ADVERTISEMENT

ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്) ∙ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ 2018ൽ മലയാളി നാവികൻ അഭിലാഷ് ടോമി നേരിട്ടതിനു സമാനമായ അപകടത്തിൽപ്പെട്ട് കടലിൽ കഴിയുന്ന ബ്രിട്ടിഷ് നാവികൻ ഇയാൻ ഹെർബർട്ട് ജോൺസിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ സജീവം. അർജന്റീനയുടെ ഭാഗമായുള്ള ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ന്യൂനമർദത്തിൽ അകപ്പെട്ട ജോൺസിന്റെ വഞ്ചിയായ പഫിന്റെ പായ്മരം ഒടിഞ്ഞു. പലവട്ടം വഞ്ചിക്കുള്ളിൽ കടൽവെള്ളം ഇരച്ചുകയറി. 8 മീറ്ററിലേറെ ഉയർന്ന തിരമാലകൾക്കു നടുവിൽപ്പെട്ട വഞ്ചിയിൽ വീണ ജോൺസിന്റെ നടുവിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഈ മേഖലയിലുള്ള 2 മീൻപിടിത്തക്കപ്പലുകൾ അമ്പത്തിരണ്ടുകാരൻ ജോൺസിനെ രക്ഷപ്പെടുത്താൻ തിരിച്ചിട്ടുണ്ട്. രാത്രി വൈകി അവ ജോൺസിന്റെ അടുത്തെത്തുമെന്നാണ് പ്രതീക്ഷ

വഞ്ചിയിലെ തകരാർ മൂലം കഴിഞ്ഞ മാസം ഒരുവട്ടം തീരത്തു വഞ്ചി അടുപ്പിക്കേണ്ടി വന്നതോടെ ഗോൾഡൻ ഗ്ലോബ് പ്രധാനമത്സരത്തിൽനിന്ന് ജോൺസ് പുറത്തായിരുന്നു. ഒരു സ്റ്റോപ്പ് മാത്രം ഉൾപ്പെടുത്തി ലോകം ചുറ്റുന്ന ചിചെസ്റ്റർ ക്ലാസ് എന്ന വിഭാഗത്തിലാണ് ജോൺസ് നിലവിലുള്ളത്. മറ്റൊരു ബ്രിട്ടിഷ് നാവികൻ സൈമൺ കർവയ്നും ഈ വിഭാഗത്തിലുണ്ട്.

2018ലെ ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ പങ്കെടുത്ത അഭിലാഷ് ടോമിയുടെ ‘തുരീയ’ എന്ന പായ്‌വഞ്ചി ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽക്ഷോഭത്തിൽ പായ്മരം ഒടിഞ്ഞ് വൻ അപകടത്തിൽപ്പെട്ടിരുന്നു. നടുവിനു പരുക്കേറ്റ അഭിലാഷിനെ 86 മണിക്കൂറിനു ശേഷം ഫ്രഞ്ച് മീൻപിടിത്തക്കപ്പലായ ഒസിരിസ് ആണ് രക്ഷപ്പെടുത്തിയത്. ഇയാൻ ഹെർബർട്ട് ജോൺസിന് രക്ഷാപ്രവർത്തകർ എത്തും വരെ വഞ്ചിക്കുള്ളിൽ സുരക്ഷിതനായി തുടരാൻ സാധിക്കട്ടെയെന്ന് അഭിലാഷ് ടോമി ആശംസിച്ചു. നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ, ഫിനിഷിങ് പോയിന്റിൽനിന്ന് 2160 നോട്ടിക്കൽ മൈൽ (ഏകദേശം 3880 കിലോമീറ്റർ) മാത്രം അകലെയാണ് അഭിലാഷിന്റെ വഞ്ചിയായ ബയാനത് ഇപ്പോൾ.

‘ഭൂമധ്യരേഖയുടെ ഭാഗത്ത് അനുഭവപ്പെട്ട കടലിലെ നിശ്ചലാവസ്ഥ (ഡോൾഡ്രംസ്) മറികടന്നതോടെ ഇപ്പോൾ നല്ല കാറ്റ് കിട്ടുന്നുണ്ട്. വഞ്ചിക്കു പുതിയ തകരാറുകളൊന്നുമില്ല. ഫിനിഷിങ് പോയിന്റിലേക്ക് എത്രയും വേഗം അടുക്കുകയാണ് ഇനിയുള്ള ലക്ഷ്യം.’– സാറ്റലൈറ്റ് ഫോണിൽ അഭിലാഷ് ടോമി മനോരമയോടു പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കാരി കിഴ്സ്റ്റൻ നോയിഷെയ്ഫറാണ് മത്സരത്തിൽ ഒന്നാം സ്ഥാനത്ത്. കിഴ്സ്റ്റന്റെ വഞ്ചിയും ഡോൾഡ്രംസിൽ അകപ്പെട്ടിരുന്നു. ഈ സമയത്ത് ദിശ മാറ്റി സഞ്ചരിച്ച അഭിലാഷിന് കിഴ്സ്റ്റനുമായുള്ള അകലം കുറയ്ക്കാൻ സാധിച്ചിരുന്നു. നിലവിൽ അഭിലാഷിനെക്കാൾ 100 നോട്ടിക്കൽ മൈലിലും താഴെ ലീഡ് മാത്രമേ കിഴ്സ്റ്റനുള്ളൂ. കാലാവസ്ഥ കൂടി അനുകൂലമായാൽ മേയ് ആദ്യവാരം ഫിനിഷ് ചെയ്യാൻ സാധിക്കുമെന്ന് അഭിലാഷ് ടോമി പറഞ്ഞു.

കടൽക്ഷോഭങ്ങളും അപകടങ്ങളുമെല്ലാം വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഗോൾഡൻ ഗ്ലോബ് റേസിൽ 3 വഞ്ചികൾ മാത്രമാണു മത്സരരംഗത്തു ബാക്കി. മൂന്നാം സ്ഥാനക്കാരനായ മൈക്കൽ ഗുഗൻബർഗർ (ഓസ്ട്രിയ) അഭിലാഷ് ടോമിയെക്കാൾ 1000 നോട്ടിക്കൽ മൈൽ പിന്നിലാണ്.

English Summary : Extreme weather affected Golden Globe race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com