ADVERTISEMENT

ന്യൂഡൽഹി ∙ ഒളിംപിക് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയയ്ക്കും ലോക ചാംപ്യൻഷിപ് മെഡൽ ജേത്രി വിനേഷ് ഫോഗട്ടിനും ട്രയൽസിൽ പങ്കെടുക്കാതെ തന്നെ ഏഷ്യൻ ഗെയിംസിനു യോഗ്യത നൽകിയ നടപടി വിവാദമാകുന്നു. ദേശീയ പരിശീലകരുടെ അനുമതിയോ അറിവോ കൂടാതെയാണ് ഇന്ത്യ‍ൻ റെസ്‌ലിങ് ഫെഡറേഷന്റെ ഇടക്കാല ഭരണസമിതി ഇരുവർക്കും യോഗ്യത അനുവദിച്ചത്. മറ്റു റെസ്‌ലിങ്താരങ്ങളും പരിശീലകരും ഇതിനെതിരെ ശബ്ദമുയർത്തിക്കഴി‍ഞ്ഞു.

റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ന്യൂഡൽഹിയിൽ നടന്ന സമരത്തിനു നേതൃത്വം നൽകിയ ബജ്‌രംഗിനും വിനേഷിനും ഈ വർഷം മത്സരങ്ങളിലൊന്നും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, സമരരംഗത്തുണ്ടായിരുന്ന സാക്ഷി മാലിക്, സംഗീത ഫോഗട്ട് എന്നിവർ ഉൾപ്പെടെയുള്ള മറ്റു 4 പേർക്ക് അഡ്‌ഹോക് കമ്മിറ്റി ഈ അനുകൂല്യം നൽകിയതുമില്ല. അവർ 4 പേരും ഏഷ്യൻ ഗെയിംസ് യോഗ്യതയ്ക്ക് ഈയാഴ്ച നടക്കുന്ന ട്രയൽസിന് ഇറങ്ങണം.

ബജ്‌രംഗിന്റെയും (പുരുഷ ഫ്രീസ്റ്റൈൽ 65 കിലോ) വിനേഷിന്റെയും (വനിത 53 കിലോ) വിഭാഗങ്ങളിൽ ഈ വർഷം മറ്റ് ഇന്ത്യൻ റെസ്‌ലിങ് താരങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അവർക്ക് അവസരം നിഷേധിക്കുന്ന തരത്തിലാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ ഇടപെടലെന്നാണ് വിമർശനം.

English Summary: Direct Asian Games qualification for Bajrang and Vinesh; Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com