ADVERTISEMENT

അഭിമാനത്തിന്റെ ഒലിവിലകൾ ചൂടിനിന്ന വേദി, മെഡലുകളുടെ ഔന്നത്യം പേറിവന്ന താരങ്ങൾ, ആശംസക്കുടുക്ക പൊട്ടിച്ചു വിതറിയ പ്രേക്ഷകർ, അവർക്കു മുന്നിലേക്കു സൂര്യതേജസ്സായി ഉദിച്ചുയർന്ന ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ.. ആരാധകർ കണ്ണും മനസ്സും നട്ടു കാത്തിരിക്കെ, വിശ്വപ്രസിദ്ധമായ തന്റെ പുൾഷോട്ടിന്റെ അനായാസതയോടെ കായിക കേരളത്തിന്റെ താരാധിപനെ ജയസൂര്യ പ്രഖ്യാപിച്ചു: ‘സഞ്ജു സാംസൺ..’

ഹോക്കി സൂപ്പർസ്റ്റാർ പി.ആർ. ശ്രീജേഷിനു പിന്നാലെ ഇത്തവണത്തെ മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരം സഞ്ജു നേടിയത് പുരസ്കാരമികവിന് അർഹിച്ച തുടർച്ചയായി. കോമൺവെൽത്ത് ഗെയിംസ‍ിൽ സ്വർണം നേടി രാജ്യത്തിന്റെ അഭിമാനമായ അത്‍ലീറ്റ് എൽദോസ് പോളിനു രണ്ടാം സ്ഥാന ഗരിമ. കോമൺവെൽത്തിൽ ഇരട്ട മെഡൽനേട‍ിയ ബാഡ്മിന്റൻ താരം ട്രീസ ജോളിക്കു മൂന്നാം സ്ഥാനത്തിളക്കവും. കാഴ്ചയിലും സംസ്കാരത്തിലും ശ്രീലങ്കയോടു സാമ്യമുള്ളതിനാൽ കേരളം സന്ദർശിക്കാൻ ഇഷ്ടമാണെന്ന ജയസൂര്യയുടെ വാക്കുകൾ മലയാളി ആരാധകർക്ക് ഇളനീർ മധുരമുള്ള അനുഭവമായി.

കളിക്കാൻ അമ്മ സമ്മതിക്കില്ല!

ലക്ഷണമൊത്ത ഓൾറൗണ്ടറായിരുന്ന സനത് ജയസൂര്യയുടെ കളി കാണാത്ത, രസിച്ച് ആസ്വദിക്കാത്ത മലയാളി ആരാധകർ അപൂർവമായിരിക്കുമെന്നതിനാൽ കാത്തിരിപ്പിന്റെ ഒത്തനടുവിലേക്കാണ് ജയസൂര്യ എത്തിയത്. ക്രിക്കറ്റിലേക്കു തിരിഞ്ഞതെങ്ങനെ എന്ന ചോദ്യത്തിനു മറുപടിയായി ജയസൂര്യ പങ്കുവച്ചത് രസകരമായ അനുഭവം.

‘കൊളംബോയിൽനിന്ന് 200 കിലോമീറ്ററോളം അകലെ മത്സ്യത്തൊഴിലാളികളുടെ ഗ്രാമത്തിലാണു ഞാൻ ജനിച്ചുവളർന്നത്. സ്കൂളിൽ ഞാൻ കളിക്കുന്നതു കണ്ട പ്രിൻസിപ്പൽ എന്നോടു ചോദിച്ചു: നീ എന്തുകൊണ്ടാണ് അണ്ടർ 11 ക്രിക്കറ്റ് ടീമിൽ ചേരാത്തത്? അമ്മ സമ്മതിക്കില്ലെന്നായിരുന്നു എന്റെ മറുപടി. അദ്ദേഹം എന്റെ അമ്മയോടു സംസാരിച്ചു. എന്റെ പഠനത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കാമെന്ന് പറഞ്ഞു. അങ്ങനെയാണു ‍ഞാൻ ക്രിക്കറ്റിലെത്തിയത്.’ ജയസ‍ൂര്യയുടെ വാക്കുകൾ സദസ്സ് കയ്യടിയോടെയാണു കേട്ടത്.

ക്രിക്കറ്റിൽ ഭാവി തേടുന്ന പുതുതലമുറയ്ക്കു ചില നിർദേശങ്ങളും ജയസൂര്യ പങ്കുവച്ചു.‘ക്രിക്കറ്റ് വളരെയധികം പ്രഫഷനൽ ആയി മാറി. മികവു തെളിയിക്കാനും അതു നിലനിർത്താനും നന്നായി പ്രാക്ടിസ് ചെയ്യണം, അതിലും നന്നായി അധ്വാനിക്കണം.’

താരാധിപൻ പിറക്കുന്നു

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ മത്സരിക്കുന്നതു ‘ജേതാക്കൾ’ ആയതിനാൽ ആരും തോൽക്കാത്ത മത്സരമായിരുന്നു മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിന്റെ ഫൈനൽ റൗണ്ട്. സനത് ജയസൂര്യയ്ക്കൊപ്പം മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ എന്നിവർ വേദിയിൽ. മലയാള മനോരമ എക്കാലവും കായിക മേഖലയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചതായി എഡിറ്റർ ഫിലിപ് മാത്യു പറഞ്ഞു. ചെറുതും വലുതുമായ ഒട്ടേറെ മത്സരങ്ങൾ സംഘടിപ്പിക്കുകയും താരങ്ങളെ ആദരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വൈകാതെ എല്ലാവരും കാത്തിരുന്ന നിമിഷമെത്തി. ആദ്യം പ്രഖ്യാപിച്ചത് രണ്ടാം സ്ഥാന ജേതാവിനെ. ചിറകെട്ടി നിർത്തിയ ആഹ്ലാദം പൊട്ടിയൊഴുകിയ നിമിഷത്തിൽ എൽദോസ് പോളിന്റെ രംഗപ്രവേശം.

ഒന്നാം സ്ഥാന ജേതാവിനെ പ്രഖ്യാപിക്കാനുള്ള ചുമതല ജയസൂര്യയ്ക്കായിരുന്നു. ‘എല്ലാവർക്കും പരിചിതമായ പേര്’ എന്ന മുഖവുരയോടെ ജയസൂര്യ സഞ്ജുവിന്റെ പേരു പ്രഖ്യാപിച്ചപ്പോൾ ആവേശത്തിന്റെ പൂത്തിരി. ഐപിഎൽ ഒരുക്കങ്ങൾക്കായി രാജസ്ഥാൻ റോയൽസിന്റെ ടീം ക്യാംപിലായിരുന്ന സഞ്ജുവിനു പകരം അമ്മ ലിജിയാണു പുരസ്കാരം ഏറ്റുവാങ്ങിയത്.

ജയ്പുരിൽ നിന്നു തൽസമയം പുരസ്കാര സമർപ്പണച്ചടങ്ങിൽ പങ്കുചേർന്ന സഞ്ജുവിന്റെ വാക്കുകളിങ്ങനെ: ‘വളരെ സന്തോഷമുണ്ട്. ട്രീസയ്ക്കും എൽദോയ്ക്കും എല്ലാ അഭിനന്ദനങ്ങളും. നമുക്ക് ഒന്നിച്ചു മുന്നോട്ടു പോകാം’. മൂന്നാംസ്ഥാനം നേടിയ ട്രീസ ജോളി സ്വിറ്റ്സർലൻഡിൽ ബാഡ്മിന്റൻ ടൂർണമെന്റിലായതിനാൽ അച്ഛനും കോച്ചുമായ ജോളി മാത്യു, അമ്മ ഡെയ്സി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

മനോരമ സ്പോർട്സ് ക്ലബ് 2022 പുരസ്കാര ജേതാക്കളായ തിരുവനന്തപുരം പൂവാർ എസ്ബി ഫുട്ബോൾ അക്കാദമി അംഗങ്ങൾ.

സൂപ്പർ സ്റ്റാർ ക്ലബ്ബുകൾ

കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്സ് ക്ലബ്ബിനെ കണ്ടെത്തുന്ന നിമിഷമായിരുന്നു പിന്നാലെ പിറന്നത്. തിരുവനന്തപുരം പൂവാർ എസ്ബി ഫുട്ബോൾ അക്കാദമിയാണ് ക്ലബ്ബുകളിലെ സൂപ്പർ സ്റ്റാർ പട്ടം നേടിയെടുത്തത്. 2–ാം സ്ഥാനം നേടിയ വാഴക്കുളം സെന്റ് ജോർജ് വോളി ക്ലബ് അംഗങ്ങളും മൂന്നാം സ്ഥാനം നേടിയ തൃശൂർ നാട്ടിക സ്പോർട്സ് അക്കാദമി അംഗങ്ങളും പുരസ്കാരങ്ങളുമായി ആവേശത്തിലലിഞ്ഞു. പിരിമുറുക്കത്തോടെ കാത്തിരുന്ന നിമിഷങ്ങൾക്ക് അന്ത്യമായപ്പോൾ താരങ്ങളും സദസ്യരുമെല്ലാം ആദ്യം തിരഞ്ഞത് സനത് ജയസൂര്യയെ. അദ്ദേഹത്തിനൊപ്പമൊരു സെൽഫി പകർത്താൻ ആവേശത്തോടെ ഒത്തുകൂടിയവരിൽ മുതിർന്ന താരങ്ങളും ഉൾപ്പെട്ടു. എല്ലാവർക്കുമൊപ്പം ചിത്രം പകർത്താൻ ക്ഷമയോടെ നിന്നുകൊടുത്ത ശേഷം എളിമ തെളിഞ്ഞ പുഞ്ചിരിയോടെ ജയസൂര്യയുടെ മടക്കം.

English Summary : Sanju Samson Manorama Sports Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com