ADVERTISEMENT

കൊച്ചി ∙ കേരളത്തോടു നിറഞ്ഞ സ്നേഹം, ഇന്ത്യയോട് ആദരവും കൃതജ്ഞതയും! മരതക ദ്വീപിന്റെ തെക്കൻ തീരദേശത്തു പിറന്ന് ലോക ക്രിക്കറ്റിന്റെ സൂര്യനായി ഉദിച്ചുയർന്ന സനത് ജയസൂര്യ ‘മനോരമ സ്പോർട്സ് അവാർഡ്’ വേദിയിൽ പങ്കുവച്ചത് ആ അനുഭവങ്ങൾ. ‘‘ കേരളത്തിൽ ഞാൻ മുൻപും വന്നിട്ടുണ്ട്. ശ്രീലങ്കയുടെ സംസ്കാരവുമായി വലിയ സാമ്യമുണ്ട്, കേരളീയ സംസ്കാരത്തിന്. അതുകൊണ്ടു തന്നെ ലങ്കൻ ജനത കേരളം സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു; കേരളീയർ ശ്രീലങ്കയും. ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരളം ലങ്ക പോലെ തന്നെയാണ്! കേരളത്തിന്റെ പച്ചപ്പ്, കടലോരങ്ങൾ, ഊഷ്മളമായി പെരുമാറുന്ന ജനങ്ങൾ... ഭക്ഷണവും ഏറക്കുറെ സമാനം. എങ്കിലും, ചിലപ്പോൾ കേരളത്തിലെ രുചികളോട് എനിക്കു കൂടുതൽ ഇഷ്ടം തോന്നും! – ജയസൂര്യ പറഞ്ഞു.

ഇന്ത്യയ്ക്കു നന്ദി

മറക്കാൻ കഴിയാത്തതു ലോകകപ്പുകൾ തന്നെ. പ്രത്യേകിച്ച് 1996 ൽ നടന്ന ഏകദിന ലോകകപ്പ്. ഞങ്ങൾ വിജയിച്ചു, ഞാൻ ടൂർണമെന്റിന്റെ താരവുമായി. അതിനു മുൻ‌പു രാജ്യാന്തര ക്രിക്കറ്റിൽ ഞങ്ങൾക്കു വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടെ ചില ടീമുകൾ കളിക്കാൻ വരും. ഞങ്ങൾ ഈ രാജ്യങ്ങളിലേക്കും പോകും. പക്ഷേ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് പോലുള്ള ടീമുകളുമായി കളിക്കാൻ അവസരങ്ങൾ തീർത്തും കുറവായിരുന്നു. പക്ഷേ, 1996 ൽ ലോകകപ്പ് ജയിച്ചതോടെ സ്ഥിതി മാറി. കൂടുതൽ ടീമുകളുമായി മത്സരങ്ങൾ ലഭിച്ചു തുടങ്ങി. ഞങ്ങൾ ലോകകപ്പ് ജയിക്കുമെന്ന് ആരും കരുതിയിരുന്നില്ല! ആ ലോകകപ്പ് ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ചേർന്നാണു സംഘടിപ്പിച്ചത്. പല ടീമുകളും ലങ്കയിൽ കളിക്കാൻ താൽപര്യം കാട്ടിയിരുന്നില്ല. ഇന്ത്യൻ ടീമാണ് ശ്രീലങ്കയിൽ കളിക്കാനും അവിടം സുരക്ഷിതമാണെന്നു ലോകത്തെ കാണിച്ചു കൊടുക്കാനും മുന്നോട്ടു വന്നത്. നന്ദി, ഇന്ത്യ!

സ്കൂളിൽനിന്ന് ടീമിലേക്ക്

ബാങ്കുകളിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണു ലങ്കൻ ജനത. ക്രിക്കറ്റ് താരങ്ങളെ ബാങ്കുകളും കമ്പനികളും നിയമിക്കുന്നതു പതിവ്. ഈ ടീമുകൾ തമ്മിൽ വാശിയേറിയ ക്രിക്കറ്റ് ടൂർണമെന്റുകൾ ധാരാളം. ഞാൻ വിരമിക്കുന്നതിനു മുൻപ് ഒരു ബാങ്ക് ടീമിനു വേണ്ടി കളിച്ചിരുന്നു. ലങ്കയിൽ വളരെ മികച്ച സ്കൂൾ ക്രിക്കറ്റ് സംവിധാനമുണ്ട്. പല കളിക്കാരും സ്കൂൾ ക്രിക്കറ്റിൽ നിന്നു  ദേശീയ ടീമിൽ എത്തിയിട്ടുണ്ട്. അരവിന്ദ ഡിസിൽവ, അർജുന രണതുംഗ, റോഷൻ മഹാനാമ, ഹർഷൻ തിലകരത്നെ... ഇവരൊക്കെ സ്കൂൾ ക്രിക്കറ്റിൽ നിന്നു ദേശീയതലത്തിലേക്കു വന്നവരാണ്!

English Summary : Kerala taste is favorite says Sanath Jayasuriya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com