ബെംഗളൂരു ∙ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും ഉജ്വലമായി തിരിച്ചടിച്ച കാലിക്കറ്റ് ഹീറോസിന്റെ ആക്രമണ മികവിനു മുൻപിൽ മുംബൈ മുട്ടുമടക്കി. ലീഗിലെ പുതുമുഖങ്ങളായ മുംബൈ മെറ്റിയോസിനെ 4–1ന് തോൽപിച്ച കാലിക്കറ്റ്, പ്രൈം വോളിബോൾ രണ്ടാം സീസണിലെ തുടക്കം ഗംഭീരമാക്കി. സ്കോർ: 10–15, 15–9, 15–8, 15–14, 15–11. ഉജ്വല സ്മാഷുകളും ഡ്രോപുകളുമായി കളംനിറഞ്ഞ കാലിക്കറ്റിന്റെ ക്യൂബൻ താരം ജോസ് സാൻഡോവലാണ് പ്ലെയർ ഓഫ് ദ് മാച്ച്.
മലയാളി പരിശീലകൻ സണ്ണി ജോസഫിന്റെ ശിക്ഷണത്തിലെത്തിയ മുംബൈ മെറ്റിയോസ് കാലിക്കറ്റിനെ വിറപ്പിച്ചാണ് തുടങ്ങിയത്. ഹീറോസ് കോർട്ടിൽ നിലയുറപ്പിക്കുന്നതിന് മുൻപേ ആഞ്ഞടിച്ച മുംബൈ താരങ്ങൾ ആദ്യ സെറ്റ് സ്വന്തമാക്കി. സെറ്റ് കൈവിട്ടതോടെ കാലിക്കറ്റ് ഉണർന്നു. ക്യാപ്റ്റൻ മാറ്റ് ഹീലിങ്, ബ്ലോക്കർ സാൻഡോവൽ, സെറ്റർ മോഹൻ ഉക്രപാണ്ഡ്യൻ, അശ്വിൻ രാജ് എന്നിവർ ഫോമിലായി. രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കാൻ കേരള ടീമിന് അധികം വിയർപ്പൊഴുക്കേണ്ടി വന്നില്ല. മത്സരത്തിൽ ഏറ്റവും ആവേശം നിറഞ്ഞ നാലാം സെറ്റിന്റെ അവസാന നിമിഷം ഇരു ടീമുകളും 14–14 എന്ന നിലയിലായിരുന്നു. ഒടുവിൽ ഉജ്വല ഡ്രോപ്പിലൂടെ സെറ്റർ ഉക്രപാണ്ഡ്യൻ എതിർ കോർട്ടിൽ പന്തു പതിപ്പിച്ചതോടെ സെറ്റും മത്സരവും കാലിക്കറ്റ് ഹീറോസിന് സ്വന്തമായി. അവസാന സെറ്റിലും കാലിക്കറ്റ് ആധിപത്യം കാട്ടിയതോടെ വിജയ മാർജിൻ ഉയർന്നു.
English Summary: Prime volley ball Calicut Heroes win