവാക്കാണ് ഇഷ്ട ഭക്ഷണമായ പൊറോട്ടയെയും എന്നെയും തമ്മിൽ അകറ്റിയത്. ‘നീ ഇങ്ങനെ പൊറോട്ട കഴിച്ചു നടന്നോ ഒളിംപിക്സിനൊന്നും പങ്കെടുക്കേണ്ടല്ലോ’ എന്നായിരുന്നു അത്. ഒളിംപിക്സിന് യോഗ്യത നേടിക്കഴിഞ്ഞേ പൊറോട്ട കഴിക്കുന്നുള്ളൂവെന്ന് അപ്പോൾ‌ ഞാനും തിരിച്ചടിച്ചു. കഴിഞ്ഞവർഷം ഒളിംപിക്സിനു യോഗ്യത നേടിയപ്പോൾ മെഡൽ കിട്ടിയിട്ടു മതി പൊറോട്ട എന്നു തീരുമാനിച്ചു. ‌2024 ഒളിംപിക്സിനായി കാത്തിരിക്കുകയാണ് ഞാൻ.

Content Highlight: M Sreeshankar, Commonwealth Games 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com