ഫൈനലിടി ; ലോക വനിതാ ബോക്സിങ്ങിൽ 4 ഇന്ത്യൻ താരങ്ങൾ ഫൈനലിൽ

സെമിഫൈനൽ മത്സരത്തിനിടെ കസഖ്സ്ഥാൻ താരം അലുവ ബൽബിവക്കോവയുടെ ദേഹത്തേക്കു വീഴുന്ന ഇന്ത്യൻ താരം നിതു ഗൻഖാസ്. നിതു ഫൈനലിലെത്തി. ചിത്രം: ജെ.സുരേഷ് ∙ മനോരമ
SHARE

ന്യൂഡൽഹി ∙ ലോക സീനിയർ വനിതാ ബോക്സിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ ഇടിമുഴക്കം തുടരുന്നു. സെമിയിൽ പോരാടിയ 4 ഇന്ത്യൻ താരങ്ങളും ഫൈനലിൽ കടന്നു. ലോക ചാംപ്യൻഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടത്തിലേക്ക് ഇനി ഒരു മത്സരദൂരം മാത്രം. നിതു ഖൻഗാസ്, നിഖാത് സരീൻ, ല‌വ്‌ലിന ബോർഗോഹെയ്ൻ, സ്വീറ്റി ബുറ എന്നിവരാണ് ഫൈനലിൽ ഇടംപിടിച്ചത്. 

ഇരുപത്തിരണ്ടുകാരി നിതു ഗൻഖാസാണ് ഇന്നലെ ആദ്യ സെമി പോരാട്ടത്തിൽ ഇറങ്ങിയത്. 48 കിലോ വിഭാഗത്തിൽ നിലവിലെ വെള്ളി മെഡൽ ജേതാവ് കസഖ്സ്ഥാൻ താരം അലുവ ബൽബിവക്കോവയ്ക്കു നിതുവിന്റെ കരുത്തുറ്റ പഞ്ചുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. കഴിഞ്ഞ വർഷം ക്വാർട്ടറിൽ തന്നെ തോൽപിച്ചതിനുള്ള മധുര പ്രതികാരമായി നിതു 5–2 എന്ന സ്കോറിൽ ജയം സ്വന്തമാക്കി. നാളെ നടക്കുന്ന ഫൈനലിൽ ഏഷ്യൻ ചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് മംഗോളിയയുടെ ലുട്സിക്കാൻ അൽറ്റെൻസെഗിനെ നിതു നേരിടും. 

ഇന്ത്യയുടെ സൂപ്പർതാരം നിഖാത് സരീന്റെ വിജയം ഏകപക്ഷീയമായിരുന്നു. നിഖാത്തിന്റെ വേഗമേറിയ പഞ്ചുകൾക്കു മുന്നിൽ റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവ് കൊളംബിയൻ താരം ഇൻഗ്രിത് വലൻസിയ വലഞ്ഞു. കൈക്കരുത്തും വേഗമേറിയ നീക്കങ്ങളും നിഖാത്തിനു നേട്ടമായപ്പോൾ 5–0 എന്ന നിലയിൽ വിജയവും കൂടെയെത്തി. 50 കിലോഗ്രാം വിഭാഗത്തിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ രണ്ടു തവണ ഏഷ്യൻ ചാംപ്യനുമായ വിയറ്റ്നാമിന്റെ യുയെൻ തിതാമാണ് എതിരാളി. 

75 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ഒളിംപിക് മെഡൽ ജേതാവ് ല‌വ്‌ലിന ബോർഗോഹെയ്ൻ ചൈനയുടെ ലി ക്വാനിനെയാണു പരാജയപ്പെടുത്തിയത്. 81 കിലോഗ്രാം വിഭാഗത്തിലെ കടുപ്പമേറിയ സെമി പോരാട്ടത്തിൽ ഇന്ത്യയുടെ സ്വീറ്റി ബുറ ഓസ്ട്രേലിയയുടെ എമ്മ ഗ്രീൻട്രീയെ പരാജയപ്പെടുത്തി. 

English Summary : Four indian stars entered into boxing final match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS