ADVERTISEMENT

ന്യൂഡൽഹി ∙ ഒളിംപിക്സ് മെഡൽ ജേതാവ് ബജ്‍‌രംഗ് പുനിയയ്ക്കും ലോകചാംപ്യൻഷിപ് മെഡൽ ജേത്രി വിനേഷ് ഫോഗട്ടിനും ട്രയൽസിൽ പങ്കെടുക്കാതെ തന്നെ ഏഷ്യൻ ഗെയിംസ് ഗുസ്തി മത്സരത്തിനു നേരിട്ടു യോഗ്യത നൽകിയ സംഭവത്തിലെ പ്രതിഷേധങ്ങൾ ഗോദ വിട്ട് പുറത്തേക്ക്. വിവാദ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജൂനിയർ ഗുസ്തി താരങ്ങളും മാതാപിതാക്കളും പരിശീലകരുമടക്കം 150 പേർ ഇന്നലെ ഡൽഹിയിലെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ആസ്ഥാനത്തെത്തി. ഐഒഎ പ്രസിഡന്റ് പി.ടി.ഉഷ, അഡ്ഹോക് കമ്മിറ്റി തലവൻ ഭുപേന്ദർ സിങ് ബജ്‌വ എന്നിവരെ നേരിൽ കാണണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. കഴിഞ്ഞദിവസം ഹരിയാനയിലെ ഹിസാറിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചവരാണ് ഇന്നലെ ഡൽഹിയിലുമെത്തിയത്.

അതിനിടെ ബജ്‌രംഗിനും വിനേഷിനും ഏഷ്യൻ ഗെയിംസ് യോഗ്യത നൽകിയ തീരുമാനം ചോദ്യം ചെയ്ത് മറ്റു സീനിയർ റസ്‌ലിങ് താരങ്ങളും രംഗത്തെത്തി. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനു ജൂനിയർ ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധം ന്യായമാണെന്നും അവരെ പിൻതുണയ്ക്കുന്നുവെന്നും ലോക ചാംപ്യൻഷിപ് മെഡൽ ജേതാവ് അൻഷു മാലിക് പറഞ്ഞു. വിനേഷിനും ബജ്‍രംഗിനുമൊപ്പം മുൻപ് ജന്തർ മന്ദിറിലെ സമരത്തിൽ പങ്കെടുത്തയാളാണ് അൻഷു. ഏഷ്യൻ ഗെയിംസ് ടീം തിര‍ഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്തണമെന്ന് പുരുഷ താരം യോഗേശ്വർ ദത്തും അഭിപ്രായപ്പെട്ടു.

നാളെ ആരംഭിക്കുന്ന ഗുസ്തി സിലക്ഷൻ ട്രയൽസിൽ നിന്ന് ബജ്‍‌രംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനും ഇളവ് നൽകിയ അഡ്ഹോക് കമ്മിറ്റി തീരുമാനമാണ് വിവാദമായത്. ബജ്‌രംഗിന്റെയും (പുരുഷ ഫ്രീസ്റ്റൈൽ 65 കിലോ) വിനേഷിന്റെയും (വനിത 53 കിലോ) വിഭാഗങ്ങളെ ഒഴിവാക്കി മറ്റു വിഭാഗങ്ങളിൽ മാത്രമാണ് ട്രയൽസ് നടത്താൻ ഒരുങ്ങുന്നത്. വിനേഷിന്റെ ഭാരവിഭാഗത്തിൽ തന്നെ മത്സരിക്കുന്ന അണ്ടർ 20 വിഭാഗം ലോക ചാംപ്യൻ അന്റിം പംഘലാണ് പ്രതിഷേധത്തിന്റെ മുൻനിരയിലുള്ളത്. 

English Summary: Asian Games Selection Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com