സലാല ∙ ഏഷ്യ കപ്പ് ജൂനിയർ ഹോക്കിയിൽ പാക്കിസ്ഥാനെ തോൽപിച്ച് ഇന്ത്യ കിരീടം നിലനിർത്തി. ഇരുടീമുകളും ആദ്യാവസാനം ആവേശത്തോടെ പൊരുതിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 2–1ന്. ജൂനിയർ ഏഷ്യ കപ്പിൽ ഇന്ത്യയുടെ നാലാം കിരീടമാണിത്.
കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ 12–ാം മിനിറ്റിൽ അംഗദ് ബിർ സിങ്ങിലൂടെ ആദ്യ ഗോൾ നേടി. സമനില ഗോളിനായി കൗണ്ടർ അറ്റാക്കിനിറങ്ങിയ പാക്കിസ്ഥാന്റെ പ്രതിരോധത്തിൽ വന്ന പിഴവ് മുതലെടുത്ത് 19–ാം മിനിറ്റിൽ അറൈജീത് സിങ് ഹുൻഡലിലൂടെ ഇന്ത്യ ലീഡ് ഉയർത്തി. 37–ാം മിനിറ്റിൽ അലി ബഷാറത്തിലൂടെ പാക്കിസ്ഥാൻ ഒരു ഗോൾ മടക്കിയെങ്കിലും പ്രതിരോധത്തിൽ ഉറച്ചു നിന്ന ഇന്ത്യൻ താരങ്ങൾ, പാക്കിസ്ഥാനെ സമനില ഗോൾ നേടാൻ അനുവദിച്ചില്ല. അവസാന ക്വാർട്ടറിൽ പാക്കിസ്ഥാന്റെ ഗോളെന്നുറപ്പിച്ച 3 ശ്രമങ്ങൾ സേവ് ചെയ്ത് ഗോളി എച്ച്.എസ്.മോഹിത്താണ് ടീം ഇന്ത്യയുടെ രക്ഷകനായത്. ക്യാപ്റ്റൻ ഉത്തം സിങ്ങാണ് പ്ലെയർ ഓഫ് ദ് മാച്ച്.
English Summary : Indian team win in hockey match