ADVERTISEMENT

ബർലിൻ ∙ ലോക അമ്പെയ്ത്ത് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. കഴിഞ്ഞ ദിവസം വനിതകളുടെ കോംപൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയ ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത് 2 സ്വർണവും ഒരു വെങ്കലവും. വനിതകളുടെ കോംപൗണ്ട് വ്യക്തിഗത വിഭാഗത്തിൽ അദിതി സ്വാമിയും പുരുഷന്മ‍ാരിൽ ഓജസ് പ്രവീൺ ദേവ്‌താലെയുമാണ് ഇന്നലെ സ്വർണം എയ്തു വീഴ്ത്തിയത്.

വനിതകളുടെ കോംപൗണ്ട് വ്യക്തിഗത വിഭാഗത്തിൽ ജ്യോതി സുരേഖ വെങ്കലവും നേടി. ലോക ചാംപ്യൻഷിപ്പിലെ എക്കാലത്തെയും മികച്ച നേട്ടവുമായിട്ടാണ് (3 സ്വർണം, ഒരു വെങ്കലം) ഇന്ത്യ ബർലിനിൽ നിന്നു മടങ്ങുന്നത്. വരാനിരിക്കുന്ന ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഈ നേട്ടം ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകും. എന്നാൽ അടുത്ത വർഷം നടക്കുന്ന പാരിസ് ഒളിംപിക്സിൽ കോംപൗണ്ട് വിഭാഗത്തിൽ ആർച്ചറി മത്സരമില്ല. റീകർവ് ഇനത്തിൽ മാത്രമാണ് മത്സരം. 

മെക്സിക്കൻ താരം ആൻഡ്രിയെ ബെസെറയെ ഫൈനലിൽ തോൽപിച്ചാണ് (149–147) പതിനേഴുകാരി അദിതി ചാംപ്യൻഷിപ്പിൽ രണ്ടാം സ്വർണം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം കോംപൗണ്ട് ടീം വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും അദിതിയുണ്ടായിരുന്നു. ലോക ചാംപ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവും മഹാരാഷ്ട്രയിലെ സത്താര സ്വദേശിനിയായ അദിതിക്കു സ്വന്തമായി.

കഴിഞ്ഞ മാസം ജൂനിയർ വിഭാഗത്തിലും (അണ്ടർ–18) അദിതി ലോക ചാംപ്യൻ പട്ടം നേടി. സെമിയിൽ തന്റെ റോൾ മോഡലായ ഇന്ത്യൻ സഹതാരം ജ്യോതി സുരേഖയെയാണ് അദിതി തോൽപിച്ചത് (149–145). പിന്നീട് വെങ്കല മെഡൽ മത്സരത്തിൽ ജയിച്ചതോടെ ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിനിയായ ജ്യോതിക്ക് 3 ലോക ചാംപ്യൻഷിപ്പുകളിൽ നിന്നായി 8 മെഡലുകളായി– ഒരു സ്വർണം, 4 വെള്ളി, 3 വെങ്കലം. 

പുരുഷൻമാരുടെ കോംപൗണ്ട് വിഭാഗം ഫൈനലിൽ പോളണ്ടിന്റെ ലൂക്കാസ് പ്രിബ്ലാസ്കിയെയാണ് ഓജസ് പ്രവീൺ തോൽപിച്ചത്. പരമാവധി നേടാവുന്ന 150 പോയിന്റും പ്രവീൺ നേടിയപ്പോൾ പോളിഷ് താരം ഒരു പോയിന്റ് പിന്നിലായി. അദിതിക്കൊപ്പം മഹാരാഷ്ട്രയിലെ സത്താരയിൽ കോച്ച് പ്രവീൺ സാവന്തിനു കീഴിലാണ് ഓജസും പരിശീലിക്കുന്നത്.

English Summary : India bagged 2 golds and a bronze yesterday in World Archery Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com