ADVERTISEMENT

ടോക്കിയോ ∙ ഏതു ലക്ഷ്യത്തോടും ‘യെസ്’ പറഞ്ഞാണ് എച്ച്.എസ്.പ്രണോയിക്കു ശീലം. ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പ്രണോയിയുടെ ‘യെസിനു’ മുന്നിൽ ഇത്തവണ മറുപടിയില്ലാതെ പോയത് ഇന്ത്യൻ ടീമിലെ കൂട്ടുകാരൻ ലക്ഷ്യ സെന്നിനു തന്നെ. ആദ്യ ഗെയിം നേടിയ ലക്ഷ്യയ്ക്കെതിരെ തിരിച്ചടിച്ചു ജയിച്ച് പ്രണോയ് ക്വാർട്ടറിൽ കടന്നു. ഒന്നേകാൽ മണിക്കൂർ നീണ്ട പോരാട്ടത്തിന്റെ സ്കോർ ഇങ്ങനെ: 17–21, 21–16, 21–17. 

കഴിഞ്ഞ റൗണ്ടിൽ മുൻ ലോക ചാംപ്യനും രണ്ടാം സീഡുമായ കെന്റോ മൊമോട്ടയെ പ്രണോയ് തോൽപിച്ചിരുന്നു. പുരുഷ ഡബിൾസിൽ മലയാളി താരം എം.ആർ.അർജുൻ–ധ്രുവ് കപില സഖ്യവും സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യവും അവസാന എട്ടിലെത്തി. വനിതാ സിംഗിൾസിൽ സൈന നെഹ്‌വാൾ പുറത്തായി. 

കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ ഇരുപത്തൊന്നുകാരൻ ലക്ഷ്യയ്ക്കെതിരെ പതർച്ചയോടെയാണ് പ്രണോയ് തുടങ്ങിയത്. പ്രണോയിയുടെ പിഴവുകൾ മുതലെടുത്ത് ഇടവേളയിൽ 11–8നു മുന്നിലെത്തിയ ലക്ഷ്യയ്ക്ക് ആദ്യ ഗെയിമിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. രണ്ടാം ഗെയിമിന്റെ ഇടവേളയിലും 11–10നു ലക്ഷ്യയായിരുന്നു മുന്നിൽ. എന്നാൽ പിന്നീടു വർധിതവീര്യത്തോടെ കുതിച്ച പ്രണോയ് 14–1നു ലീഡും 21–16നു ഗെയിമും സ്വന്തമാക്കി. ഒപ്പത്തിനൊപ്പം മുന്നേറിത്തുടങ്ങിയ മൂന്നാം ഗെയിമിന്റെ ഇടവേളയിൽ പ്രണോയ് 11–8നു മുന്നിൽ. ആ നിർണായക ലീഡ് പ്രണോയ് പിന്നെ കൈവിട്ടില്ല. കഴിഞ്ഞ വർഷത്തെ വെങ്കല മെഡൽ ജേതാവു കൂടിയായ ലക്ഷ്യയ്ക്കെതിരെ 4 മത്സരങ്ങളിൽ പ്രണോയിയുടെ രണ്ടാം ജയമാണിത്. ചൈനീസ് താരം ഷാവോ ജുൻ പെങ്ങാണ് ക്വാർട്ടറിൽ പ്രണോയിയുടെ എതിരാളി. 

പുരുഷ ഡബിൾസിൽ സിംഗപ്പുർ ടീമായ ടെറി ഹീ–ലോ കീൻ ഹിൻ എന്നിവർക്കെതിരെ ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ ആദ്യ ഗെയിം നഷ്ടമായ ശേഷം തിരിച്ചടിച്ചാണ് അർജുൻ–ധ്രുവ് സഖ്യത്തിന്റെയും ജയം (18–21, 21–15, 21–16). ഡ‍ാനിഷ് സഖ്യമായ ജെപ്പ ബേ–ലാസെ മോൽഹെദെ എന്നിവർക്കെതിരെ 35 മിനിറ്റിൽ അനായാസമായിരുന്നു സാത്വിക്–ചിരാഗ് കൂട്ടുകെട്ടിന്റെ ജയം (21–12, 21–10). ഇന്തൊനീഷ്യയുടെ മൂന്നാം സീഡ് സഖ്യം മുഹമ്മദ് അഹ്സാനും ഹെന്ദ്ര സെത്തിയവനുമാണ് അടുത്ത റൗണ്ടിൽ അർജുനും കപിലയ്ക്കും എതിരാളികൾ. സാത്വിക്–ചിരാഗ് കൂട്ടുകെട്ട് ജപ്പാന്റെ രണ്ടാം സീഡ് സഖ്യം തകുരോ ഹോകിയെയും യുഗോ കൊബയാഷിയെയും നേരിടും. 

വനിതാ സിംഗിൾസ് പ്രീ ക്വാർട്ടറിൽ തായ്‌ലൻഡ് താരം ബുസാനാൻ ഒങ്ബാംറുങ്ഫാനാണ് സൈനയെ തോൽപിച്ചത് (17–21, 21–16, 13–21). രണ്ടാം ഗെയിം നേടി മുപ്പത്തിരണ്ടുകാരി സൈന തിരിച്ചുവരവിന്റെ സൂചന കാണിച്ചെങ്കിലും മൂന്നാം സെറ്റിൽ ആ മികവു തുടരാനായില്ല. തുടർച്ചയായ 5–ാം മത്സരത്തിലാണ് ബുസാനാൻ സൈനയ്ക്കെതിരെ ജയിക്കുന്നത്. അതിനു മുൻപുള്ള 3 മത്സരങ്ങളിൽ വിജയം സൈനയ്ക്കായിരുന്നു.

English Summary: BWF Badminton World Championship Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com