ADVERTISEMENT

നോർവേക്കാർ സമീപകാലത്ത് ഏറ്റവും നന്നായി ഉറങ്ങിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. അതിനു മുൻപുള്ള 2 ദിവസം അവർ മണിക്കൂറുകളോളം അവർ ടിവിയിലും മൊബൈലിലും കണ്ണുനട്ടിരിക്കുകയായിരുന്നു! യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലും ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലുമാണ് നോർവേക്കാരുടെ ഉറക്കം കളഞ്ഞത്. ഇസ്തംബുളിലും പാരിസിലുമായി നടന്ന രണ്ടു ഫൈനലുകളിലും നോർവേയുടെ രണ്ട് സൂപ്പർ താരങ്ങളുണ്ടായിരുന്നു. ഫുട്ബോളർ എർലിങ് ഹാളണ്ടും ടെന്നിസ് താരം കാസ്പർ റൂഡും. ഹാളണ്ടിന്റെ മാഞ്ചസ്റ്റർ സിറ്റി ജയിച്ച് കിരീടം ചൂടിയപ്പോൾ‌ റൂഡ് സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനു മുന്നിൽ വീണു പോയി. എങ്കിലും നോർവേക്കാർക്കു വലിയ സങ്കടമില്ല. കാരണം ലോക കായികവേദികളിൽ ഇപ്പോൾ അവരുടെ കാലമാണ്!

ഗോൾഫ് മുതൽ ചെസ് വരെ

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഗോൾ റെക്കോർഡ് സൃഷ്ടിച്ച ഹാളണ്ടിലും എടിപി ലോക റാങ്കിങ്ങിൽ 4–ാം സ്ഥാനത്തുള്ള റൂഡിലും തീരുന്നില്ല നോർവേയുടെ നിലവിലെ കായികപ്പെരുമ. ലോക ചെസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മാഗ്നസ് കാൾസൻ, ലോക ഗോൾഫ് റാങ്കിങ്ങിൽ 5–ാം സ്ഥാനത്തുള്ള വിക്ടർ ഹോവ്‌ലാൻഡ്, 400 മീറ്റർ ഹർഡിൽസിൽ നിലവിലെ ലോക റെക്കോർഡും ഒളിംപിക് റെക്കോർഡും പേരിലുള്ള കാർസ്റ്റൻ വാർഹോം, 1500 മീറ്ററിൽ ഒളിംപിക് ചാംപ്യനും 5000 മീറ്ററിൽ ലോക ചാംപ്യനുമായ യാക്കോബ് ഇന്യെബ്രിറ്റ്സൻ, വനിതകളുടെ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ അദ ഹെഗർബെർഗ് എന്നിവരെല്ലാം ഈ കൊച്ചു നോർഡിക് രാജ്യത്തു നിന്നുള്ളവരാണ്. ലോകത്തെ ഏറ്റവും മികച്ച ‘കായിക രാജ്യത്തെ’ തിരഞ്ഞെടുക്കുന്ന ഒരു വെബ്സൈറ്റിന്റെ (greatestsportingnation.com) പട്ടികയിൽ യുഎസ്, ചൈന എന്നിവയെ പിന്നിലാക്കി നിലവിൽ ഒന്നാം സ്ഥാനത്താണ് വെറും 55 ലക്ഷം മാത്രം ജനസംഖ്യയുള്ള നോർവേ. ഇക്കഴിഞ്ഞ ബെയ്ജിങ് ശീതകാല ഒളിംപിക്സിലെ പ്രകടനമാണ് അവരെ ഒന്നാമതെത്തിച്ചത്. 16 സ്വർണം ഉൾപ്പെടെ 37 മെഡലുകളുമായാണ് നോർവേ ഒന്നാമതെത്തിയത്.  

വിജയരഹസ്യം ഇദ്രെറ്റ്സ്‌ഗ്ലെദ്

വർഷം മുഴുവൻ നിറഞ്ഞു നിൽക്കുന്ന മഞ്ഞും സ്കീയിങ്, സ്കേറ്റിങ് തുടങ്ങിയ കായിക വിനോദങ്ങൾക്കു വേണ്ട സൗകര്യവും മികച്ച സാമ്പത്തിക ശേഷിയും വിന്റർ സ്പോർട്ടുകളിൽ നോർവേയെ സഹായിക്കുന്നു എന്നു പറയാം. എന്നാൽ അത്‌ലറ്റിക്സും ഫുട്ബോളും പോലുള്ള കായിക ഇനങ്ങളിലും നോർവേ മുന്നേറുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്: ‘ഇദ്രെറ്റ്സ്‌ഗ്ലെദ്’ എന്ന അവരുടെ കായിക നയം. ‘ജോയ് ഓഫ് സ്പോർട്ട്’ എന്നാണ് ഈ നോർവീജിയൻ വാക്കിന് അർഥം. കായിക ഇനങ്ങൾ മത്സരം എന്നതിനപ്പുറം സന്തോഷമാണ് എന്നതാണ് അതിന്റെ കാതൽ. ഇദ്രെറ്റ്സ്‌ഗ്ലെദിന്റെ ചുവടു പിടിച്ചാണ് നോർവേയിലെ കായിക പ്രവർത്തനങ്ങളെല്ലാം.

നോർസ്ക്ടിപ്പിങ് എന്ന ദേശീയ ലോട്ടറിയുടെ ധനസഹായത്തോടെ നടത്തുന്ന പതിനായിത്തിലേറെ പ്രാദേശിക ക്ലബ്ബുകൾ നോർവെയിലുണ്ട്. ചെറുപ്രായത്തിൽ തന്നെ ഇത്തരം പ്രാദേശിക ക്ലബ്ബുകളിൽ ചേർന്ന് ഇഷ്ടമുള്ള കായിക ഇനങ്ങളിലെല്ലാം പരിശീലനം നേടാൻ നോർവേയിലെ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. എന്നാൽ അണ്ടർ 13 പ്രായവിഭാഗം വരെയുള്ള ടൂർണമെന്റുകളിലൊന്നും മെഡൽ പട്ടികയോ സ്കോറിങ് രീതിയോ ഇല്ല! ഇങ്ങനെ മത്സരസമ്മർദമില്ലാതെ എല്ലാ കായിക ഇനങ്ങളും പരിചയപ്പെട്ട ശേഷമാണ് ഓരോരുത്തരും തങ്ങളുടെ ഇഷ്ടയിനം തിരഞ്ഞെടുക്കുന്നത്. അതിൽ ഏറ്റവും മികവു പുലർത്തുന്നവർ തലസ്ഥാനമായ ഓസ്‌ലോയിലെ ഒളിംപിയടോപ്പൻ എലീറ്റ് സ്പോർട്ടിങ് സെന്ററിലെത്തുന്നു.

ഹാൻഡ്ബോൾ, ഗോൾഫ്, അത്‌ലറ്റിക്സ്, സ്കീയിങ് എന്നിവയെല്ലാം പയറ്റിത്തെളിഞ്ഞതിനു ശേഷമാണ് എർലിങ് ഹാളണ്ട് ഫുട്ബോളിലെത്തിയത്. മൈതാനത്ത് ഡിഫൻഡർമാർക്കു പിടികൊടുക്കാതെ കുതിക്കുന്ന ഹാളണ്ടിന്റെ ചലനങ്ങളിൽ ഈ കായിക ഇനങ്ങളുടെ സ്വാധീനം കാണുന്നതു വെറുതെയാണോ..!

English Summary : How Norway making their sports super stars?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com