ADVERTISEMENT

മഹാബലിപുരം∙ പടയെട്ടും ജയിച്ച നാവികനായ ദൊമ്മരാജു ഗുകേഷിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ‘രണ്ടാം കപ്പൽപ്പട’ അമേരിക്കയെ മുക്കി! തുടർച്ചയായ എട്ടാം വിജയവുമായി ഡി. ഗുകേഷും മികച്ച അട്ടിമറി വിജയത്തോടെ റോണക് സാധ്വാനിയും പട നയിച്ചപ്പോൾ ഇന്ത്യയുടെ അമേരിക്കൻ അധിനിവേശം സമ്പൂർണം. ലോകോത്തര താരങ്ങൾ നിറഞ്ഞ യുഎസ് ടീമിനെ ഇന്ത്യ ബി ടീം കെട്ടുകെട്ടിച്ചപ്പോൾ (3–1) ഇന്ത്യ എ ടീമിനെ തോൽപിച്ച് അർമീനിയ ഒന്നാംസ്ഥാനം നിലനിർത്തി.

ലോക ചെസ് ഒളിംപ്യാഡിൽ 8 റൗണ്ട് പൂർത്തിയായപ്പോൾ 15 പോയിന്റുള്ള അർമീനിയയ്ക്കു പിന്നിൽ 14 പോയിന്റുമായി ഇന്ത്യ ബിയുണ്ട്. ജർമനിയെ തോൽപിച്ച് ഉസ്ബക്കിസ്ഥാനും പോയിന്റ് നിലയിൽ (14) പോയിന്റ് ഒപ്പമുണ്ട്. ലോക 4–ാം നമ്പർ താരം ഫാബിയാനോ കരുവാനയെ ഇന്നലെ അട്ടിമറിച്ചതോടെ ഡി. ഗുകേഷ് ലൈവ് റേറ്റിങ്ങിൽ വിശ്വനാഥൻ ആനന്ദിനു പിന്നിൽ ഇന്ത്യയിലെ രണ്ടാമനായി.

ഇന്ത്യ സി ടീം പെറുവിനോടു തോറ്റു. വനിതകളിൽ യുക്രെയ്നോടു സമനില വഴങ്ങിയ ഇന്ത്യ എ ടീം 15 പോയിന്റോടെ ഒന്നാം സ്ഥാനത്തു തുടരുന്നു. 14 പോയിന്റുള്ള ജോർജിയയാണ് പിന്നിൽ.

പ്രായംകൊണ്ടും പരിചയസമ്പത്തുകൊണ്ടും റേറ്റിങ് കൊണ്ടും ലോക ഒന്നാം നമ്പറായ യുഎസ് ടീം. ഇറ്റലി, ക്യൂബ, ഫിലിപ്പീൻസ്, അർമീനിയ എന്നിവിടങ്ങളിൽനിന്നു കുടിയേറിയവരടങ്ങിയ അമേരിക്കയുടെ ‘ഗ്ലോബൽ ടീമി’നെയാണ് മൂന്നു പതിനാറു വയസ്സുകാരും ഒരു പതിനെട്ടു വയസ്സുകാരനും ചേർന്നു കെട്ടുകെട്ടിച്ചത്.

ഡി. ഗുകേഷ് ഫാബിയാനോ കരുവാനയെ അട്ടിമറിച്ചപ്പോൾ മലയാളി അഭിമാനം നിഹാൽ സരിൻ ലെവൻ അരോണിയനെ സമനിലയിൽ തളച്ചു. റോണക് സാധ്വാനി മധ്യഘട്ടത്തിലെ കളിയിൽ കുതിരയെ ബലി നൽകി ലോക 14-ാം നമ്പർ താരമായ ഡൊമിനിഗസ് പെരസ് ലീനിയറിനെ കീഴടക്കി. ആർ. പ്രഗ്നാനന്ദ കരുത്തനായ വെസ്‌ലി സോയോടു സമനില പിടിച്ചു. അർമീനിയയ്ക്കെതിരെ ഇന്ത്യ എയുടെ മത്സരത്തിൽ പി. ഹരികൃഷ്ണ തോൽവി വഴങ്ങി. മലയാളി താരം എസ്.എൽ. നാരായണൻ അടക്കമുള്ള മറ്റ് ഇന്ത്യൻ ടീമംഗങ്ങളുടെ കളി സമനിലയായി.

പോയിന്റ് നില

ഓപ്പൺ
അർമീനിയ 15
ഇന്ത്യ ബി 14
ഉസ്ബെക്കിസ്ഥാൻ14
യുഎസ് 12
ഇന്ത്യ എ12

വനിതകൾ
ഇന്ത്യ എ 15
ജോർജിയ 14
യുക്രെയ്ൻ 13
പോളണ്ട് 13
അർമീനിയ 12

English Summary: Chess Olympiad 2022: India B team shocks US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com