ADVERTISEMENT

ലണ്ടൻ∙ കോമൺവെല്‍ത്ത് ഗെയിംസിനായി ബർമിങ്ങാമിലെത്തിയ ശ്രീലങ്കൻ താരങ്ങളെ കാണാനില്ല!. സ്വന്തം രാജ്യത്തെ ജീവിത സാഹചര്യങ്ങളെ തുടർന്നാണ് ഒൻപത് അത്‍ലീറ്റുകളും ഒരു മാനേജരും മത്സരങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം മുങ്ങിയതെന്നാണു വിവരം. ഇവർ യുകെയിൽ ഒളിച്ചു താമസിക്കുകയാണെന്നാണു രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.

ജൂഡോ താരം ചമില ദിലാനി, മാനേജർ അസേല ‍ഡിസിൽവ, ഗുസ്തി താരം ഷാനിത് ചതുരംഗ എന്നിവരെ കഴിഞ്ഞ ആഴ്ചയാണു കാണാതായത്. തുടർന്ന് ശ്രീലങ്കൻ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് ലങ്കൻ താരങ്ങളിൽ ഏഴുപേരെ കൂടി കാണാതായത്. ഒരു തൊഴിൽ കണ്ടെത്തി യുകെയിൽ തന്നെ തുടരാനാണ് ഇവരുടെ ശ്രമമെന്ന് ഒരു ശ്രീലങ്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ശ്രീലങ്കയിലേക്കു തിരികെയെത്തുമെന്ന് ഉറപ്പിക്കാൻ താരങ്ങളുടെയെല്ലാം പാസ്പോർട്ട് ലങ്കൻ അധികൃതർ വാങ്ങിസൂക്ഷിച്ചിരുന്നു. ഇതു മറികടന്നാണു ചില താരങ്ങൾ മുങ്ങിയത്. ആദ്യം കാണാതായ മൂന്നു പേരെ പൊലീസ് കണ്ടെത്തിയെങ്കിലും ഇവർക്കെതിരെ നടപടിയെടുക്കാനാകില്ല. ആറു മാസത്തെ വീസയാണു താരങ്ങൾക്കു നൽകിയിരിക്കുന്നത്. ശ്രീലങ്കയിൽനിന്നു പോകുന്ന കായിക താരങ്ങളെ കാണാതാകുന്നത് ആദ്യത്തെ സംഭവമല്ല.

കഴിഞ്ഞ വർഷം ഒക്ടോബറിൽ നോർവെയിലെ ഓസ്‍ലോയിലേക്ക് ഗുസ്തി ചാംപ്യൻഷിപ്പിനായി പോയ ലങ്കൻ പരിശീലകനെ കാണാതായിരുന്നു. 2014ലെ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ഗെയിംസിനെത്തിയ രണ്ട് ശ്രീലങ്കൻ അത്‌ലീറ്റുകളെയും കാണാതായി. 2004ൽ ജർമനിയിൽ ഹാൻഡ് ബോൾ ടൂർണമെന്റിനെത്തിയ 23 അംഗ ലങ്കൻ ടീമും പിന്നീടു തിരിച്ചുപോയില്ല. ശ്രീലങ്കയ്ക്ക് ദേശീയ ഹാന്‍ഡ് ബോൾ ടീം ഇല്ലായിരുന്നുവെന്നതാണു മറ്റൊരു സത്യം.

English Summary: 10 Sri Lankans disappear from Commonwealth Games in suspected bid to remain in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com