ADVERTISEMENT

ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്) ∙ കാറ്റില്ലാക്കടലും കൊടുംവെയിലും നേരം നോക്കാതെ പെയ്യുന്ന മഴയുമെല്ലാം ചേർന്ന് പ്രതിസന്ധികളുടെ കടലാഴം തീർത്ത ദിവസങ്ങൾക്കൊടുവിൽ, അഭിലാഷ് ടോമിയുടെ വഞ്ചി ‘ബയാനത്’ ഭൂമധ്യരേഖ മറികടന്നു. ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന അഭിലാഷ് ടോമി ഇന്നലെയാണ് ഭൂമിയെ ഉത്തര– ദക്ഷിണ അർധഗോളങ്ങളായി വിഭജിക്കുന്ന സാങ്കൽപിക രേഖയായ ഭൂമധ്യരേഖ മറികടന്നത്. ഇതോടെ, അഭിലാഷിന്റെ വഞ്ചി നോർത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെത്തി. ഫിനിഷിങ് പോയിന്റായ ഫ്രാ‍ൻസിലെ ലെ സാബ്‌ലെ ദെലോൻ തുറമുഖത്തേക്ക് ഇനി 3170 നോട്ടിക്കൽ മൈൽ (ഏകദേശം 5870 കിലോമീറ്റർ) ദൂരം കൂടിയാണ് അഭിലാഷിനു സഞ്ചരിക്കാനുള്ളത്.

ഭൂമധ്യരേഖയോടു ചേർന്നുള്ള കടലിലെ പ്രതിഭാസമായ ‘ഡോൾഡ്രംസ്’ മൂലം കഴിഞ്ഞ ദിവസങ്ങളിൽ അഭിലാഷിന്റെ വഞ്ചിക്ക് ഏറെദൂരം സഞ്ചരിക്കാൻ സാധിച്ചിരുന്നില്ല. കടലിൽ കാറ്റില്ലാത്ത നിശ്ചലാവസ്ഥയാണ് ഡോൾഡ്രംസ്. ഭൂമധ്യരേഖ മറികടന്ന അഭിലാഷിന് ഏതാനും ദിവസങ്ങൾകൂടി ഇതേ അവസ്ഥയിൽ തുടരേണ്ടി വന്നേക്കാം.

‘ഏതാനും ദിവസങ്ങളായി വഞ്ചിയുടെ ഡെക്കിൽത്തന്നെയാണ് വിശ്രമം. കാരണം, വല്ലപ്പോഴും മാത്രം കിട്ടുന്ന ചെറിയ കാറ്റിൽ വ‍ഞ്ചി ശരിയായ ദിശയിൽ നിയന്ത്രിക്കാൻ ഇതല്ലാതെ മറ്റു മാർഗമില്ല. ഈ ദിവസങ്ങളിൽ 3 മണിക്കൂറിൽ താഴെ മാത്രമാണ് ഉറക്കം. കനത്ത വെയിൽ ആണിവിടെ. അപ്രതീക്ഷിതമായി മഴയും പെയ്യും. അതിനാൽ മഴക്കോട്ട് ധരിച്ച് വഞ്ചിയുടെ ഡെക്കിൽത്തന്നെയാണ് ജീവിതം’– സാറ്റലൈറ്റ് ഫോൺ സംഭാഷണത്തിൽ അഭിലാഷ് ടോമി ‘മനോരമ’യോടു പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 4ന് ആരംഭിച്ച മത്സരം ഇന്നലെ 208 ദിവസം പിന്നിട്ടു. ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫറാണ് അഭിലാഷിനു മുന്നിൽ ഒന്നാം സ്ഥാനത്തുള്ളത്. കിഴ്സ്റ്റന്റെ വഞ്ചിയും കാറ്റില്ലാക്കടലിലാണിപ്പോൾ. 14 നാവികരുമായി തുടങ്ങിയ മത്സരത്തിൽ ഇപ്പോൾ 3 പേർ മാത്രമാണ് ശേഷിക്കുന്നത്. അപകടം, സാങ്കേതികത്തകരാർ തുടങ്ങിയ കാരണങ്ങളാൽ മറ്റെല്ലാവരും മത്സരത്തിൽനിന്നു പുറത്തായിക്കഴിഞ്ഞു.

പ്രതീക്ഷിച്ചതിലും കൂടുതൽ ദിവസം കടലിൽ കഴിയേണ്ടി വരുമെന്നതിനാൽ ഭക്ഷണം റേഷൻ അടിസ്ഥാനത്തിലാണ് ഇപ്പോൾ കഴിക്കുന്നതെന്ന് അഭിലാഷ് ടോമി പറഞ്ഞു. അരിയും ടിന്നിലിടച്ച ഭക്ഷണവുമാണ് ഇനി സ്റ്റോക്കുള്ളത്. കാലാവസ്ഥ അനുകൂലമായാൽ ഏപ്രിൽ അവസാനത്തോടെ ഫിനിഷ് ചെയ്യാൻ സാധിച്ചേക്കുമെന്ന് അഭിലാഷ് ടോമി പറഞ്ഞു.

English Summary: Abhilash Tomy enters North Atlantic Oceans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com