റഫറിമാരെ ഭീഷണിപ്പെടുത്തി, പിറന്നാളിന് സ്കൂട്ടര്‍ സമ്മാനം; ശക്തിശാലി ബ്രിജ് ഭൂഷൺ സിങ്

ബ്രിജ്ഭൂഷൺ സിങ്
ബ്രിജ്ഭൂഷൺ സിങ്
SHARE

ന്യൂഡൽഹി ∙ ആദ്യം ഗോദയിലും പിന്നെ രാഷ്ട്രീയത്തിലും ‘ശക്തിശാലി’ വിളിപ്പേരും പരിവേഷവും കിട്ടിയ ആളാണ് അറുപത്തിയാറുകാരൻ ബ്രിജ് ഭൂഷൺ ശരൺ സിങ്. രാജ്യാന്തര താരങ്ങളുയർത്തിയ ആരോപണങ്ങളുടെ കൊടുങ്കാറ്റിലും ഇളകാതെ നിൽക്കുന്നതിനു പിന്നിൽ പാർട്ടിക്കും മുകളിൽ ബ്രിജ് ഭൂഷൺ ഉയർത്തിയ ‘സാമ്രാജ്യത്തിന്റെ’ ശക്തിയുണ്ട്. ജന്മദേശമായ ഉത്തർപ്രദേശിലെ ഗോണ്ടയിലും സമീപത്തെ 6 ജില്ലകളിലും വലിയ സ്വാധീനമുള്ള നേതാവാണ്. പാർട്ടിക്കും പിണക്കാൻ കഴിയാത്ത സ്ഥിതി.

ഗുസ്തിയിൽ വലിയ നേട്ടങ്ങൾ കൊയ്തില്ലെങ്കിലും കുട്ടിക്കാലം മുതൽ അതു കൂടെയുണ്ട്. ചെറുപ്പകാലത്ത് സ്കൂട്ടർ മോഷ്ടാവായിരുന്നെന്നും മദ്യവിൽപനക്കാരനായിരുന്നെന്നും ആക്ഷേപിക്കുന്നവരുണ്ട്. നിയമ ബിരുദം നേടിയിട്ടുള്ള അദ്ദേഹം, ഒരു വ്യാഴവട്ടത്തോളമായി ദേശീയ ഗുസ്തി ഫെഡറേഷന്റെ തലപ്പത്തിരിക്കുന്നതു രാഷ്ട്രീയ മെയ്‌വഴക്കം കൊണ്ടു മാത്രം. അയോധ്യയിൽ ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളിൽ സജീവമായായിരുന്നു തുടക്കം. ബാബ്റി മസ്‍ജിദ് തകർത്ത കേസിൽ പ്രതിയായിരുന്നു. 1991 മുതൽ ലോക്സഭാംഗമായ അദ്ദേഹം ഒരു ഘട്ടത്തിൽ സമാജ്‍വാദി പാർട്ടിയിലേക്കു കൂടുമാറിയിരുന്നു. പിന്നീടു തിരിച്ചുവന്നു.

നേരത്തേ, യുപിയിലും മറ്റും നടക്കുന്ന വലിയ ഗുസ്തിമത്സരങ്ങളിൽ റഫറിമാരെ ഭീഷണിപ്പെടുത്തിയും നിയമാവലി റഫറിമാരുടെ മുഖത്തേക്കു വലിച്ചെറിഞ്ഞും വാർത്തകൾ സൃഷ്ടിച്ചു. യുപിയിൽ അൻപതിലേറെ വിദ്യാഭ്യാസ, ബിസിനസ് സംരംഭങ്ങളിൽ പങ്കാളിയാണ്. ഭാര്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മകൻ എംഎൽഎയും. എല്ലാ വർഷവും പിറന്നാൾ ദിനമായ ജനുവരി എട്ടിന്, സ്വദേശമായ ഗോണ്ടയിലും സമീപപ്രദേശങ്ങളിലും പ്രത്യേക പരീക്ഷ നടത്തി വിജയിക്കുന്ന കുട്ടികൾക്ക് സൈക്കിളും സ്കൂട്ടിയും നൽകി സമ്മാനപ്പെരുമഴ തീർക്കും. ദിവസങ്ങൾക്ക് മുൻപ് ഇക്കുറിയും ഇതു നടന്നു.

English Summary: WFI chief Brij Bhushan Sharan Singh, Political career

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS