മലയാളം, മെഡലോളം!

HIGHLIGHTS
  • കോമൺവെൽത്ത് ഗെയിംസിലെ മലയാളി മെ‍ഡൽ ജേതാക്കൾക്കും പരിശീലകർക്കും മനോരമയുടെ ആദരം
  • മുൻകാല താരങ്ങളുടെ സ്നേഹസംഗമമായി പുരസ്കാരസമർപ്പണച്ചടങ്ങ്
medal-winners
കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾക്കും പരിശീലകർക്കും ആദരമർപ്പിക്കാൻ മലയാള മനോരമ കൊച്ചിയിൽ ഒരുക്കിയ ചടങ്ങിൽ പഴയകാല താരങ്ങളും ഒത്തു ചേർന്നപ്പോ‌ൾ. (ഇടത്തുനിന്ന്) മുൻനിരയിൽ: സി.സി.ജേക്കബ്, പ്രഫ. ടി.പി.ഔസേഫ്‌, ജോളി മാത്യു, അബ്ദുല്ല അബൂബക്കർ, എം.ശ്രീശങ്കർ, മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, എൽദോസ് പോൾ, എ.പി.ദത്തൻ, പി.ആർ.ശ്രീജേഷ്, കെ.എസ്.ബിജിമോൾ. പിൻനിരയിൽ: സുഭാഷ് ഷേണായ്, ടോം ജോസഫ്, പി. ബാലചന്ദ്രൻ, മൊയ്‌തീൻ നൈന, പി.രാധാകൃഷ്ണൻനായർ, എസ്.എ.മധു, എസ്.മുരളി, സിനി കെ.ജോസ്, കെ.എ.ആൻസൺ, എം.എം.ജേക്കബ്, കെ.എ.ബിനു.
SHARE

കൊച്ചി ∙ കോമൺവെൽത്ത് ഗെയിംസിലെ ‘ഇന്ത്യൻ വെൽത്ത്’ ആയി മാറിയ കേരളത്തിന്റെ അഭിമാന താരങ്ങൾക്കും പരിശീലകർക്കും  ‘മലയാള മനോരമ’യുടെ സ്നേഹാദരം. ഗെയിംസിൽ 61 മെഡലുമായി 4–ാം സ്ഥാനം നേടിയ ഇന്ത്യയുടെ അക്കൗണ്ടിലേക്കു മലയാളി താരങ്ങൾ മുതൽക്കൂട്ടിയത് ഒരു സ്വർണവും 4 വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 6 മെഡലുകൾ.  

രാജ്യത്തിന്റെ അഭിമാനമുയർത്തുന്ന കായിക താരങ്ങളെ എക്കാലവും അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന മനോരമയുടെ വേദിയിൽ ഇന്നലെ അഭിമാനത്തോടെ സ്വർണപ്പതക്കം സ്വീകരിച്ചതു ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോൾ, വെള്ളി മെഡൽ ജേതാവ് അബ്ദുല്ല അബൂബക്കർ, ലോങ്ജംപ് വെള്ളി മെഡൽ നേടിയ എം.ശ്രീശങ്കർ, ബാഡ്മിന്റൻ മിക്സ്ഡ് ടീം ഇനത്തിൽ വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവുമായി ഇരട്ടമെഡൽ നേടി ചരിത്രം കുറിച്ച ട്രീസ ജോളി,  വെള്ളി നേടിയ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി.ആർ.ശ്രീജേഷ് എന്നിവർ. 

ജപ്പാനിൽ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ട്രീസയ്ക്ക് എത്താൻ കഴിയാത്തതിനാൽ മകൾക്കായി ആദരം ഏറ്റുവാങ്ങിയതു കായിക പരിശീലകൻ കൂടിയായ പിതാവ് ജോളി മാത്യു. താരങ്ങളെ കൈപിടിച്ചുയർത്തുന്ന പരിശീലകരെയും ചേർത്തു നിർത്തിയ വേദിയിൽ ആദരിക്കപ്പെട്ടത് ഇന്ത്യൻ അത്‍‌ലറ്റിക്സ് ടീം മുഖ്യ പരിശീലകൻ പി.രാധാകൃഷ്ണൻ നായർ, ഗെയിംസിലെ ജംപ് ഇനങ്ങളിൽ പരിശീലകനായിരുന്ന എസ്.മുരളി, വെയ്റ്റ് ലിഫ്റ്റിങ് ദേശീയ പരിശീലകൻ എ.പി.ദത്തൻ എന്നിവർ. താരങ്ങൾക്കും പരിശീലകർക്കും മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു സ്വർണപ്പതക്കം സമ്മാനിച്ചു.  മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, സീനിയർ സബ് എഡിറ്റർ അജയ് ബെൻ എന്നിവർ പ്രസംഗിച്ചു. മുൻകാല കായിക താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര സമർപ്പണം.  

കാലം മാറിയെങ്കിലും ട്രാക്ക് മാറിയിട്ടില്ല! 

കൊച്ചി ∙ സ്നേഹവും സൗഹൃദവും പങ്കുവച്ച്, മധുരം നുകർന്ന്, സെൽഫികളിൽ നിറഞ്ഞു ചിരിച്ച് ഒരു സായാഹ്നം. കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളായ മലയാളി താരങ്ങളെയും പരിശീലകരെയും ആദരിക്കാൻ മലയാള മനോരമ ഒരുക്കിയ വേദി രാജ്യത്തിന്റെ കായിക ചരിത്രത്തിൽ ഇടം നേടിയ മുൻകാല താരങ്ങളുടെ സ്നേഹ സംഗമം കൂടിയായി മാറി. 

ദ്രോണാചാര്യ ജേതാവായ അത്‌ലറ്റിക്സ് പരിശീലകൻ ടി.പി.ഔസേഫ്, ഒളിംപ്യൻ കെ.എം.ബിനു, മുൻ രാജ്യാന്തര അത്‌ലീറ്റ് സിനി ജോസ്, മുൻ രാജ്യാന്തര വോളിബോൾ താരങ്ങളായ മൊയ്തീൻ നൈന, എസ്.എ.മധു, ടോം ജോസഫ്, മുൻ ഫുട്ബോൾ താരങ്ങളായ ടി.എ.ജാഫർ, സി.സി.ജേക്കബ്,എം.എം.ജേക്കബ്,  കെ.എ.ആൻസൻ, മുൻ രാജ്യാന്തര ബാസ്കറ്റ്ബോൾ താരം സുഭാഷ് ഷേണായ്,  മുൻ രഞ്ജി ക്രിക്കറ്റ് താരവും പരിശീലകനുമായ പി.ബാലചന്ദ്രൻ... മൾട്ടി സ്പോർട്ട് അരീന പോലെയായിരുന്നു പുരസ്കാരച്ചടങ്ങ്. 

ഇന്ത്യൻ ക്യാംപിൽ ഒരേ മുറി പങ്കുവച്ച പഴയ കാലം മൊയ്തീൻ നൈനയും എസ്.എ.മധുവും പങ്കുവച്ചപ്പോൾ അന്നത്തെ കുസൃതികളും വിശേഷങ്ങളും കൂടി വാക്കുകളിൽ നിറഞ്ഞു. ‘ഇവരൊക്കെ വോളിബോളിൽ അന്നത്തെ ലെജൻഡ്സ് ആയിരുന്നു. മുന്നിൽ പോകാൻ പോലും പേടിയായിരുന്നു’– ലോങ്ജംപ് താരം എം.ശ്രീശങ്കറിന്റെ അമ്മയും മുൻ അത്‌ലീറ്റുമായ കെ.എസ്. ബിജിമോളുടെ വാക്കുകൾ സൃഷ്ടിച്ചതു പൊട്ടിച്ചിരികൾ. അക്കാലത്തു ക്യാംപിൽ ഊർജം പകരുന്ന സാന്നിധ്യമായിരുന്നു ശ്രീശങ്കറിന്റെ അച്ഛൻ എസ്. മുരളിയെന്ന് ഓർത്തെടുത്തതു മധു.

‘10 പ്രതീക്ഷിച്ചു; 8 മെഡൽ കിട്ടി’ 

കൊച്ചി ∙ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ കായിക താരങ്ങൾക്കൊപ്പം പരിശീലകരെ കൂടി ആദരിച്ചതു ശ്രദ്ധേയമായ കാര്യമാണെന്നു ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ മുഖ്യ പരിശീലകൻ പി. രാധാകൃഷ്ണൻ നായർ പറഞ്ഞു. മത്സരമെല്ലാം കഴിഞ്ഞാൽ സാധാരണ പരിശീലകരെ എല്ലാവരും വിസ്മരിക്കാറാണു പതിവ്. ഒളിംപിക്സിനു ശേഷം സംസ്ഥാന സർക്കാർ കായിക താരങ്ങളെ ആദരിച്ചപ്പോഴും പരിശീലകരെ ആരും ഓർത്തില്ല.

കോമൺവെൽത്ത് ഗെയിംസിൽ 10 മെഡൽ നമുക്ക് ഉറപ്പായിരുന്നു. എന്നാൽ ഡിസ്കസ് ത്രോയിൽ പ്രതീക്ഷിച്ച 2 മെഡലുകൾ കിട്ടിയില്ല. അതുകൊണ്ടാണു മെഡലുകൾ എട്ടായി കുറഞ്ഞത്. നമ്മുടെ  താരങ്ങളുടെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. ടോക്കിയോ ഒളിംപിക്സിൽ  നീരജ് ചോപ്രയുടെ സ്വർണനേട്ടം അതിനു പ്രചോദനമായിട്ടുണ്ടാകാമെന്നും രാധാകൃഷ്ണൻ നായർ പറഞ്ഞു.

 

Content Highlight: Malayala Manorama honours CWG 2022 medal winners

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}