ഗുസ്തി താരങ്ങൾക്ക് വിദേശ പരിശീലനത്തിന് അനുമതി
Mail This Article
ന്യൂഡൽഹി ∙ ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവർക്കു വിദേശത്തു പരിശീലനം നടത്താൻ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി. ഒളിംപിക്സ് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ കിർഗ്സ്ഥാനിലെ ഇസിക് കുള്ളിലാണു 36 ദിവസം പരിശീലനം നടത്തുക. ഏഷ്യൻ ജേതാവായ വിനേഷ് ഫോഗട്ട് ഹംഗറിയിൽ 18 ദിവസം പരിശീലനം നടത്തും.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ടുള്ള സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന ഇരുവരും ഏതാനും മാസങ്ങളായി പരിശീലനത്തിൽ നിന്നു മാറി നിൽക്കുകയായിരുന്നു. വിദേശ പരിശീലനത്തിനുള്ള അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനുള്ളിൽ ടാർജറ്റ് ഒളിംപിക് പോഡിയം സ്കീമിൽ(ടോപ്സ്) ഉൾപ്പെടുത്തി ഇതിന് അംഗീകാരം നൽകിയതായി മന്ത്രാലയം വ്യക്തമാക്കി. വിനേഷിനൊപ്പം ഫിസിയോതെറപ്പിസ്റ്റ് അശ്വിനി ജീവൻ പാട്ടിൽ, പരിശീലകൻ സുധേഷ്, ഗോദയിലെ പങ്കാളി സംഗീത ഫോഗട്ട് എന്നിവരും ഹംഗറിയിലേക്കു പോകുന്നുണ്ട്.
പുനിയയുടെ സംഘത്തിൽ പരിശീലകൻ സുജീത് മൻ, ഫിസിയോതെറപ്പിസ്റ്റ് അഞ്ജു ഗുപ്ത, ഗോദയിലെ എതിരാളി ജിതേന്ദർ കിൻഹ, പരിശീലക സംഘത്തിലെ കാസി ഹസൻ എന്നിവരുണ്ട്.
English Summary : Permission to wrestlers for Foreign practice