ADVERTISEMENT

തിരുവനന്തപുരം∙ അർഹമായ സർക്കാർ ജോലി വർഷങ്ങളായിട്ടും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന 41 കായിക താരങ്ങൾക്കു നിയമനം നൽകാനുള്ള ശുപാർശ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വന്നെങ്കിലും തീരുമാനം മാറ്റി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമുള്ള  മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. ഈ കാര്യം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ താരങ്ങളെ അറിയിച്ചതോടെ 17 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ അവർ തുടരുന്ന സമരം അവസാനിപ്പിച്ചു. 

2010 മുതൽ 2014 വരെയുള്ള സ്‌പോർട്‌സ് ക്വോട്ടയിലേക്ക് 249 താരങ്ങൾക്കു നിയമനം നൽകാനുള്ള നടപടികൾ 8 വർഷം മുൻപാണ് ആരംഭിച്ചത്. ഈ പട്ടികയിൽ ഇനിയും ജോലി ലഭിക്കാൻ ശേഷിക്കുന്ന 41 പേരാണ് അർഹമായി ജോലിക്കായി ഇപ്പോഴും പ്രതിഷേധ രംഗത്തു തുടരുന്നത്. രണ്ടു വർഷം മുൻപ് തല മുണ്ഡനം ചെയ്തടക്കം സമരം ചെയ്തപ്പോൾ വിഷയം പഠിക്കാൻ സമിതിയെ നിയോഗിച്ച സർക്കാർ 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് അനുസരിച്ച് നടപടി എടുക്കാമെന്നു വാഗ്ദാനം ചെയ്താണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ അതു വെറുംവാക്കായതോടെയാണ്  ജീവിക്കാനായി ദിവസക്കൂലിക്കു പോലും ജോലി ചെയ്യുന്ന താരങ്ങൾ വീണ്ടും സമരം ആരംഭിച്ചത്.   

ആദ്യ ഘട്ടത്തിൽ ധനവകുപ്പിന്റെ എതിർപ്പ് അടക്കം പല സാങ്കേതിക തടസ്സങ്ങളാണ് ജോലി നൽകാൻ വൈകുന്നതിനു സർക്കാർ നിരത്തുന്ന ന്യായവാദം. 2015 മുതലുള്ള സ്പോർട്സ് ക്വോട്ട നിയമനങ്ങളും ഇനി നടത്താനുണ്ട്.

English Summary: Sports stars stopped protest for job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com