തിരുവനന്തപുരം ∙ അനിശ്ചിതത്വങ്ങൾക്കു ശേഷം നടക്കുന്ന, ദേശീയ സ്കൂൾ കായിക മേളയിൽ പങ്കെടുക്കാനായി കേരള ടീമിന്റെ ആദ്യ സംഘം യാത്രയായി. 71 വിദ്യാർഥികളും ഒഫിഷ്യലുകളുമടക്കം 84 പേരുടെ സംഘം കേരള എക്സ്പ്രസിൽ അനുവദിച്ച പ്രത്യേക സെക്കൻഡ് ക്ലാസ് കോച്ചിലാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. 6 മുതൽ 12 വരെ ഡൽഹി, ഭോപ്പാൽ, ഗ്വാളിയർ എന്നിവിടങ്ങളിലാണു സ്കൂൾ കായിക മേളയുടെ വിവിധ മത്സരങ്ങൾ നടക്കുന്നത്.
സംഘത്തെ യാത്രയാക്കാൻ മന്ത്രി വി.ശിവൻകുട്ടിയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഇന്നും നാളെയും 80 പേർ വീതമുള്ള സംഘങ്ങൾ കേരള എക്സ്പ്രസിലും നാളെ 190 പേരുടെ സംഘം കൊച്ചിയിൽ നിന്ന് ഹിമസാഗർ എക്സ്പ്രസിലും യാത്ര തിരിക്കും. മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതിയതിന്റെ അടിസ്ഥാനത്തിൽ എല്ലാ ട്രെയിനുകളിലും താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിച്ചിട്ടുണ്ട്.
English Summary : National school athletic meet