ADVERTISEMENT

കൊച്ചി∙ ‘ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ മുനമ്പിലൂടെ കടന്നു പോവുകയായിരുന്നു. കരയോട് അടുത്തു സഞ്ചരിക്കേണ്ടി വരുന്ന ആ ഭാഗത്തുവച്ച് മാധ്യമങ്ങളും മറ്റും ബോട്ടിലെത്തി ഇന്റർവ്യൂ എടുക്കുന്ന പതിവുണ്ട്. എന്നെ അവിടെ ഒരു ബോട്ടിൽ കാത്തിരുന്നതു സ്പോൺസറായിരുന്നു. പായ്‌വഞ്ചിക്കൊപ്പം സഞ്ചരിച്ച് അവർ എന്നെ ഒരു ലാപ് ടോപ് തുറന്നു പിടിച്ചു കാണിച്ചു തന്നു. അതിലെ വിഡിയോയിൽ സ്കൂളിൽ പോയി തുടങ്ങിയ മകൻ അഭ്രനീൽ ആദ്യ ദിനം ക്ലാസിൽ ഇരിക്കുന്ന ദൃശ്യങ്ങളായിരുന്നു.

മാസങ്ങൾക്കു ശേഷം അവനെ കണ്ടപ്പോഴുള്ള വികാരം പറഞ്ഞറിയിക്കാൻ കഴിയില്ല. മകൻ പ്രീ സ്കൂളിൽ പോകാൻ തുടങ്ങിയെന്നു പോലും എനിക്കറിയില്ലായിരുന്നു.’– കമാൻഡർ അഭിലാഷ് ടോമിയുടെ ഓർമകളിൽ അനുഭവ സാഗരം ഇരമ്പി മറിയുമ്പോൾ അരികെ നിശ്ശബ്ദരായി മാതാപിതാക്കളായ ലഫ്റ്റനന്റ് കമാൻഡർ വി.സി.ടോമി(റിട്ട.)യും വത്സമ്മയും അടുത്ത ബന്ധുക്കളും. ഗോൾഡൻ ഗ്ലോബ് മത്സരം വിജയകരമായി പൂർത്തിയാക്കിയ ശേഷം ആദ്യമായി ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു അഭിലാഷ് ടോമി.

‘2012–13ൽ നാവികസേനയ്ക്കു വേണ്ടി നടത്തിയ 151 ദിവസത്തെ യാത്രയുടെ അനുഭവങ്ങളുമായി ഇതിനെ താരതമ്യം ചെയ്യാൻ പറ്റില്ല. 100 മടങ്ങ് കഠിനമായിരുന്നു ഇത്. യാത്ര പൂർത്തിയാക്കുന്ന ഘട്ടത്തിൽ ഞാനും വഞ്ചിയും വളരെ ദുർബലരായിരുന്നു.  ഇത്തവണ തകരാറുകൾ കൂടാൻ സാധ്യതയുള്ള ചെറിയ ബോട്ടായിരുന്നു. മത്സരം തുടങ്ങും മുൻപു ബോട്ട് ഒരു കപ്പലുമായി ഇടിച്ചിരുന്നു. ഈ അപകടത്തിലെ തകരാറുകൾ പരിഹരിക്കാൻ തന്നെ 50 ലക്ഷം രൂപ വേണ്ടി വന്നു. റേസിനിടെ കൊടുങ്കാറ്റിൽ പല തവണ പായകൾ കീറിപ്പോയി, എൻജിൻ ഉൾപ്പെടെ മറ്റു തകരാറുകളും പല തവണയുണ്ടായി. ഇതെല്ലാം സ്വയം നന്നാക്കി പ്രതിസന്ധികളെ മറികടന്നാണു മത്സരം പൂർത്തിയാക്കിയത്’.

ഇത്തരം യാത്രകളിൽ നിയന്ത്രിത ഉറക്കമാണു പ്രധാനമെന്നും അഭിലാഷ് പറയുന്നു. ‘കൊടുങ്കാറ്റ് വീശുന്നതിനിടെയാണെങ്കിലും മതിയായ അളവിൽ ഉറങ്ങിയേ തീരൂ. ഇല്ലെങ്കിൽ ഭ്രമാത്മകമായ അനുഭവങ്ങളുണ്ടാകാം. നാം ഉറങ്ങുമ്പോഴും വഞ്ചി മുന്നോട്ടു പോവുകയാകും എന്നതിനാൽ ദീർഘനിദ്ര പറ്റില്ലെന്ന പ്രശ്നവുമുണ്ട്.

വിവിധ കാലാവസ്ഥാ മേഖലകളിലൂടെയുള്ള സഞ്ചാരം അഭിലാഷിനു സമ്മാനിച്ചതും അതികഠിനമായ അനുഭവങ്ങളാണ്. ‘ഭൂമധ്യരേഖ കടന്നപ്പോൾ പൊള്ളുന്ന ചൂടായിരുന്നു. വിയർത്തു ശരീരമാകെ ചൊറിയാൻ തുടങ്ങി. ചിലെയിലെ കേപ് ഹോണിന് അടുത്തെത്തിയപ്പോൾ കനത്ത മഞ്ഞുവീഴ്ചയായിരുന്നു. ’

ഭാവിയിൽ എന്തെങ്കിലും സാഹസികതകൾക്കു പ്ലാനുണ്ടോയെന്ന ചോദ്യത്തിനു മറുപടിയിങ്ങനെ, ‘ഉടൻ ഒന്നുമില്ല. കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കണം.  പിന്നെ എന്റെ കാര്യമായതു കൊണ്ട് ഒന്നും പറയാനാവില്ല. ചിലപ്പോൾ രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ ഈ ജീവിതം മടുക്കും. അപ്പോൾ പുതിയതെന്തെങ്കിലും ആലോചിച്ചു കൂടെന്നില്ല!’

English Summary : Golden Globe Race participant Abhilash Tomy reached home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com