ADVERTISEMENT

ക്വാലലംപുർ ∙ കിരീട നഷ്ടങ്ങളുടെ നിരാശയിൽ നിന്നു പൊൻതൂവലായി ഉയർന്ന് കേരളത്തിന്റെ സ്വന്തം എച്ച്.എസ്.പ്രണോയ്. മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൻ ടൂർണമെന്റിൽ ജേതാവായതോടെ (സ്കോർ: 21-19, 13-21, 21-18) പുരുഷ സിംഗിൾസിലെ രാജ്യാന്തര കിരീടത്തിനായുള്ള 6 വർഷത്തെ കാത്തിരിപ്പിനാണ് മുപ്പതുകാരൻ പ്രണോയ് വിരാമമിട്ടത്. 

കഴിഞ്ഞവർഷം തോമസ് കപ്പ് ടീം ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം അവസാനമായി വ്യക്തിഗത കിരീടം നേടിയത് 2017ലായിരുന്നു; യുഎസ് ഓപ്പൺ ബാഡ്മിന്റനിൽ. കഴിഞ്ഞ വർഷം സ്വിസ് ഓപ്പണിൽ റണ്ണറപ്പും ഇന്തൊനേഷ്യ ഓപ്പണിൽ സെമിയിലുമെത്തിയ പ്രണോയിക്ക് കയ്യെത്തും ദൂരത്താണ് കിരീടങ്ങൾ നഷ്ടമായത്. 

പ്രണോയിയും ചൈനീസ് താരം വെങ് ഹോങ് യാങ്ങും തമ്മിലുള്ള ആവേശകരമായ ഫൈനൽ മത്സരം ഇന്നലെ നീണ്ടു നിന്നത് 94 മിനിറ്റ്. അത്യുഗ്രൻ സ്മാഷുകളും റിട്ടേണുകളുമായി അപാരമായ കളിമികവു കാട്ടി ഇരുവരും ഒപ്പത്തിനൊപ്പം നിന്നതോടെ 7–7, 10–10, 16-16 എന്നിങ്ങനെയായിരുന്നു ആദ്യ ഗെയിമിലെ സ്കോർ ബോർഡ്. ഒടുവിൽ പരിചയ സമ്പത്തിന്റെ ബലത്തിൽ പ്രണോയ് ഗെയിം സ്വന്തമാക്കി. ലോക റാങ്കിങ്ങിൽ 34–ാം സ്ഥാനത്തുള്ള ചൈനീസ് താരത്തിന്റെ ഉജ്വല തിരിച്ചുവരവാണ് രണ്ടാം ഗെയിമിൽ കണ്ടത്. പ്രണോയിയെ പിഴവുകൾക്കു പ്രേരിപ്പിച്ച് 21–13ന് ഗെയിം വിജയിച്ച ഹോങ് യാങ് മത്സരം മൂന്നാം ഗെയിമിലേക്കു നീട്ടി. 

നിർണായകമായ മൂന്നാം ഗെയിമിൽ 18-18 എന്ന സ്കോറിൽ നിന്ന ശേഷമാണ് ഉജ്വല ഫിനിഷിങ്ങിലൂടെ മലയാളി താരം ഗെയിമും മത്സരവും സ്വന്തമാക്കിയത്. 

രാജ്യാന്തര ബാഡ്മിന്റനിൽ കഴിഞ്ഞ 2 വർഷമായി തുടരുന്ന സ്ഥിരതയാർന്ന പ്രകടനങ്ങളുടെ തുടർച്ചയാണ് പ്രണോയിയുടെ മലേഷ്യൻ കിരീടവും. ഓൾ ഇംഗ്ലണ്ട് ചാംപ്യൻ ലീ ഷി ഫെങ്, ലോക റാങ്കിങ്ങിൽ ആറാമതുള്ള ചൗ ടിയെൻ ചെൻ, മുൻ ചാംപ്യൻ കെന്റ നിഷിമോട്ടോ എന്നിവരെ കഴി‍ഞ്ഞ ഒരാഴ്ചക്കിടെ പ്രണോയ് അട്ടിമറിച്ചിരുന്നു. 

പുരുഷ സിംഗിൾസിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടമായ ഏഴാം റാങ്ക് പ്രണോയ് എത്തിപ്പിടിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഈ സീസണിൽ സിംഗിൾസ് മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ രാജ്യാന്തര കിരീടമാണ് പ്രണോയ് ഇന്നലെ നേടിയത്.

കോർട്ടിൽ പ്രണോയ് ജയം; ‘തിരുമുറ്റത്ത് ’ ആഘോഷം

തിരുവനന്തപുരം ∙ മലേഷ്യൻ മണ്ണിൽ മലയാളിയായ എച്ച്.എസ്.പ്രണോയ് ചരിത്രം കുറിച്ചപ്പോൾ തിരുവനന്തപുരം ആക്കുളം കായലിന് അഭിമുഖമായുള്ള ‘തിരുമുറ്റ’ത്തും ആഹ്ലാദത്തിന്റെ ഓളങ്ങൾ. മകൻ സ്വപ്നനേട്ടം കൈവരിച്ചതിന്റെ ആഹ്ലാദത്തിലാണ് പ്രണോയിയുടെ മാതാപിതാക്കളായ ഹസീനയും പി.സുനിൽകുമാറും. മലേഷ്യ മാസ്റ്റേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ‍ താരമെന്ന നേട്ടവുമായി പ്രണോയ് ചരിത്രത്തിൽ ഇടം നേടിയപ്പോൾ ‘തിരുമുറ്റം’ എന്ന വീട്ടിലേക്ക് അഭിനന്ദന പ്രവാഹ‍മൊഴുകുകയാണ്.

prannoy
മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ പ്രണോയ് ട്രോഫി ഏറ്റുവാങ്ങുന്നത് വീട്ടിലെ ടിവിയിൽ കാണുന്ന അച്ഛൻ സുനിൽ കുമാർ. ചിത്രം: ആർ.എസ്. ഗോപൻ ∙ മനോരമ

എട്ടാം വയസ്സിൽ പ്രണോയിയെ ആദ്യമായി ബാഡ്മി‍ന്റൻ കോർട്ടിലേക്കു കൂട്ടിക്കൊണ്ടു പോയത് സുനിൽ തന്നെ. സ്വയം നേടിയെടുത്ത പാഠങ്ങളി‍ലൂടെയാണ് മകനെ ബാഡ്മിന്റ‍ൻ പരിശീലിപ്പിച്ചത്. തുടക്കത്തിൽ ജൂനിയർ ലോകകപ്പ് ടീമിൽ ഇടം നേടിയത് ഉൾപ്പെടെയുള്ള നേട്ടങ്ങൾ പ്രണോയ് കൊയ്തെടുത്തതിനു പിന്നിൽ അച്ഛന്റെ വിജയ മന്ത്രങ്ങളുമുണ്ടായിരുന്നു. പിന്നീട് തോമസ് കപ്പ് ബാഡ്മി‍ന്റൻ ചാംപ്യൻഷിപ്പിൽ കന്നി കിരീട നേട്ടത്തിൽ ഇന്ത്യയുടെ തുറുപ്പു ചീട്ടായി മകൻ വളർന്നപ്പോൾ സുനിലിന് അഭിമാ‍നത്തിളക്കം.

പക്ഷേ സുനിൽ നേട്ടങ്ങളുടെ ക്രെഡിറ്റ് പൂർണമായും പ്രണോയിയുടെ അധ്വാനത്തിനു നൽകുന്നു. ‘അവൻ അർഹിച്ചതാണ് ഈ വിജയവും ചരിത്ര നേട്ടവും. കുട്ടിക്കാലം മുതൽ പവർ‍ഗെയിമാണ് അവൻ കളിക്കുന്നത്. ഇന്നലെ പ്രണോയിയുടെ ഗെയിം അസാധ്യമായിരുന്നു. ലോകത്തിലെ മികച്ച താരങ്ങളോടൊപ്പം കളിച്ചു വിജയിക്കുക എന്നത് നി‍‍സാരമല്ല, ആദ്യ റൗണ്ട് മുതൽ അവന്റെ മത്സരം കഠിനമായിരുന്നു. – സുനിൽ പറയുന്നു.

സുനിൽ കൂളായി ടിവിയിലൂടെ മത്സരം കണ്ടപ്പോൾ ഹസീന ടെൻഷനിലായിരുന്നു. ഇടയ്ക്കിടെ ടിവിയിൽ വന്ന് സ്കോർ നോക്കി മടങ്ങും.  സുനിലിന്റെ മൂത്ത മകൾ എസ്ബിഐ ഉദ്യോഗസ്ഥ പ്രിയങ്കയും മകൾ ഇഷി‍കയും മത്സരം മുഴുവൻ കണ്ടു. പ്രണോയിയുടെ ഭാര്യയും ഐടി ജീവനക്കാരിയുമായ ശ്വേത ഹൈദരാബാ‍ദിലായിരുന്നു. എയർഫോഴ്സി‍ലെയും ഐഎസ്ആർഒ‍യിലെയും ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച സുനിൽ, ബാഡ്മി‍ന്റൻ പരിശീലനം തുടരുകയാണ്. 

English Summary : HS Pranoi wins Malaysia Masters badminton tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com