ന്യൂഡൽഹി ∙ കാഴ്ചപരിമിതിയുള്ളവരുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 5 മുതൽ 17 വരെ നടക്കും. കൊച്ചി, മുംബൈ, ഇൻഡോർ തുടങ്ങിയ വേദികളിലായി നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാൻ ഉൾപ്പെടെ 7 രാജ്യങ്ങൾ പങ്കെടുക്കും. ഓസ്ട്രേലിയ, ബംഗ്ലദേശ്, നേപ്പാൾ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യ, പാക്ക് ടീമുകൾക്കൊപ്പം മത്സരത്തിനുണ്ട്. 5നു ഗുരുഗ്രാമിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി മത്സരം ഉദ്ഘാടനം ചെയ്യും. മത്സരത്തിന്റെ ബ്രാൻഡ് അംബാസഡറും മുൻ ഇന്ത്യൻതാരവുമായ യുവരാജ് സിങ് മുഖ്യാതിഥിയായിരിക്കും.
7നു ഡൽഹി സിരിഫോർട്ട് സ്പോർട്സ് കോംപ്ലക്സിലെ ഗ്രൗണ്ടിലാണ് ഇന്ത്യ–പാക്ക് മത്സരം നടക്കുക. 11നു കൊച്ചി കളമശേരി സെന്റ് പോൾസ് കോളജ് ഗ്രൗണ്ടിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. 15നു സെമിഫൈനൽ മത്സരങ്ങൾ. 17നു ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണു ഫൈനൽ. പാക്കിസ്ഥാൻ ടീം എത്തുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്നും ടീം എത്തുമെന്നാണു പ്രതീക്ഷയെന്നും ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ് ബ്ലൈൻഡ് ഇൻ ഇന്ത്യ പ്രസിഡന്റ് ഡോ. ജി.കെ. മഹന്തേഷ് പറഞ്ഞു.
English Summary : Kochi one of venues of T20 World Cup for Blind