ബെംഗളൂരു ∙ അതിവേഗ അറ്റാക്കുകളും മിന്നൽ ബ്ലോക്കുകളുമായി കളംനിറഞ്ഞ ഹൈദരാബാദ് ബ്ലാക്ഹോക്സിന് പ്രൈം വോളിബോൾ ലീഗിൽ വിജയത്തുടക്കം. ആദ്യ സെറ്റ് നഷ്ടമായശേഷം ഉജ്വലമായി തിരിച്ചടിച്ച ഹൈദരാബാദ് ടീം കഴിഞ്ഞ സീസണിലെ റണ്ണറപ്പായ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ 3–2ന് തോൽപിച്ചു. കഴിഞ്ഞ തവണ സെമിയിൽ തങ്ങളെ വീഴ്ത്തിയ അഹമ്മദാബാദിനോടുള്ള മധുര പ്രതികാരം കൂടിയായി ബ്ലാക് ഹോക്സിന്റെ ജയം. സ്കോർ: 13–15, 15–9, 15–4, 15–11, 10–15. ഹൈദരാബാദ് ക്യാപ്റ്റൻ ഗുരു പ്രശാന്താണ് പ്ലെയർ ഓഫ് ദ് മാച്ച്.
മുൻ ഇന്ത്യൻ താരം ടോം ജോസഫ് മുഖ്യ പരിശീലകനായ ഹൈദരാബാദ് ഇന്നലെ 6 മലയാളി താരങ്ങളെയാണ് കളത്തിലിറക്കിയത്. ആദ്യ സെറ്റ് അഹമ്മദാബാദ് പിടിച്ചെടുത്തു. സെറ്റിനിടെ മലയാളി താരം പി.ഹേമന്ദിനു പരുക്കേറ്റതും ഹൈദരാബാദിനു തിരിച്ചടിയായി.
എന്നാൽ ഓസ്ട്രേലിയൻ താരം ട്രെന്റ് ഒഡിയയുടെയും ക്യൂബൻ താരം ആൻഡ്രൂ സമോറിന്റെയും മിന്നലാക്രമണങ്ങളുടെ കരുത്തിൽ രണ്ടാം സെറ്റിൽ ഹൈദരാബാദ് കുതിച്ചുകയറി. ക്യാപ്റ്റൻ ഗുരുപ്രശാന്തും ഫോമിലായതോടെ അഹമ്മദാബാദിന്റെ പ്രതിരോധം ഉലഞ്ഞു. മൂന്നാം സെറ്റിൽ 11–11, 14–14 എന്നിങ്ങനെ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും സെറ്റ് പിടിച്ചെടുക്കാൻ അഹമ്മദാബാദിനു കഴിഞ്ഞില്ല. നാലാം സെറ്റ് സ്വന്തമാക്കി ഹൈദരാബാദ് വിജയമുറപ്പിച്ചപ്പോൾ അഞ്ചാം സെറ്റ് പിടിച്ചെടുത്ത് അഹമ്മദാബാദ് തോൽവിയുടെ ഭാരം കുറച്ചു.
ബ്ലൂ സ്പൈക്കേഴ്സ് ഇന്നിറങ്ങും
പ്രൈം വോളിബോളിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ഇന്ന് ആദ്യ മത്സരം. ചെന്നൈ ബ്ലിറ്റ്സാണ് എതിരാളികൾ. വൈകിട്ട് ഏഴിനാണ് മത്സരം.
English Summary: Prime Volleyball: Hyderabad defeated Ahmedabad