ADVERTISEMENT

ലെ സാബ്‌െല ദെലോൻ (ഫ്രാൻസ്) ∙ ‘സമുദ്രസാഹസികതയുടെ എവറസ്റ്റ്’ കീഴടക്കിയെത്തുന്ന ധീരനാവികരെ സ്വീകരിക്കാൻ ഫ്ര‍ഞ്ച് തുറമുഖ നഗരമായ ലെ സാബ്‌ലെ ദെലോൻ ഒരുങ്ങി. ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിന്റെ ഫിനിഷിങ് ലൈനായ ഇവിടെ ഇന്ത്യൻ സമയം നാളെ ഉച്ചയോടെ ആദ്യ വഞ്ചി തീരമണയുമെന്നാണ് പ്രതീക്ഷ. മലയാളി നാവികൻ അഭിലാഷ് ടോമി, ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫർ, ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ എന്നിവരാണ് ഫിനിഷിങ് ലൈനിലേക്ക് അടുക്കുന്നവർ. നിലവിൽ കിഴ്സ്റ്റൻ നോയിഷെയ്ഫറുടെ വഞ്ചിയാണ് ഒന്നാമത്. അഭിലാഷ് ടോമിയുടെ വഞ്ചി തൊട്ടുപിന്നിലും. മൂന്നാമതുള്ള ഓസ്ട്രിയൻ നാവികൻ 1500 നോട്ടിക്കൽ മൈൽ ദൂരം (ഒരു നോട്ടിക്കൽ മൈൽ – 1.8 കിലോമീറ്റർ) പിന്നിലാണ്.  

‘‘വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ തിരക്കേറിയ കപ്പൽപ്പാതയിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. കനത്ത മൂടൽ മഞ്ഞുള്ളതിനാൽ ഒരു മൈൽ മാത്രമാണ് ദൂരക്കാഴ്ച ലഭിക്കുക. ചുറ്റിനും സദാസമയം കപ്പലുകളുടെ ഹോൺ കേൾക്കാം. അവയെ കാണും മുൻപ് ശബ്ദമാണ് ആദ്യം ചെവിയിലെത്തുക. വിസിബിലിറ്റി കുറവായതിനാൽ കപ്പലുകളുമായി കൂട്ടിയിടിക്കാതിരിക്കാൻ മുഴുവൻ സമയവും ജാഗ്രതയോടെയാണ് വഞ്ചി നിയന്ത്രിക്കുന്നത്’’– സാറ്റലൈറ്റ് ഫോൺ സംഭാഷണത്തിൽ അഭിലാഷ് ടോമി ‘മനോരമ’യോടു പറഞ്ഞു. 

ഇതുവരെയുള്ള ഏകാന്ത യാത്രയിൽ കടലിൽ തിരക്കു കുറവായിരുന്നു. കരയോട് അടുത്തതിനാൽ കാലാവസ്ഥയും സാഹചര്യങ്ങളും പെട്ടെന്നു മാറി. ഇതുമായി പൊരുത്തപ്പെട്ടു വരികയാണ്. ചെറിയ കാറ്റ് മാത്രമാണുള്ളത്. ഇതുമൂലം വഞ്ചിക്കു വേഗവും കുറവാണ്.  2–3 ദിവസത്തിനകം ഫിനിഷ് ചെയ്യാമെന്നു പ്രതീക്ഷിക്കുന്നു– അഭിലാഷ് പറഞ്ഞു. 

കിഴ്സ്റ്റൻ നോയിഷെയ്ഫർ ഇന്ത്യൻ സമയം നാളെ പകലും അഭിലാഷ് ടോമി നാളെ രാത്രിയും തീരത്തെത്തുമെന്നാണ് സംഘാടകർ നൽകുന്ന സൂചന. എന്നാൽ, ആദ്യം ഫിനിഷ് ചെയ്യുന്നയാൾ ജേതാവാകുമെന്നു വ്യവസ്ഥയില്ല. 

വഞ്ചി അനുവദനീയമായ സഞ്ചാരപാതയിൽനിന്നു മാറി സഞ്ചരിക്കുകയോ അനുവദനീയമായതിലും കൂടുതൽ അളവിൽ ഡീസൽ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോയെന്നു സംഘാടകർ പരിശോധിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിന് ആരംഭിച്ച മത്സരം ഇന്നലെ 234 ദിവസം പിന്നിട്ടു. 

എന്താണ് ഗോൾഡൻ ഗ്ലോബ് റേസ് ? 

1968ൽ സംഘടിപ്പിച്ച, ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ പായ്‌വഞ്ചിയിൽ കടലിലൂടെ ലോകം ചുറ്റിവരികയെന്ന മത്സരമായിരുന്നു ഗോൾഡൻ ഗ്ലോബ് റേസ്. 

ഇതിന്റെ ഓർമയ്ക്കായി 2018ൽ ആരംഭിച്ച മത്സരത്തിന്റെ രണ്ടാം എഡിഷനാണ് ഇപ്പോഴത്തേത്. 2022 സെപ്റ്റംബർ 4നു ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോനിൽനിന്നാണ്  മത്സരം ആരംഭിച്ചത്. മഹാസമുദ്രങ്ങൾ താണ്ടി ഇവിടെത്തന്നെ തിരിച്ചെത്തുകയെന്നതാണ് മത്സരം. 1968ലെ മത്സരത്തിൽ നാവികർ ഉപയോഗിച്ച അതേ മാതൃകയിലുള്ള ബോട്ടുകളും സാങ്കേതിക വിദ്യകളും സൗകര്യങ്ങളും മാത്രമാണ് മത്സരാ‍ർഥികൾക്ക് ഉപയോഗിക്കാൻ അനുമതി. 

യുഎഇ കമ്പനി ബയാനത് ആണ് അഭിലാഷ് ടോമിയുടെ സ്പോൺസർമാർ. കോഴിക്കോട് സ്വദേശി കൗശിക് കൊടിത്തൊടികയുടെ ഉടമസ്ഥതയിലുള്ള ജെല്ലിഫിഷ് വാട്ടർ സ്പോർട്സും സഹസ്പോൺസറാണ്. 16 നാവികരാണ് മത്സരം തുടങ്ങിയത്. ഇപ്പോൾ ശേഷിക്കുന്നതു 3 പേർ.

English Summary : Abhilash Tomy may finish tomorrow in golden globe race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com