ADVERTISEMENT

ചെസിനെക്കുറിച്ചു 3 വാക്കിൽ വിവരിക്കുക എന്ന ചോദ്യം നൽകിയപ്പോൾ മാഗ്നസ് കാൾസൻ ഉത്തരം എഴുതി: അതു ഞാൻ തന്നെ. അതിനു മറുപടിയായി മറ്റൊരാൾ എഴുതി: അയാൾ കള്ളം പറയുകയല്ല. ആ ഉത്തരങ്ങൾ രണ്ടും ശരിയാണ്. ലോകകപ്പ് വിജയത്തോടെ ആ ഉത്തരം കുറച്ചുകൂടി ശരിയായിരിക്കുന്നു എന്നു മാത്രം. ഇതിനു മുൻപ് അങ്ങനെ പറഞ്ഞത് ബോക്സിങ് ഇതിഹാസം മുഹമ്മദാലിയായിരുന്നു (I am the greatest).

കാൾസന്റെ നേട്ടങ്ങൾ നോക്കുക: ജൂലൈ 2011 മുതൽ ലോക ഒന്നാം നമ്പർ താരം, 5 ക്ലാസിക്കൽ ലോക കിരീടങ്ങൾ, 4 റാപിഡ് ലോക കിരീടങ്ങൾ, 6 ബ്ലിറ്റ്സ് ലോക കിരീടങ്ങൾ. പ്രശസ്തമായ ടാറ്റാ സ്റ്റീൽ കിരീടം 8 തവണ, നോർവേ ചെസ് കിരീടം 5, ലണ്ടൻ ചെസ് 4, സ്വിൻക്ഫീൽഡ് കപ്പ് 4, ഗ്രാൻഡ് ചെസ് ടൂർ 2. കിട്ടാക്കനിയായിരുന്നത് ലോകകപ്പ് മാത്രം. ഇത്തവണ അതും നേടിയിരിക്കുന്നു.

‘ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നു, തിന്നേണ്ടതെല്ലാം തിന്നിരിക്കുന്നു. ഇനി ധൈര്യമായി മരിക്കാം. ഇതൊരു ചാൻസ് ആണ്’–എന്നു വികെഎന്നിന്റെ പ്രശസ്തനായ പയ്യൻ കഥാപാത്രം പറഞ്ഞതുപോലെ പറയാൻ മാഗ്നസ് കാൾസൻ തയാറല്ലെന്നു മാത്രം!

ലോക ചാംപ്യൻഷിപ് മത്സരത്തിലെ വളരെ സമ്മർദമുണ്ടാക്കുന്ന ഫോർമാറ്റിൽ (12 ക്ലാസിക് ഗെയിമുകളുടെ നേരിട്ടുള്ള പോരാട്ടം) തനിക്കു താൽപര്യമില്ലെന്നും കൂടുതൽ വേഗ മൽസരങ്ങൾ‌ ഉൾപ്പെടുത്തിയുള്ള രീതി വന്നാൽ അല്ലാതെ താൻ ഇനി ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കില്ലെന്നുമുള്ള നയം ലോകകപ്പ് വിജയത്തിനു ശേഷവും കാൾസൻ വ്യക്തമാക്കി. കഴിഞ്ഞ ചാംപ്യൻഷിപ്പിൽനിന്നു കാൾസൻ പിൻ‌മാറിയതും ഇതേ കാരണത്താലായിരുന്നു.

‘ക്ലാസിക്കൽ ഫോർമാറ്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇനി ഞാൻ സിലക്ടീവ് ആയിരിക്കും. ഞാൻ ഇതു മുൻപും പറഞ്ഞിട്ടുള്ളതാണ്. ഞാനതു പറയുമ്പോൾ‌ ഞാനതുതന്നെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവരും മനസ്സിലാക്കണം’’– കാൾസൻ തീരുമാനം മാറ്റും മാറ്റിയേക്കും എന്നും മറ്റുമുള്ള അഭിപ്രായങ്ങളെക്കുറിച്ച് അസന്ദിഗ്ധമായ നിലപാടു പ്രഖ്യാപിക്കുന്നു ഈ നോർവേക്കാരൻ. താൻ ഇനിയും കളി തുടരും, ഏതൊക്കെ എവിടെയൊക്കെ എന്നത് ലോക ചെസ് സംഘടനയുടെ ഭാവിതീരുമാനങ്ങളെ ആശ്രയിച്ചിരിക്കും എന്നു സാരം.

ലോകകപ്പ് ഫൈനലിൽ തന്റെ എതിരാളിയായ ആർ. പ്രഗ്നാനന്ദയോടും പുതുതലമുറയിലെ ഇന്ത്യൻ താരങ്ങളോടുമുള്ള ആദരം മറച്ചുവയ്ക്കുന്നുമില്ല മുൻ ലോക ചാംപ്യൻ: ‘‘എത്ര കടുത്ത മൽസരങ്ങൾ കടന്നാണ് പ്രഗ്ഗ വന്നത്. അർജുൻ എരിഗാസിക്കെതിരെ, ഫാബിയോ കരുവാനയ്ക്കെതിരെ, ഒട്ടേറേ ടൈബ്രേക്കുകൾ, വിശ്രമിക്കാൻ എനിക്കു കിട്ടിയ സമയം പ്രഗ്ഗയ്ക്കു കിട്ടിയില്ല. പ്രഗ്ഗ ലോക ചാംപ്യൻഷിപ് മത്സരത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് എന്റെ ഉത്തരമിതാണ്: പ്രഗ്ഗയല്ലെങ്കിൽ വേറാര് ? ’’

English Summary : King Magnus Carlsen's streak continues in world chess

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com