ബാങ്കോക്ക് ∙ തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റനിൽ ചൈനയുടെ ലോക 9–ാം നമ്പർ താരം ഷി യുകിയെ അട്ടിമറിച്ച് മലയാളി താരം കിരൺ ജോർജ്. 2018 ലോക ചാംപ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ് കൂടിയായ യുകിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് കൊച്ചി സ്വദേശിയായ കിരൺ വീഴ്ത്തിയത് (21–18, 22–20).
കഴിഞ്ഞ വർഷത്തെ ഒഡീഷ ഓപ്പൺ ജേതാവായ കിരൺ ഇപ്പോൾ ലോക റാങ്കിങ്ങിൽ 59–ാം സ്ഥാനത്താണ്. ബാഡ്മിന്റൻ മുൻ ദേശീയ ചാംപ്യനും അർജുന അവാർഡ് ജേതാവുമായ ജോർജ് തോമസിന്റെ മകനാണ്.
ബെംഗളൂരുവിലെ പ്രകാശ് പദുക്കോൺ അക്കാദമിയിലാണ് ഇരുപത്തിമൂന്നുകാരനായ കിരൺ ഇപ്പോൾ പരിശീലനം നടത്തുന്നത്. കിരണിന്റെ അമ്മ പ്രീതയും ദേശീയ യൂണിവേഴ്സിറ്റി ബാഡ്മിന്റൻ താരമാണ്. ജ്യേഷ്ഠൻ അരുൺ ജോർജും ഇന്ത്യൻ താരമാണ്. സൂപ്പർ 500 ടൂർണമെന്റായ തായ്‌ലൻഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ കിരൺ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ നേരിടും.
വനിതാ സിംഗിൾസിൽ സൈന നെഹ്‌വാൾ, അഷ്മിത ചാലിഹ, പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ, പുരുഷ ഡബിൾസിൽ സാത്വിക്‌സായ്‌രാജ് രംഗിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യവും എന്നിവരും ഇന്നലെ ഒന്നാം റൗണ്ട് ജയിച്ചു.
എന്നാൽ പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും ബി.സായ് പ്രണീതും വനിതാ സിംഗിൾസിൽ പി.വി.സിന്ധുവും തോറ്റു പുറത്തായി. കാനഡയുടെ മിഷേൽ ലീയോടാണ് സിന്ധു പരാജയപ്പെട്ടത് (8–21,21–18,18–21).
English Summary : Thailand open badminton match update