തിരഞ്ഞെടുപ്പ് സമയത്തിന് നടത്തിയില്ല, ഇന്ത്യൻ ഗുസ്തി ഫെഡറേഷന് വിലക്ക്
Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കണമെന്ന നിർദേശം പാലിക്കാത്തതിനാൽ ഇന്ത്യൻ റെസ്‌ലിങ് ഫെഡറേഷന് രാജ്യാന്തര ഗുസ്തി ഭരണസമിതിയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിങ് (യുഡബ്ല്യുഡബ്ല്യു) വിലക്കേർപ്പെടുത്തി. ഇതോടെ അടുത്തമാസം സെർബിയയിൽ നടക്കുന്ന ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ ‘സ്വതന്ത്ര’ അത്‌ലീറ്റുകളായി മത്സരിക്കേണ്ടിവരും.
ഇവരുടെ മെഡൽ നേട്ടങ്ങൾ രാജ്യത്തിന്റെ നേട്ടമായി പരിഗണിക്കില്ല. എന്നാൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ പങ്കാളിത്തത്തിന് വിലക്ക് ഭീഷണിയല്ല. ഇന്ത്യൻ ഒളിംപിക് അസോസിയേഷന് കീഴിലാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്നത് എന്നതിനാലാണിത്.
ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷൺ ശരൺ സിങ് അധ്യക്ഷനായ സമിതിയെ പിരിച്ചുവിട്ട് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ റെസ്‌ലിങ് ഫെഡറേഷന്റെ നടത്തിപ്പിനായി കഴിഞ്ഞ ഏപ്രിലിൽ അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചിരുന്നു. ജൂലൈ മുതൽ കമ്മിറ്റി തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും വിവിധ ഹൈക്കോടതികൾ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തതു തിരിച്ചടിയായി.
English Summary : Ban for Indian Wrestling Federation