ADVERTISEMENT

കോട്ടയം∙ തൃശൂർ തൃപ്രയാറിലെ പെട്രോൾ പമ്പിൽ‌ വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്ന ഈ പെൺകുട്ടി ദേശീയ സ്കൂ‍ൾ കായികമേളയിൽ കേരളത്തിനുവേണ്ടി ഒരു സ്വർണമടക്കം 4 മെഡലുകൾ‌ നേടിയ പി.എ.അതുല്യയാണ്. തുടർപഠനവും ജോലിയെന്ന പ്രതീക്ഷയും കത്തിത്തീർന്നപ്പോൾ ജീവിതം അതുല്യയെ ഈ പെട്രോൾ‌ പമ്പിലെ ജീവനക്കാരിയാക്കി. ത്രോ ഇനങ്ങളിൽ കേരളത്തിന്റെ ഭാവി വാഗ്ദാനമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന 21 വയസ്സുകാരിക്ക് നാളിതുവരെ പൊരുതി നേടിയ മെഡലുകളൊന്നും ഭാവിയിലേക്കുള്ള ഇന്ധനമായില്ല.

2014 മുതൽ 2020വരെ തുടർച്ചയായ 7 വർഷം സംസ്ഥാന സ്കൂൾ കായികമേളയിൽ ഡിസ്കസ്ത്രോ ചാംപ്യനായിരുന്നു തൃശൂർ നാട്ടിക സ്വദേശിനിയായ അതുല്യ. ഇതടക്കം ത്രോ ഇനങ്ങളിൽ നിന്ന് ആകെ നേടിയത് ഇരുപതിലേറെ സംസ്ഥാന മെഡലുകൾ. ഡിസ്കസ്ത്രോയിലും ഷോട്പുട്ടിലും വിവിധ പ്രായ വിഭാഗങ്ങളിലെ സംസ്ഥാന സ്കൂൾ മീറ്റ് റെക്കോർഡ് ഏറെക്കാലം അതുല്യയുടെ പേരിലായിരുന്നു. 2014ൽ സ്ഥാപിച്ച സബ് ജൂനിയർ ഡിസ്കസ് ത്രോയിലെ റെക്കോർ‍ഡിന് ഇതുവരെ ഇളക്കം തട്ടിയിട്ടുമില്ല.

സ്കൂൾ കായികമേളയിലെ സുവർണ നേട്ടങ്ങൾ കായികതാരങ്ങളുടെ ജീവിതം മാറ്റിമറിച്ച കഥകൾ ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും പി.എ. അതുല്യയുടെ ജീവിതകഥ അങ്ങനെയല്ല. പ്ലസ് വണ്ണിനു പഠിക്കുമ്പോൾ 2020 സംസ്ഥാന സ്കൂൾ കായികമേളയിൽ നേടിയ 3 മെഡലുകളായിരുന്നു അവസാന നേട്ടം. തൊട്ടടുത്തവർഷം കോവിഡിനെത്തുടർന്ന് കായികമേള ഉപേക്ഷിക്കുകയും ഗ്രേസ് മാർക്ക് റദ്ദാക്കുകയും ചെയ്തതോടെ അതുല്യയുടെ ഭാവി പ്രതീക്ഷകളും അട്ടിമറിക്കപ്പെട്ടു. ഗ്രേസ് മാർക്കിന്റെ പിൻബലമില്ലാതെ പ്ലസ്ടു പരീക്ഷയെഴുതി ദേശീയ ചാംപ്യൻ 4 മാർക്കിന്റെ വ്യത്യാസത്തിൽ ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടു. 

കായിക പരിശീലനവും തുടർ പഠന മോഹങ്ങളും ഉപേക്ഷിച്ച്, ജീവിതം മുന്നോട്ടു നയിക്കാൻ അതുല്യ ഒരു ജോലി തേടിയിറങ്ങിയത് ഇതിനുശേഷമാണ്. സംസ്ഥാന സർക്കാരിന്റെ സ്പോർട്സ് ക്വാട്ട നിയമനത്തിൽ ദേശീയ സ്കൂൾ കായികമേള വിജയികളെ പരിഗണിക്കേണ്ടതില്ലെന്ന നിബന്ധനയും അതുല്യയുടെ സ്വപ്നങ്ങൾക്കു തിരിച്ചടിയായി.

സ്കൂൾ കായികമേളകളിലെ വിസ്മയ നേട്ടങ്ങൾക്കൊപ്പം അതുല്യയുടെ ജീവിത പ്രാരാബ്ദങ്ങളും മുൻപ് പല തവണ വാർത്തകളിൽ നിറഞ്ഞിരുന്നു. ആ പ്രയാസങ്ങൾക്ക് ഇപ്പോഴും മാറ്റമില്ല. കഴിഞ്ഞ 12 വർഷമായി വാടക വീട്ടിലാണ് അതുല്യയും കുടുംബവും കഴിയുന്നത്. ദേശീയ മെഡൽനേട്ടത്തിനു പിന്നാലെ വീടുവാഗ്ദാനം ചെയ്ത പഞ്ചായത്ത് ജനപ്രതിനിധികൾ 9 വർഷം മുൻപ് അതിനായി മൂന്നര സെന്റ് സ്ഥലം വാങ്ങിയിരുന്നു. 

എന്നാൽ അവിടെ ഒരു തൂണ് പോലും ഉയർന്നിട്ടില്ല. സുമനസ്സുകളുടെ സഹായത്തോടെ വീടുനിർമിക്കാനുള്ള ശ്രമങ്ങളും ലക്ഷ്യത്തിലെത്തിയില്ല. ഓട്ടോ ഡ്രൈവറായ അച്ഛൻ അജയ്ഘോഷ് ഹൃദ്രോഗ ബാധിതനായതോടെയാണ് അതുല്യ പെട്രോൾ പമ്പിൽ ജോലിക്കു കയറിയത്.

English Summary : National school meet champion PA Athulya working in a petrol pump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com