ADVERTISEMENT

ബർമിങ്ങാം∙ ഗോദയിൽനിന്ന് 3 സ്വർണവും 4 വെങ്കലവും, പാരാ വിഭാഗം ടേബിൾ ടെന്നിസിൽ സ്വർണം, ലോൺ ബോൾസിന്റെ പുൽത്തകിടിയിൽനിന്ന് ഒരു വെള്ളി, ബോക്സിങ് റിങ്ങിൽനിന്ന് 3 വെങ്കലം, അത്‌ലറ്റിക്സിൽ 2 വെള്ളി... കോമൺവെൽത്ത് ഗെയിംസിന്റെ 9–ാം ദിവസം ഇന്ത്യ ആവേശകരമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ സ്വർണ നേട്ടം 13 ആയി ഉയർന്നു. പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിൽ രവികുമാർ ദഹിയ, 74 കിലോഗ്രാമിൽ എൻ. നവീൻ, വനിതകളുടെ 53 കിലോഗ്രാം നോർഡിക് വിഭാഗത്തിൽ വിനേഷ് ഫോഗട്ട് എന്നിവരാണ് സ്വർണം നേടിയത്. ടോക്കിയോ പാരാലിംപിക്സിൽ ടേബിൾ ടെന്നിസിൽ വെള്ളി നേടിയ ഭാവിന പട്ടേൽ ബർമിങ്ങാമിൽ ഇതേയിനത്തിൽ സ്വർണം നേടി. ഫൈനലിൽ നൈജീരിയൻ താരത്തെ 3–0ന് തോൽപ്പിച്ചു.

ഗുസ്തിയിൽ 50 കിലോഗ്രാമിൽ പൂജ ഗെലോട്ട്, 76 കിലോഗ്രാമിൽ പൂജ സിഹാഗ്, പുരുഷൻമാരുടെ 97 കിലോഗ്രാമിൽ ദീപക് നെഹ്റ എന്നിവർ വെങ്കലവും നേടി. ലോൺ ബോൾസ് പുരുഷ വിഭാഗം ഫോർസ് ടീമും അത്‍ലറ്റിക്സിൽ പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്‌ലെ, വനിതകളുടെ 10,000 മീറ്റർ റേസ്‌ വോക്കിൽ പ്രിയങ്ക ഗോസ്വാമി എന്നിവരും വെള്ളി‌ നേടി. വനിതാ ബോക്സിങ് 60 കിലോഗ്രാമിൽ ജാസ്മിൻ ലംബോറിയ, പരുഷ വിഭാഗം 57 കിലോഗ്രാമിൽ മുഹമ്മദ് ഹുസമുദ്ദീൻ, പുരുഷ ബോക്സിങ് വെൽറ്റർ വെയ്റ്റ് വിഭാഗത്തിൽ രോഹിത് ടോകാസ് എന്നിവരാണ് വെങ്കലത്തിന് അർഹരായത്.

∙ ഗോദയിൽ മെഡലൊഴുക്ക്

ഗുസ്തിയിൽ രവികുമാറിന്റെ സമഗ്രാധിപത്യത്തിനു നൈജീരിയയുടെ എബികെവെനിമോ വെൽസന് അൽപനേരം മാത്രമേ പിടച്ചുനിൽക്കാനായുള്ളൂ. 10–0 എന്ന ഏകപക്ഷീയ സ്കോർലൈനോടെ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് മറ്റൊരു സ്വർണം കൂടി. വനിതകളുടെ 53 കിലോഗ്രാം നോർഡിക് വിഭാഗത്തിൽ ശ്രീലങ്കയുടെ ചമോദയ കേശനിയെയാണ് വിനേഷ് ഫോഗട്ട് അനായാസം കീഴടക്കിയത്. കോമൺവെൽത്ത് ഗെയിംസി‍ൽ വിനേഷിന്റെ ഹാടിക് സ്വർ‍ണനേട്ടമാണിത്. പുരുഷ വിഭാഗം 74 കിലോഗ്രാം സ്വർണമെഡൽ മത്സരത്തിൽ എൻ. നവീൻ പാക്കിസ്ഥാന്റെ മുഹമ്മദ് ഷെരീഫ് താഹിറിനെ പരാജയപ്പെടുത്തി.

pooja
പൂജ ഗെലോട്ട്

വനിതാ ഗുസ്തി 50 കിലോഗ്രാമിൽ വെങ്കലമെഡൽ മത്സരത്തിൽ പൂജ ഗെലോട്ട് സ്കോട്‌ലൻഡിന്റെ ക്രിസ്റ്റൽ ലെമോഫാക്കിനെയാണ് തോൽപിച്ചത്. വനിതകളുടെ 76 കിലോഗ്രാമിൽ പൂജ സിഹാഗിന്റെ വെങ്കല മെഡൽ വിജയം ഓസ്ട്രേലിയയുടെ നവോമി ഡിബ്രൂയിനെതിരെയാണ്. പുരുഷൻമാരുടെ 97 കിലോഗ്രാമിൽ ദീപക് നെഹ്റ പാക്കിസ്ഥാന്റെ തയ്യബ് റാസയെ തറപറ്റിച്ചാണ് വെങ്കലം നേടിയത്.

∙ സാബ്‍ലെയ്ക്കും പ്രിയങ്കയ്ക്കും വെള്ളി

അത്‍ലറ്റിക്സിൽ പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ മഹാരാഷ്ട്രക്കാരൻ അവിനാഷ് സാബ്‌ലെ ദേശീയ റെക്കോർഡോടെ വെള്ളി നേടിയത് (8:11.20 മിനിറ്റ്) വനിതകളുടെ 10,000 മീറ്റർ റേസ്‌ വോക്കിൽ വെള്ളി സ്വന്തമാക്കിയ ഉത്തർപ്രദേശ് സ്വദേശിനി പ്രിയങ്ക ഗോസ്വാമിയും ദേശീയ റെക്കോർഡ് തിരുത്തി (43:38.83 മിനിറ്റ്). റേസ് വോക്കിൽ ഇന്ത്യയുടെ ആദ്യ വനിതാ മെഡൽ പ്രിയങ്ക ഗോസ്വാമിയുടെ പേരിലായി.

∙ ലോൺ ബോൾസിൽ വെള്ളി

ലോൺ ബോൾസിൽ ഇന്ത്യയ്ക്കു പുരുഷ വിഭാഗം ഫോർസ് ഇനത്തിൽ സുനിൽ ബഹാദൂർ, നവ്‌നീത് സിങ്, ചന്ദൻകുമാർ സിങ്, ദിനേഷ് കുമാർ എന്നിവരുടെ ടീം ആണ് വെള്ളി നേടിയത്. ഫൈനലിൽ വടക്കൻ അയർലൻഡിനോട് 5–18നാണ് ഇന്ത്യ പരാജയപ്പട്ടത്.

∙ ബോക്സിങ്ങിൽ 2 വെങ്കലം

ബോക്സിങ്ങിൽ വെങ്കലം നേടിയ ഹരിയാന സ്വദേശിനി ജാസ്മിൻ ലംബോറിയ സെമിയിൽ ഇംഗ്ലണ്ട് താരം ജെമ്മ റിച്ചാ‍ഡ്സനോട് (3–2) പരാജയപ്പെട്ടു. എന്നാൽ സെമിയിൽ വിജയിച്ചതോടെ 3 ഇന്ത്യൻ ബോക്സർമാർ വെള്ളിയോ സ്വർണമോ ഉറപ്പിച്ചു. പരുഷ വിഭാഗം 57 കിലോഗ്രാം സെമിയിൽ ഘാനയുടെ ജോസഫ് കോമ്മിയോടു പരാജയപ്പെട്ട മുഹമ്മദ് ഹുസമുദ്ദീനും വെങ്കലും നേടി. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീനും 48 കിലോഗ്രാമിൽ നീതു ഗംഗാസും 51 കിലോഗ്രാം വിഭാഗത്തിൽ അമിത് പംഗലും ഫൈനലിലെത്തി.

∙ 2 മെഡൽ കൂടി ഉറപ്പ്

ടേബിൾ ടെന്നിസിൽ സീനിയർ താരം അജാന്ത ശരത് കമൽ ഇന്ത്യയ്ക്കു 2 മെഡൽ കൂടി ഉറപ്പാക്കി. പരുഷ ഡബിൾസിൽ ശരത് കമൽ– ജി. സത്യൻ സഖ്യവും മിക്സ്ഡ് ഡബിൾസിൽ ശരത് കമൽ–ശ്രീജ അകുല സഖ്യവും ഫൈനലിൽ കടന്നു.

∙ സിന്ധു സെമിയിൽ

ബാഡ്മിന്റൻ സിംഗിൾസിൽ പി.വി.സിന്ധുവും ലക്ഷ്യ സെന്നും കെ.ശ്രീകാന്തും ഡബിൾസിൽ ട്രീസ ജോളി– ഗായത്രി സഖ്യവും സെമിയിലെത്തി.

English Summary: Commonwealth Games 2022: Day 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com