ADVERTISEMENT

മുംബൈ മാരത്തണിൽ ഇന്ത്യൻ വിഭാഗത്തിൽ ഒന്നാമതെത്തിയ വയനാട് സ്വദേശി ടി.ഗോപിക്കു സമ്മാനമായി ലഭിച്ചത് 5 ലക്ഷം രൂപയാണ്. പക്ഷേ, എത്ര ലക്ഷങ്ങൾ കൊടുത്താലും വാങ്ങാൻ കിട്ടാത്ത ആത്മവിശ്വാസമാണ് ഈ 42.2 കിലോമീറ്റർ ഓട്ടം തനിക്കു സമ്മാനിച്ചതെന്നു മുപ്പത്തിനാലുകാരനായ ഗോപി പറയുന്നു. 3 വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള ആദ്യ മത്സരത്തിൽത്തന്നെ ജേതാവായത് മാനസികമായി തനിക്കു നൽകുന്ന കരുത്ത് വലുതാണെന്നു കരസേനയി‍ൽ ഉദ്യോഗസ്ഥനായ ഗോപി പറയുന്നു.

3 വർഷം എവിടെയായിരുന്നു

2019ലെ ദോഹ ലോക ചാംപ്യൻഷിപ്പിനു ശേഷം കാൽമുട്ടിനു പരുക്കേറ്റു. പിന്നീടു ശസ്ത്രക്രിയ. കോവിഡ് കാലത്ത് ചികിത്സയും തിരിച്ചുവരവും വലിയ പ്രശ്‌നമായിരുന്നു. പ്രയാസപ്പെട്ടാണു ഫിറ്റ്‌നസ് വീണ്ടെടുത്തത്. ഞായറാഴ്ച മത്സരത്തിനിടെ പേശീവലിവ് അനുഭവപ്പെട്ടിരുന്നു. മുംബൈ തീരത്തെ ചൂടുകാറ്റും പ്രശ്‌നമുണ്ടാക്കിയെങ്കിലും ഓടിക്കയറാനായി.

മുംബൈ ഭാഗ്യവേദിയാണല്ലേ

അതെ. റിയോ ഒളിംപിക്‌സിനു (2016) ഞാൻ യോഗ്യത നേടിയതു മുംബൈ മാരത്തണിലാണ്. ഇതുവരെ 4 തവണ ഞാൻ മുംബൈയിൽ മാരത്തൺ ഓടി. ഇന്ത്യൻ വിഭാഗത്തിൽ 2 തവണ ചാംപ്യനായി. 2 തവണ വെള്ളിയും നേടി.

ഏഷ്യൻ ഗെയിംസ്, ഒളിംപിക്‌ യോഗ്യതകൾ അകലെയാണോ

2 മണിക്കൂർ 16.41 മിനിറ്റിലായിരുന്നു ഞായറാഴ്ച എന്റെ ഫിനിഷ്. ഏഷ്യൻ ഗെയിംസ് യോഗ്യതാ മാർക്ക് 2 മണിക്കൂർ 15 മിനിറ്റാണ്. സോൾ മാരത്തണിൽ എൻട്രി കിട്ടിയാൽ യോഗ്യത ഉറപ്പിക്കാമെന്നാണു പ്രതീക്ഷ (വിക്കിപീഡിയ പറയുന്നതുപോലെ എന്റെ ഏറ്റവും മികച്ച മാരത്തൺ സമയം റിയോയിൽ അല്ല; സോളിലാണ്). എൻട്രി ലഭിച്ചില്ലെങ്കിൽ ഡൽഹി മാരത്തണിൽ ഇറങ്ങി യോഗ്യത ഉറപ്പിക്കും. പാരിസ് ഒളിംപിക്‌സിന് ഇനിയും സമയമുണ്ടല്ലോ. അതിനു മുൻപു റാങ്കിങ് മെച്ചപ്പെടുത്താനാണു ശ്രമം.

പരിശീലനം എങ്ങനെയാണ്

ഇപ്പോൾ ബെംഗളൂരുവിലാണ്. 2018 മുതൽ ഞാൻ ഒറ്റയ്ക്കാണു പരിശീലനം. ഇപ്പോൾ ദേശീയ ക്യാംപിലുമില്ല. കോച്ചില്ലാത്തതിനാൽ പ്രയാസം തോന്നിയിട്ടില്ല. പുതിയ കാര്യങ്ങൾക്കായി ഓൺലൈനിൽ തിരയും. എന്തു സഹായത്തിനും കരസേന ഒപ്പമുണ്ട്. ഭാര്യ വിനോദിനിയും മകൻ ഒന്നരവയസ്സുള്ള റിഹാനും എന്റെ വീട്ടുകാരും നൽകുന്ന പിന്തുണയും വലുതാണ്.

English Summary: T Gopi Winner of the Mumbai Marathon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com