പാരിസ് ഡയമണ്ട് ലീഗ് ലോങ്ജംപിൽ ശ്രീശങ്കറിന് മൂന്നാം സ്ഥാനം; ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി
Mail This Article
പാരിസ് ∙ ലോങ്ജംപിലെ മറ്റൊരു ചരിത്രനേട്ടത്തിലേക്ക് മലയാളി താരം എം.ശ്രീശങ്കറിന്റെ കുതിച്ചുചാട്ടം. പാരിസ് ഡയമണ്ട് ലീഗ് മീറ്റിൽ പുരുഷ ലോങ്ജംപിൽ മൂന്നാം സ്ഥാനം കൈവരിച്ച ശ്രീശങ്കർ (8.09 മീറ്റർ), ഡയമണ്ട് അത്‍ലറ്റിക്സിൽ ആദ്യ 3 സ്ഥാനങ്ങളിലൊന്നു നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയുമായി. ഒളിംപിക്സ് ചാംപ്യൻ നീരജ് ചോപ്രയും ഡിസ്കസ്ത്രോ താരം വികാസ് ഗൗഡയുമാണ് മുൻപ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ അത്‌ലീറ്റുകൾ. ഡയമണ്ട് ലീഗിലെ ജംപ് ഇനങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച നേട്ടവും ശ്രീയുടെ പേരിലായി.
പുരുഷ ലോങ്ജംപിൽ ലോകത്തെ ഏറ്റവും മികച്ച 10 താരങ്ങളാണ് പാരിസ് ഡയമണ്ട് ലീഗ് മീറ്റിൽ മത്സരിച്ചത്. ഒന്നാംസ്ഥാനം നേടിയ ഗ്രീസിന്റെ ഒളിംപിക്സ് ചാംപ്യൻ മിൽത്തിയാദിസ് തെന്റോഗ്ലൂവിനേക്കാൾ (8.13 മീറ്റർ) 4 സെന്റിമീറ്റർ മാത്രം പിന്നിലായിരുന്നു മലയാളി താരം. സ്വിറ്റ്സർലൻഡിന്റെ സൈമൺ ഇഹാമെറിനാണ് രണ്ടാംസ്ഥാനം (8.11 മീറ്റർ). ഒളിംപിക്സ് വെങ്കല ജേതാവ് ക്യൂബയുടെ മെയ്ക്കൊ മാസ്സോ, ലോക നാലാം നമ്പർ സ്വീഡന്റെ തോബിയാസ് മോൺട്രലർ എന്നിവരെല്ലാം ശ്രീശങ്കറിന് പിന്നിലായി. ഡയമണ്ട് ലീഗിൽ ശ്രീയുടെ രണ്ടാം മത്സരമായിരുന്നു ഇത്. കഴിഞ്ഞവർഷം മൊണാക്കോ ഡയമണ്ട് ലീഗിൽ ആറാം സ്ഥാനത്തായിരുന്നു.
ഡയമണ്ട് ലീഗിലെ ഇന്ത്യൻ നേട്ടങ്ങൾ
2012 ന്യൂയോർക്ക്: വികാസ് ഗൗഡ– രണ്ടാംസ്ഥാനം
2014 ദോഹ: വികാസ് ഗൗഡ– രണ്ടാംസ്ഥാനം
2015 ഷാങ്ഹായ്: വികാസ് ഗൗഡ– മൂന്നാംസ്ഥാനം
2015 യൂജിൻ: വികാസ് ഗൗഡ– മൂന്നാംസ്ഥാനം
2022 സ്റ്റോക്കോം: നീരജ് ചോപ്ര– രണ്ടാംസ്ഥാനം
2022 ലുസൈൻ: നീരജ് ചോപ്ര– ഒന്നാംസ്ഥാനം
2022 ഡയമണ്ട് ലീഗ് ഫൈനൽസ്: നീരജ് ചോപ്ര– ചാംപ്യൻ
2023 ദോഹ: നീരജ് ചോപ്ര– ഒന്നാംസ്ഥാനം
2023 പാരിസ്: എം.ശ്രീശങ്കർ– മൂന്നാംസ്ഥാനം
English Summary : Sreesankar achieved Paris Diamond League Long Jump Third place