ADVERTISEMENT

കടലിൽ നിന്നു പൊന്നുവാരുന്നയാളാണ് വിദ്യയുടെ അച്ഛൻ; വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി. ആ അച്ഛന്റെ മകളിതാ കരയിൽനിന്നു പൊന്നുവാരുന്നു. ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിന്റെ സ്വർണവേട്ടയ്ക്കു തുടക്കമിട്ടതു സ്കേറ്റ് ബോർഡിങ്, റോളർ സ്കേറ്റിങ് താരങ്ങളായ വിദ്യാ ദാസും (14 വയസ്സ്) അഭിജിത്ത് അമൽ രാജുമാണ് (21). ഇവർ നേടിയ 2 സ്വർണമടക്കം ദേശീയ ഗെയിംസിൽ കേരളം ഇന്നലെ സ്വന്തമാക്കിയത് 5 മെഡലുകൾ. ട്രിപ്പിൾ ജംപിൽ എ.ബി. അരുണിന്റെ വെള്ളിയും ഫെൻസിങ്ങിൽ ജോസ്ന ക്രിസ്റ്റി ജോസും സ്കേറ്റ്ബോർഡിങ്ങിൽ എസ്. വിനീഷും നേടിയ വെങ്കലങ്ങളും കൂടിച്ചേരുമ്പോൾ 5 മെഡലുകളുമായി കേരളത്തിനു നല്ല ദിനം. ദേശീയ ഗെയിംസിൽ പുതുതായി ഉൾപ്പെടുത്തിയതാണ് സ്കേറ്റിങ് സ്പോർട്സ് ഇനങ്ങൾ.

അത്‍ലറ്റിക്സിലെ മെഡൽവേട്ട പ്രതീക്ഷിച്ചു കാത്തിരുന്നവർ ഒറ്റ വെള്ളിയിൽ തൃപ്തരാകേണ്ടി വന്നെങ്കിലും വിദ്യയും അഭിജിത്തും കേരളത്തിനു സമ്മാനിച്ചത് അഭിമാന നേട്ടം. തിരുവനന്തപുരം വിഴിഞ്ഞം ആനക്കുഴിപ്പുരയിടം യേശുദാസൻ, റാണി ദമ്പതികളുടെ മകളാണു വിദ്യ. വെങ്ങാനൂർ ഗേൾസ് എച്ച്എസ്എസിലെ 9–ാം ക്ലാസ് വിദ്യാർഥി. 5 വർഷം മുൻപുവരെ സ്കേറ്റ്ബോർഡിങ് എന്ന പേരു പോലും വിദ്യ കേട്ടിരുന്നില്ല. എസ്ഐഎസ്പി എന്ന സന്നദ്ധസംഘടനയുടെ വൊളന്റിയർമാരാണു വിദ്യയ്ക്കു സ്കേറ്റ്ബോർഡ് സമ്മാനിച്ചതും കോവളം സ്കേറ്റ് ക്ലബ്ബിൽ പരിശീലനം നൽകിയതും. വിഴിഞ്ഞം ഒസാവിള കോളനിയിലെ സ്റ്റീഫൻസൺ – വിമല ദമ്പതികളുടെ മകൻ വിനീഷിന്റെ (15) കഥയും വ്യത്യസ്തമല്ല. മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച വിനീഷിനും സ്കേറ്റിങ് പരിശീലനം ലഭിച്ചത് ഇങ്ങനെ തന്നെ. വിഴിഞ്ഞം സെന്റ് മേരീസ് എച്ച്എസ്എസിലെ 10–ാം ക്ലാസ് വിദ്യാർഥിയാണ്.

abhijit
പുരുഷൻമാരുടെ ആർട്ടിസ്റ്റിക് ഫ്രീ സ്കേറ്റിങ്ങിൽ സ്വർണം നേടിയ അഭിജിത്ത് അമൽരാജ്. ചിത്രം: മനോരമ

ആൺകുട്ടികളുടെ ആർട്ടിസ്റ്റിക് ഫ്രീ സ്കേറ്റിങ്ങിൽ സ്വർണം ലഭിച്ച അഭിജിത്തിന്റെ കഥ വ്യത്യസ്തമാണ്. 8 വർഷമായി ഈയിനത്തിൽ ദേശീയ ചാംപ്യനാണ് പത്തനംതിട്ട പ്രമാടം ‘അഭിനന്ദന’ത്തിൽ ബിജുരാജൻ – സുജ ദമ്പതികളുടെ മകനായ അഭിജിത്ത് (21). ഇറ്റലിയിലെ റോമിൽ പരിശീലനം നേട‍ിയ അഭിജിത്ത് ജൂനിയർ വിഭാഗത്തിലെ ലോക ചാംപ്യൻ കൂടിയാണ്. 

ട്രിപ്പിൾ ജംപിൽ 16:07 മീറ്റർ താണ്ടിയാണ് എ.ബി. അരുണിന്റെ വെള്ളി നേട്ടം. തിരുവനന്തപുരം കാഞ്ഞിരംകുളം കാട്ടുപ്ലാവുങ്ങൽ പുത്തൻവീട്ടിൽ അംബികുമാറിന്റെയും ബിന്ദുവിന്റെയും മകനാണ്. ഫെൻസിങ്ങിൽ ദേശീയ ചാംപ്യൻ ഭവാനി ദേവിയോടു സെമിയിൽ തോറ്റാണ് ജോസ്ന ക്രിസ്റ്റി ജോസിനു വെങ്കലത്തിൽ തൃപ്തിപ്പെടേണ്ടി വന്നത്. വയനാട് സ്വദേശിനിയായ ജോസ്ന, കണ്ണൂർ എസ്പി ഓഫിസിൽ ക്ലാർക്ക് ആണ്.

meera
മീരാബായ്, ഭവാനി

മണിപ്പുർ പോരിൽ മീരാബായ്

ഗാന്ധിനഗർ ∙ വെയ്‌റ്റ്ലിഫ്റ്റിങ്ങിൽ കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ മീരാബായ് ചാനുവിന് ദേശീയ ഗെയിംസിലും സ്വർണത്തിളക്കം. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മണിപ്പുരിനായി മത്സരിച്ച ചാനു 191 കിലോഗ്രാം ഭാരമുയർത്തി. വെള്ളി നേടിയ മണിപ്പുരിന്റെ സഞ്ജിത ചാനു (187) മത്സരത്തിൽ മീരാബായിക്ക് കടുത്ത വെല്ലുവിളിയുയർത്തി. കൈക്കുഴയ്ക്കേറ്റ പരുക്കിനെയും അവഗണിച്ചാണ് താൻ മത്സരിച്ചതെന്ന് മത്സരശേഷം മീരാബായ് പറഞ്ഞു. 

ഭവാനി ദേവിക്ക് ഹാട്രിക് സ്വർണം

ദേശീയ ഗെയിംസ് ഫെൻസിങ്ങിൽ തമിഴ്നാടിന്റെ ഭവാനി ദേവിക്ക് ഹാട്രിക് സ്വർണം. വനിതകളുടെ സാബ്‌റെ വിഭാഗത്തിൽ  തുടർച്ചയായ മൂന്നാം ദേശീയ ഗെയിംസിലാണ് ഭവാനി ജേതാവാകുന്നത്. കഴിഞ്ഞമാസം ലണ്ടനിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് ഫെൻസിങ്ങിൽ സ്വർണം നേടി  ഭവാനി ചരിത്രം കുറിച്ചിരുന്നു. 

josna
മെഡൽ ജേതാക്കൾ: എ.ബി. അരുൺ (വെള്ളി, ട്രിപ്പിൾ ജംപ്) ജോസ്ന ക്രിസ്റ്റി ജോസ് (വെങ്കലം, ഫെൻ‌സിങ്) എസ്.വിനീഷ് (വെങ്കലം, സ്കേറ്റ് ബോർഡിങ്)

 

Content Highlights: National Games, Gold Medal, Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com