ADVERTISEMENT

പാലക്കാട് ∙ ഏറ്റവും ഇഷ്ടമുള്ള കാര്യമേതെന്ന ചോദ്യത്തിന് ആലോചന പോലുമില്ലാതെ സൈന നെഹ്‌വാളിന്റെ മറുപടി വന്നു– ബാഡ്മിന്റൻ. വയസ്സ് 33 ആയി. എതിരാളിയുടെ അപ്രതീക്ഷിത ഡ്രോപ് ഷോട്ട് പോലെ വില്ലനായി പരുക്ക് കൂടെയുണ്ട്.പക്ഷേ, ഇന്ത്യൻ ബാഡ്മിന്റനിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് പുതിയ നേട്ടങ്ങളിലേക്ക് വീണ്ടും സ്മാഷ് ഉതിർക്കുകയെന്ന സ്വപ്നം മാത്രം. പാലക്കാട്ട് സ്വകാര്യ ചടങ്ങിനെത്തിയ സൈന നെഹ്‌വാൾ ‘മനോരമ’യോട് സംസാരിക്കുന്നു.

∙ പരുക്ക് സമീപകാല പ്രകടനങ്ങളെ എത്ര മാത്രം ബാധിച്ചു ?

ഒരു വർഷമായി കാൽമുട്ടിനു പ്രശ്നമുണ്ട്.നീർക്കെട്ട് രൂപപ്പെട്ട് കുറച്ചു ദിവസം നിൽക്കുന്നതാണ് പ്രശ്നം. എന്തായാലും ഡോക്ടർമാർ അതിനു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. വൈകാതെ നല്ല ഫോമിൽ കളിക്കാനാകുമെന്നാണു വിശ്വാസം. അടുത്ത വർഷത്തെ ഒളിംപിക്സിന് നല്ല രീതിയിൽ ഒരുങ്ങാനാകണം.

∙ 25 വർഷമായി സൈന ബാഡ്മിന്റൻ കളിക്കുന്നു. എങ്ങനെയാണ് ഇത്ര ദീർഘകാലം സ്വയം പ്രചോദനം നിലനിർത്തുന്നത് ?

അത് അത്ര എളുപ്പമല്ല. എന്നാൽ, ഇഷ്ടപ്പെടുന്ന കാര്യം ചെയ്തുകൊണ്ടിരിക്കുന്നത് എപ്പോഴും സന്തോഷമാണ്. ബാഡ്മിന്റൻ കളിക്കുന്നത് ശരീരം ഇഷ്ടപ്പെടുന്നിടത്തോളം കാലം ഞാൻ തുടരും. പിന്നെ, പരിശീലകരും സുഹൃത്തുക്കളും കുടുംബവും നൽകുന്ന പിന്തുണയും വലിയ ഘടകമാണ്.

∙ പി.വി. സിന്ധുവും സൈനയും തമ്മിൽ ശത്രുതയുണ്ടെന്നു പ്രചാരണമുണ്ട്. ഇത് എത്രമാത്രം ശരിയാണ്? നിങ്ങൾ തമ്മിലുള്ള ബന്ധം എങ്ങനെയാണ്?

ഞങ്ങൾ കാണുമ്പോൾ പരസ്പരം സംസാരിക്കും, ആശംസകൾ കൈമാറും. കടുത്ത മത്സരമുള്ള ഫീൽഡാണിത്. എല്ലാവരും ജയിക്കാനാണ് കളിക്കുന്നത്. ടെന്നിസും ബാഡ്മിന്റനും പോലുള്ള വ്യക്തിഗത മത്സരങ്ങളിൽ ഗാഢമായ സൗഹൃദമുണ്ടാവുക പ്രയാസമാണ്. ഞങ്ങളെല്ലാം കളിക്കുന്നത് ഇന്ത്യയ്ക്കു വേണ്ടിയാണ്. നേട്ടങ്ങളിൽ പരസ്പരം സന്തോഷിക്കാറുണ്ട്.

∙ കേരളവുമായി അടുത്ത ബന്ധമുണ്ടോ?

ഞാൻ ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. കോഴിക്കോട്ട് നടന്ന ജൂനിയർ ചാംപ്യൻഷിപ്പിൽ കിരീടം നേടിയത് മധുരമുള്ള ഓർമയാണ്. മനോഹരമായ നാടാണിത്. കുറച്ചു ദിവസം ഇവിടെ താമസിച്ച് നാടിനെ അടുത്തറിയണമെന്നുണ്ട്. അതിനായി തീർച്ചയായും വരും.

∙ കേരളത്തിലെ ബാഡ്മിന്റൻ ആരാധകരോട് എന്താണ് പറയാനുള്ളത്?

വിദ്യാഭ്യാസത്തിൽ മികച്ചു നിൽക്കുന്ന സംസ്ഥാനമാണിത്. മക്കളോട് എൻജിനീയറാകണം, ഡോക്ടറാകണം എന്നു പറയുന്നതുപോലെ ബാഡ്മിന്റൻ താരമാകണം, കായിക താരമാകണം എന്നു കൂടി മാതാപിതാക്കൾ പറയണം. എന്റെ മാതാപിതാക്കൾ നൽകിയ പിന്തുണയും പ്രോത്സാഹനവുമാണ് എന്നെ ഞാനാക്കിയത്.

∙ ഭാവിയിലെ സൈന നെഹ്‌വാൾ ആരായിരിക്കും? പരിശീലക, രാഷ്ട്രീയക്കാരി, മറ്റാരെങ്കിലും?

പരിശീലക ജോലി വലിയ ബുദ്ധിമുട്ടുള്ളതാണ്. എന്തായാലും ഞാൻ അതിനില്ല. കഴിയുന്നത്ര കാലം കളിക്കുകയെന്നതാണ് ഇപ്പോൾ മനസ്സിലുള്ളത്. രാഷ്ട്രീയത്തെക്കുറിച്ചും ഇപ്പോൾ ആലോചനയില്ല.

English Summary : Saina Nehwal badminton player may return after injury heal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com