ന്യൂഡൽഹി ∙ മുൻ ഇന്ത്യൻ ക്യാപ്റ്റനും ഒളിംപ്യനുമായ ദിലീപ് ടിർക്കി ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നിനാണു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ എതിരാളികൾ പിൻമാറിയതോടെയാണു മുൻ രാജ്യസഭാംഗം കൂടിയായ ദിലീപ് ടിർക്കി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള 12 സ്ഥാനങ്ങളിലേക്കും മത്സരമുണ്ടായില്ല. ഇതോടെയാണു ഫലം നേരത്തേ പ്രഖ്യാപിച്ചത്.
കേരള ഹോക്കി പ്രസിഡന്റും കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റുമായ വി. സുനിൽകുമാർ ഹോക്കി ഇന്ത്യ എക്സിക്യുട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജാർഖണ്ഡ് ഹോക്കി പ്രസിഡന്റും മുൻ ദേശീയ ഗുസ്തി താരവുമായ ഭോലാ നാഥ് സിങാണു സെക്രട്ടറി ജനറൽ. യുപി ഹോക്കി പ്രസിഡന്റ് രാകേഷ് കട്യാൽ, ഭോലാ നാഥ് എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ പത്രിക നൽകിയിരുന്നു. ഇരുവരും ഇന്നലെ പത്രിക പിൻവലിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിനു രാജ്യാന്തര ഹോക്കി ഫെഡറേഷൻ അംഗീകാരം നൽകിയിട്ടുണ്ട്. ഇതോടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനു(എഐഎഫ്എഫ്) പിന്നാലെ ഹോക്കി അസോസിയേഷന്റെ ഭരണതലപ്പത്തും മുൻ കായിക താരമെത്തി.
English Summary: Dilip Tirkey becomes first player-president of Hockey India