ADVERTISEMENT

ന്യൂഡൽഹി ∙ ലോക ബോക്സിങ്ങിൽ ഇന്ത്യൻ വനിതകളുടെ ഇടിമുഴക്കം. ലോക വനിതാ സീനിയർ ബോക്സിങ്ങിൽ 48 കിലോഗ്രാം വിഭാഗത്തിൽ നിതു ഗൻഖാസും 81 കിലോഗ്രാം വിഭാഗത്തിൽ സ്വീറ്റി ബുറയും ഇന്ത്യയുടെ സ്വർണത്തിളക്കമായി. മംഗോളിയൻ താരം ലുട്സിക്കാൻ അൽറ്റെൻസെഗിനെ 5–0 ന് തോൽപിച്ചാണ് ഹരിയാനയിലെ ഭിവാനിയിൽ നിന്നുള്ള ഇരുപത്തിരണ്ടുകാരി നിതു സ്വർണം നേടിയത്. 81 കിലോ വിഭാഗത്തിൽ  ചൈനയുടെ വാങ് ലിനയെ കടുത്ത പോരാട്ടത്തിൽ 4–3നു മറികടന്നാണ് ഹരിയാന ഹിസാർ സ്വദേശിനിയായ സ്വീറ്റി സ്വർണം നേടിയത്. 2014ലെ ലോക ചാംപ്യൻഷിപ്പിൽ  വെള്ളി നേടിയിരുന്ന സ്വീറ്റിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. 

ഇന്നലെ 48 കിലോഗ്രാം ഫൈനലിലെ ആദ്യ റൗണ്ടിൽത്തന്നെ ആക്രമിച്ചു കയറുകയായിരുന്നു നിതു. ഷോർട്ട് റേഞ്ചിൽ നിതു അറ്റാക്ക് ചെയ്തതോടെ 5–0 എന്ന നിലയിൽ മുന്നിൽ. രണ്ടാം റൗണ്ടും 3–2 എന്ന നിലയിൽ നിതുവിന് അനുകൂലം. അവസാന റൗണ്ടിൽ അൽപം പിൻവലിഞ്ഞായിരുന്നു നിതുവിന്റെ നീക്കങ്ങൾ. അസ്വസ്ഥയായ മംഗോളിയൻ താരത്തിനു മുന്നറിയിപ്പും ലഭിച്ചു. മൂന്നാം റൗണ്ടിലും മുന്നിലെത്തിയ നിതുവിന് അന്തിമ ഫലമെത്തിയപ്പോൾ 5–0 എന്ന സ്കോറിൽ വിജയം. ലോക ചാംപ്യൻഷിപ്പിൽ ആദ്യ സ്വർണ നേട്ടവും. 

81 കിലോഗ്രാം വിഭാഗത്തിൽ ൈചനീസ് താരം വാങ് ‌ലിനയുടെ കരുത്തുള്ള പഞ്ചുകൾക്കു മുന്നിൽ സ്വീറ്റി ആദ്യമൊന്നു പതറിയെങ്കിലും പിന്നീടു നിലയുറപ്പിച്ചു. ആദ്യ രണ്ടു റൗണ്ടുകളിലും 3–2 എന്ന നിലയിൽ മുന്നിൽ. ഗാലറിയുടെ ആരവങ്ങളുടെ അകമ്പടിയോടെയുള്ള ഇന്ത്യൻ താരത്തിന്റെ പഞ്ചുകളിൽ ലിനയ്ക്കു പിടിച്ചു നിൽക്കാനായില്ല. അവസാന റൗണ്ടിൽ 4–1 എന്ന നിലയിൽ മുന്നിലെത്തിയ സ്വീറ്റി വിജയവും സ്വർണവും സ്വന്തമാക്കി. 

ഇന്ന് ഇന്ത്യൻ താരങ്ങളായ നിഖാത് സരീൻ, ലവ്‍‌ലിന ബോർ‌ഗോഹെയ്ൻ എന്നിവർ ഫൈനലിനിറങ്ങും. 50 കിലോഗ്രാം വിഭാഗത്തിൽ വിയറ്റ്നാം താരവും 2 തവണ ഏഷ്യൻ ജേതാവുമായ യുയെൻ തിതാമാണു സരീന്റെ എതിരാളി. ഒളിംപിക്സ് മെഡൽ ജേതാവ് ലവ്‍ലിനയ്ക്ക് 75 കിലോ വിഭാഗത്തിൽ ഓസ്ട്രേലിയയുടെ കെയ്റ്റ്ലിൻ പാർക്കറാണ് എതിരാളി.

‘ബിബിസി’യുടെ സ്വന്തം നിതു

ന്യൂഡൽഹി ∙ ഇന്ത്യൻ ബോക്സിങ്ങിന്റെ കളരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭിവാനി ബോക്സിങ് ക്ലബ്ബിന്റെ (ബിബിസി) കണ്ടെത്തലാണ് നിതു ഗൻഖാസ്. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ധനാന ഗ്രാമത്തിൽ 2000 ഒക്ടോബർ 19നാണു നിതുവിന്റെ ജനനം. സ്കൂളിൽ സഹപാഠികളുമായി തല്ലുകൂടുന്നതു പതിവായിരുന്ന മകളെ ബോക്സിങ്ങിലെത്തിക്കാൻ  പിതാവ് ജയ് ഭഗവാൻ തീരുമാനിച്ചു. അങ്ങനെ  നിതു ബിബിസിയിലെ ജഗ്ദീഷ് സിങ്ങിന്റെ അടുത്തെത്തി. ഒപ്പമുണ്ടായിരുന്ന സാക്ഷി ചൗധരിയും ഇന്നു ദേശീയ താരമാണ്. ഒളിംപിക്സ് മെഡൽ ജേതാവ് വിജേന്ദർ സിങ് ഉൾപ്പെടെയുള്ളവർ ബിബിസിയിൽ നിന്നു വളർന്നു വന്നവരാണ്. 

ചണ്ഡിഗഡിലെ ഹരിയാന നിയമസഭയിലെ ജീവനക്കാരനായ ജയ് ഭഗവാൻ 3 വർഷം അവധിയെടുത്തു മകളുടെ  കായികജീവിതത്തിനു കരുത്തായി ഒപ്പം നിന്നു. കൃഷിസ്ഥലം വായ്പ വച്ചു 6 ലക്ഷം രൂപ വായ്പ എടുത്താണ് അന്നു കുടുംബം മുന്നോട്ടു പോയത്.  

 2017ൽ ബൾഗേറിയയിൽ നടന്ന ലോക യൂത്ത് വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടി. 2018ൽ ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്പിലും കഴിഞ്ഞ വർഷം കോമൺവെൽത്ത് ഗെയിംസിലും വിജയം. പ്രായവും കൈക്കരുത്തുമെല്ലാം നിതുവിനു ഭാവിയിൽ കരുത്താകുമെന്നു പരിശീലകർ പറയുന്നു. 

കബഡിയോട് ഗുഡ് ബൈ 

ന്യൂഡൽഹി ∙ സ്വീറ്റി ബുറയ്ക്കു ബോക്സിങ്ങിനെക്കാൾ പ്രിയം കബഡിയോടാണ്. ഹരിയാനയിൽ നിന്നുള്ള താരം വിവാഹം കഴിച്ചിരിക്കുന്നത് കബഡിയിലെ ദേശീയ താരം ദീപക് ഹൂഡയെ. ടോക്കിയോ ഒളിംപിക്സിനുള്ള ടീമിൽ നിന്നു തഴയപ്പെട്ടപ്പോൾ ബോക്സിങ് വിടാൻ സ്വീറ്റി ആലോചിച്ചിരുന്നു കബഡിയിൽ ഇറങ്ങാമെന്നാണ് കരുതിയത്. പക്ഷേ, കാലം മറ്റൊരു സമ്മാനം സ്വീറ്റിക്കായി കരുതി വച്ചിരുന്നു. 

10 വർഷമായി ബോക്സിങ് റിങ്ങിൽ സജീവമായ സ്വീറ്റിക്കു പരുക്കും മറ്റും പല തവണ തടസ്സമായി. 2014ലായിരുന്നു സ്വീറ്റിയുടെ ആദ്യ ലോക ചാംപ്യൻഷിപ്. ദക്ഷിണ കൊറിയയിൽ നടന്ന മത്സരത്തിൽ വെള്ളി നേടി. തൊട്ടടുത്ത വർഷം ഏഷ്യൻ ചാംപ്യൻഷിപ്പിലും സ്വർണം വഴുതി. സ്വീറ്റിയുടെ ആറാമത്തെ ലോക ചാംപ്യൻഷിപ്പായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ വർഷമാണു 75 കിലോ വിഭാഗത്തിൽ നിന്നു 81 കിലോഗ്രാം വിഭാഗത്തിലേക്കു മാറുന്നത്. അതു സ്വർണത്തിലേക്കുള്ള മാറ്റം കൂടിയായി. 2024ലെ പാരിസ് ഒളിംപിക്സിൽ നേട്ടം ആവർത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു സ്വീറ്റി. 

English Summary : India got two gold medals in World women boxing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com