ADVERTISEMENT

വാഹനങ്ങളുടെ കൂട്ടത്തിരക്കിൽ ട്രാഫിക് ബ്ലോക്ക് പതിവായ റാഞ്ചി നഗരത്തിലെ റോഡുകൾ പോലെയായിരുന്നു ഇന്നലെ ബിർസ മുണ്ട സ്റ്റേഡിയത്തിലെ ട്രാക്കും. ഏഷ്യൻ ചാംപ്യൻഷിപ്പിനു യോഗ്യത ഉറപ്പിക്കാൻ താരങ്ങളുടെ കൂട്ടയിടി നടന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സിന്റെ ആദ്യദിനത്തിൽ, പുരുഷൻമാരുടെ 10,000 മീറ്ററിൽ തിക്കിത്തിരക്കി മത്സരിച്ചത് 48 പേർ. അതിൽ 11 പേരും ഏഷ്യൻ ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് പിന്നിട്ടു. 5 ഇനങ്ങളിൽ ഫൈനൽ നടന്ന മീറ്റിന്റെ ആദ്യദിനത്തിൽ മലയാളി താരങ്ങളിൽ ആർക്കും മെഡലില്ല.

9 മലയാളികൾ ഫൈനലിൽ

ആദ്യദിനത്തിൽ മെഡൽ തൊടാനായില്ലെങ്കിലും കേരളത്തിന് പ്രതീക്ഷയായി 9 അത്‌ലീറ്റുകൾ ഫൈനലിൽ ഇടംപിടിച്ചു. പുരുഷൻമാരുടെ 100 മീറ്ററിൽ സെമിഫൈനലിലെ ഏറ്റവും മികച്ച സമയത്തോടെയാണ് മെയ്മോൻ പൗലോസ് ഫൈനലിലെത്തിയത്. ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് ജിൻസൻ ജോൺസൻ മികച്ച പ്രകടനത്തോടെ 1500 മീറ്ററിന്റെ ഫൈനലുറപ്പിച്ചു.

പുരുഷ 400 മീറ്ററിൽ വൈ.മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, വനിതകളിൽ വി.കെ.വിസ്മയ, ജിസ്ന മാത്യു, പുരുഷ ലോങ്ജംപിൽ വൈ.മുഹമ്മദ് അനീസ്, മുഹമ്മദ് അസീഫ്, ആർ.സാജൻ എന്നിവരാണ് ഫൈനലിലെത്തിയ മറ്റു മലയാളികൾ.എന്നാൽ ഏഷ്യൻ ഗെയിംസ്, ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പുകൾക്കുള്ള യോഗ്യതാ കടമ്പ പിന്നിടാൻ ഇന്നലെ ആർക്കുമായില്ല. മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് 14 ഇനങ്ങളിൽ ഫൈനൽ നടക്കും. കേരള താരങ്ങൾ മെഡൽ പ്രതീക്ഷിക്കുന്ന 400, 1500 മീറ്റർ ഫൈനലുകൾ ഇന്നാണ്.

ഉഷയ്ക്ക് പിന്നാലെ ഉജ്വലും ഇന്ത്യൻ ക്യാംപിൽ

റാഞ്ചി ∙ ട്രാക്കിലെ റാണിയായിരുന്ന പി.ടി.ഉഷയ്ക്കു പിന്നാലെ മകൻ ഡോ.വിഘ്നേഷ് വി.ഉജ്വലും ഇന്ത്യൻ അത്‌ലറ്റിക്സ് ക്യാംപിൽ. ഉഷയെപ്പോലെ അത്‌ലീറ്റായല്ല, താരങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്ന ഡോക്ടറായാണ് ഉജ്വൽ കായികരംഗത്തേക്കു ചുവടുവച്ചത്. ബെംഗളൂരു, തിരുവനന്തപുരം എൽഎൻസിപിഇ, കോഴിക്കോട്ടെ ഉഷ സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ അത്‌ലറ്റിക്സ് ക്യാംപുകളുടെ ചുമതല ഉജ്വലിനാണ്. എംബിബിഎസ് പഠനത്തിനുശേഷം ഉജ്വൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) സ്പോർട്സ് മെഡിസിൻ ഡിപ്ലോമ കോഴ്സിനു ചേർന്നിരുന്നു. സ്വിറ്റ്സർലൻഡിൽ 2 വർഷത്തെ കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യൻ ക്യാംപിന്റെ ഭാഗമായത്.

ujjwal
വിഘ്നേഷ് വി.ഉജ്വൽ ഫെഡറേഷൻ കപ്പ് മത്സരവേദിയിൽ

English Summary: Federation Cup Athletics update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com