ADVERTISEMENT

ന്യൂഡൽഹി ∙ ലോക സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യ 4 മെഡലുകൾ ഉറപ്പിച്ചു. ഇന്നലെ ക്വാർട്ടർ പോരാട്ടത്തിൽ  വിജയം നേടിയ നിതു ഗൻഖാസ്, നിഖാത് സരീൻ, സ്വീറ്റി ബുറ, ലവ്‌ലിന ബോർഗോഹെയ്ൻ എന്നിവർ സെമിയിൽ പ്രവേശിച്ചതോടെയാണ് ഇന്ത്യയ്ക്കു 4 മെഡലുകൾ ഉറപ്പായത്. 

ലോക ചാംപ്യൻഷിപ്പിൽ 2 തവണ വെങ്കലം നേടിയിട്ടുള്ള ജപ്പാൻ താരം മഡോക വാഡയെ വീഴ്ത്തിയാണ് 48 കിലോ വിഭാഗത്തിൽ നിതു സെമിയിൽ കടന്നത്. ഇരുപത്തിരണ്ടുകാരി നിതുവിന്റെ ശക്തിയേറിയ പഞ്ചുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ മത്സരത്തിന്റെ ഒരു ഘട്ടത്തിലും ജപ്പാൻ താരത്തിനു സാധിച്ചില്ല. ഇടിയിൽ മഡോക്ക വലഞ്ഞതോടെ മത്സരം അവസാനിപ്പിക്കുന്നതായി റഫറി പ്രഖ്യാപിച്ചു. സെമിയിൽ ഏഷ്യൻ ജേതാവും കഴിഞ്ഞ വർഷത്തെ ലോക വെള്ളി മെഡൽ ജേതാവുമായ കസാഖ്സ്ഥാൻ താരം  അലുവ ബൽബിവെക്കോവയെ നിതു നേരിടും.  

50 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സൂപ്പർതാരം നിഖാത് സരീൻ  5–2നാണു ക്വാർട്ടറിൽ തായ്‌ലൻഡിന്റെ ചുഹാമത്ത് രക്ഷാത്തിനെ പരാജയപ്പെടുത്തിയത്. രണ്ടു തവണ ലോക വെങ്കലമെഡൽ നേടിയ ചുഹാമത്തിൻ, നിഖാത് സരീന്റെ വേഗച്ചുവടുകൾക്കു മുന്നിൽ പലപ്പോഴും പതറി. റിയോ ഒളിംപിക്സിലെ  വെങ്കൽ മെഡൽ ജേതാവ് കൊളംബിയൻ താരം  ഇൻഗ്രിത് വലൻസിയയാണു സെമിയിൽ നിഖാത്തിന്റെ എതിരാളി.  

2018 ലോക ചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ്  ബെലറൂസിന്റെ വിക്ടോറിയ കെബിക്കവയെ  5–0 എന്ന സ്കോറിനു തോൽപ്പിച്ചാണു സ്വീറ്റി ബുറ 81 കിലോ വിഭാഗത്തിൽ സെമിയിൽ കടന്നത്. 75 കിലോ വിഭാഗത്തിൽ മൊസാംബിക്കിന്റെ അഡോസിൻഡ റാഡെ ഗ്രാമെനെയെ  പരാജയപ്പെടുത്തിയാണു ഇന്ത്യയുടെ ഒളിംപിക്സ് മെഡൽ ജേതാവ് ല‌വ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ കടന്നത്. അതേസമയം  സാക്ഷി ചൗധരി(52 കിലോ), മനീഷ മൗൻ( 57 കിലോ), ജാസ്മിൻ ലംബോറിയ(60 കിലോ) എന്നിവർ ക്വാർട്ടറിൽ പരാജയപ്പെട്ടു.

English Summary : India ensures four medals in world boxing 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com