ADVERTISEMENT

ഗാന്ധിനഗർ ∙ ശരീരഭാരം 48 കിലോയിൽ കവിയാറില്ലാത്ത അശ്വതിക്ക് കഴിഞ്ഞ വർഷം 80 കിലോയ്ക്കടുത്തായിരുന്നു തൂക്കം. കുഞ്ഞു ജനിച്ച ശേഷമുള്ള ശാരീരിക മാറ്റമായിരുന്നു കാരണം. 

ശരീരഭാരം കുറച്ച് മത്സരവേദിയിലേക്കു തിരിച്ചെത്താനായി അശ്വതി ആദ്യം പോയത് ജിംനേഷ്യത്തിലേക്കാണ്. പിന്നെ തന്റെ മത്സരയിനമായ ജൂഡോയിലേക്കും. 9 കിലോ ഭാരം കുറച്ച് 71 ൽ എത്തി. ദിവസവും 3 നേരം പരിശീലനവും തുടർന്നു. ഒടുവിലിതാ, ദേശീയ ഗെയിംസിൽ കേരളത്തിന് ജൂഡോയിൽ ആദ്യ സ്വർണം സമ്മാനിച്ച വനിതയായി തലയ‍ുയർത്തിപ്പിടിച്ചു നിൽക്കുന്നു ഈ തൃശൂർക്കാരി. 

7 വർഷം മുൻപു കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ 48 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ താരമാണ് തൃശൂർ പാണഞ്ചേരി പാണ്ടാരിയിൽ അശ്വതി (27). സീനിയർ നാഷനൽ ചാംപ്യൻപട്ടം അടക്കം നാൽപതോളം ദേശീയ മെഡലുകൾ നേടി. 4 വർഷം മുൻപായിരുന്നു വിവാഹം. രാജ്യാന്തര ജൂഡോ താരമായ അശ്വിനെയാണു വിവാഹം കഴിച്ചത്. മകൾ യക്ഷിക (3) പിറന്നതിനു ശേഷം ഒന്നര വർഷത്തോളം വിശ്രമം. ശേഷം ഉജ്വലമായ തിരിച്ചുവരവ്. 

 കുഞ്ഞുറങ്ങാൻ കൂട്ടാക്കാതെ കരയുന്ന രാത്രികളിൽ ഉറക്കം വെടിഞ്ഞ ശേഷവും പിറ്റേന്നു രാവിലെ മുടങ്ങാതെ പരിശീലനത്തിനെത്തി. കഴിഞ്ഞ ഒന്നരമാസം കഠിന പരിശീലനത്തിന്റെ നാളുകൾ. ഒടുവിൽ ആശിച്ച സ്വർണം അശ്വതിയെ തേടിയെത്തി. അമ്മ സ്വർണം നേടുന്നത് യക്ഷിക വിഡിയോ കോളിലൂടെ തൽസമയം കണ്ടിരുന്നു. മത്സരവേദിയിൽ നിന്നു താഴെയിറങ്ങിയ ശേഷം അശ്വതി ഫോണിലൂടെ മകൾക്കു നൽകി, പൊന്നിന്റെ വിലയുള്ളൊരുമ്മ.

 

Content Highlight: PR Aswathy bags gold in Judo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com