ADVERTISEMENT

ന്യൂഡൽഹി∙ ഗോൾഡൻ ഗ്ലോബ് റേസിൽ ഇനി പങ്കെടുക്കില്ലെന്ന് നാവികൻ അഭിലാഷ് ടോമി. മറ്റ് റേസുകളിൽ പങ്കെടുക്കുമെന്നും അഭിലാഷ് ടോമി ന്യൂഡല്‍ഹിയിൽ പറഞ്ഞു. ‘‘ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് യാത്ര കഴിഞ്ഞ തവണത്തേതിനേക്കാളും കൂടുതൽ ബുദ്ധിമുട്ടേറിയതായിരുന്നു. ബോട്ടിന്റെ വലുപ്പം കുറവായിരുന്നു. 2018ലെ അപകടത്തിന്റെ ഓർമകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വഞ്ചിയിൽ വളരെ സമ്മർദത്തിലാണു യാത്ര ചെയ്തത്. മുൻപ് അപകടമുണ്ടായ സ്ഥലം ക്രോസ് ചെയ്തപ്പോൾ അതിനു കുറേ മാറ്റം വന്നു.’’– അഭിലാഷ് ടോമി മനോരമ ന്യൂസിനോടു പറഞ്ഞു.

‘‘എട്ട് മാസത്തോളം കഴിഞ്ഞ് യാത്ര പൂർത്തിയാക്കിയപ്പോൾ വളരെയേറെ സന്തോഷം ഉണ്ട്. സാങ്കേതിക വിദ്യകൾ കുറവായതിനാല്‍ നമ്മൾ സഞ്ചരിക്കുന്ന കടലുമായിട്ടുള്ള അടുപ്പം കുറേ കൂടും. 2012 ൽ ലോകം ചുറ്റിയപ്പോൾ, ഒരു ലാപ്ടോപ് ഉപയോഗിച്ചും സ്ക്രീൻ നോക്കിയുമൊക്കെയാണു മുന്നോട്ടുപോയത്. ഇത്തവണ അതൊന്നുമില്ല. കാറ്റുമാറിയോ, വടക്കുനോക്കി യന്ത്രത്തിന്റെ ദിശ മാറിയോ, ബോട്ടിനു പ്രശ്നങ്ങളുണ്ടോ എന്നെല്ലാം നമ്മൾ‌ നോക്കണം. ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോൾ കടലുമായിട്ടുള്ള അടുപ്പം വളരെ കൂടും. ഇതിൽ കൂടുതലായി കടലിനെ അറിയാൻ സാധിക്കില്ല.’’

‘‘2018ൽ അപകടം പറ്റിയപ്പോൾ നാവിക സേനയുടെ പിന്തുണ കുറേയുണ്ടായിരുന്നു. ആശുപത്രിയിലുണ്ടായപ്പോള്‍ പ്രധാനമന്ത്രി വിളിച്ചു സംസാരിച്ചു. ഇതൊക്കെ ആയപ്പോൾ ഞാൻ ഒറ്റയ്ക്കല്ലെന്നും, കൂടെ ഒരുപാടുപേരുണ്ടെന്നും തോന്നി. ഇന്ത്യയില്‍ കുടുംബാംഗങ്ങളുടെ പിന്തുണ ലഭിച്ചു. വീണ്ടും കടലിലേക്കു പോകാൻ സാധിക്കുമെന്ന് അപ്പോൾ തോന്നി. ഇനി വീട്ടിലേക്കു പോയി കുടുംബാംഗങ്ങളെയെല്ലാം കാണണം. ശരീര ഭാരം വളരെയേറെ കുറഞ്ഞു, ആരോഗ്യം വീണ്ടെടുക്കണം.’’– അഭിലാഷ് ടോമി പ്രതികരിച്ചു.

ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുത്ത ശേഷം തിരിച്ച് ഇന്ത്യയിലെത്തിയ അഭിലാഷ് ടോമിയെ നാവിക സേന ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഏപ്രിൽ 29 ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. രണ്ടാമനായാണ് അഭിലാഷ് മത്സരം ഫിനിഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. പടിഞ്ഞാറൻ ഫ്രഞ്ച് തുറമുഖമായ ലെ സാബ്‌ലെ ദെലോനിൽനിന്നാണ് 2022 സെപ്റ്റംബറിൽ അഭിലാഷ് യാത്ര തുടങ്ങിയത്.

English Summary: Abhilash Tomy reached India after Golden Globe Race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com