ജാവലിനിലെ ഇന്ത്യ- പാക്ക് ‘സൗഹൃദ’പോര്, അർഷാദ് നദീമിന്റെ ചങ്കാണ് നീരജ് ചോപ്ര!
Mail This Article
ഇന്ത്യ– പാക്കിസ്ഥാൻ ‘സൗഹൃദ’ പോരാട്ടത്തിനുള്ള വേദി കൂടിയായിരുന്നു ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിലെ ജാവലിൻ ത്രോ ഫൈനല്‍. നീരജ് ചോപ്രയുൾപ്പെടെ ഇന്ത്യയുടെ മൂന്ന് താരങ്ങൾ ഫൈനലിലുള്ളപ്പോൾ 90 മീറ്റർ നേട്ടം പിന്നിട്ട അർഷാദ് നദീമിലായിരുന്നു പാക്കിസ്ഥാന്റെ പ്രതീക്ഷയത്രയും. എന്നാല്‍ ചരിത്ര സ്വർണവുമായി നീരജ് വിജയിയായതോടെ പാക്കിസ്ഥാന് വെള്ളി െമഡൽ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ജാവലിനിലെ ഇന്ത്യ– പാക്ക് പോര് മത്സരത്തിൽ മാത്രമുള്ളതാണ്. അതിനു പുറത്ത് നീരജ് ചോപ്രയും പാക്കിസ്ഥാന്റെ അർഷാദ് നദീമും തമ്മിലുള്ളത് ഊഷ്മളമായ ബന്ധമാണ്.
നീരജിന്റെ പ്രകടനങ്ങൾ തനിക്കു പ്രചോദനമേകുന്നതായി നദീം മുൻപു പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. ഫൈനൽ മത്സര ശേഷം പാക്ക് താരത്തെ ഒപ്പംനിന്ന് ഫോട്ടോയെടുക്കാൻ ക്ഷണിച്ചത് നീരജ് ചോപ്രയായിരുന്നു. അടുത്ത വർഷം നടക്കുന്ന പാരിസ് ഒളിംപിക്സിലും ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇതേ പ്രകടനം നടത്താൻ സാധിക്കട്ടെയെന്നായിരുന്നു അർഷദ് നദീമിന്റെ വാക്കുകൾ. നീരജ് ഭായിയുടെ പ്രകടനത്തിൽ സന്തോഷമുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നു. ഒളിംപിക്സിലും അങ്ങനെ തന്നെയായിരിക്കട്ടെ.’’– നദീം മത്സരശേഷം മാധ്യമങ്ങളോടു പറഞ്ഞു.
ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പ് യോഗ്യതാ റൗണ്ടോടെ തന്നെ പാരിസ് ഒളിംപിക്സിന് യോഗ്യത നേടിയവരാണ് നീരജ് ചോപ്രയും പാക്കിസ്ഥാന്റെ അർഷദ് നദീമും. 85.50 മീറ്റർ ദൂരമെന്ന കടമ്പ മറികടന്നതോടെയാണ് ഇരുവരും പാരിസിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 88.77 മീറ്റർ ദൂരമാണ് നീരജ് പിന്നിട്ടത്. മൂന്നാം ശ്രമത്തിൽ നദീം പിന്നിട്ടത് 86.79 മീറ്റർ. നീരജ് ചോപ്ര പങ്കെടുക്കാതിരുന്ന ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിലെ സ്വർണമെഡൽ ജേതാവാണ് നദീം. 90.18 മീറ്ററെന്ന സ്വപ്നദൂരം ബർമിങ്ങാമിൽ എറിഞ്ഞു പിന്നിട്ട നദീം ബുഡാപെസ്റ്റിലെ ഫൈനലിൽ നീരജിനു ഭീഷണിയാകുമെന്ന് ഉറപ്പായിരുന്നു.
നീരജ് vs അർഷാദ്
ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിലെ പുരുഷ ജാവലിൻ ത്രോ ഫൈനലിൽ 12 താരങ്ങളാണു മത്സരിച്ചത്. ആദ്യ ത്രോയിൽ ഉദ്ദേശിച്ച ലക്ഷ്യം നേടാനാകില്ലെന്ന് ഉറപ്പായ നീരജ് അതു ഫൗളിലെത്തിച്ചു. ഫിൻലൻഡിന്റെ ഒലിവർ ഹെലാൻഡറായിരുന്നു ആദ്യ റൗണ്ടിൽ മുന്നിലെത്തിയത്. 83.38 മീറ്ററായിരുന്നു അദ്ദേഹത്തിന്റെ ദൂരം. പക്ഷേ രണ്ടാം റൗണ്ടിൽ നീരജിനു പിഴച്ചില്ല.
ആദ്യ ത്രോയിൽ 88.17 മീറ്റർ എറിഞ്ഞ് നീരജ് ഒന്നാം സ്ഥാനത്തേക്കു കയറി. ലീഡ് നഷ്ടമാകാതെ നീരജ് മുന്നേറിയപ്പോൾ, ഇന്ത്യൻ താരത്തിന് ഭീഷണിയായത് അർഷാദ് നദീം മാത്രമായിരുന്നു. 87.82 മീറ്റർ എറിഞ്ഞ അർഷാദ് നീരജുമായുള്ള അകലം 35 സെന്റിമീറ്ററായി കുറച്ചു. എന്നാൽ നീരജിനെ വെല്ലുന്നൊരു പ്രകടനം പുറത്തെടുക്കാൻ പാക്ക് താരത്തിനു സാധിച്ചില്ല. ഇതോടെ ഇന്ത്യയ്ക്കു സ്വർണവും പാക്കിസ്ഥാനു വെള്ളിയും.
90 മീറ്റർ പിന്നിട്ട പാക്ക് താരം
2023 മേയ് 11 ന് ഒന്നാം റാങ്കിലെത്തിയതാണ് നീരജിന്റെ കരിയർ ബെസ്റ്റ് റാങ്കിങ്. മികച്ച ദൂരം 2022ൽ നേടിയ 89.94 മീറ്റർ. നീരജിനേക്കാളും ഒരു വയസ്സു മാത്രം അധികമുള്ള അർഷാദ് നദീമിന്റെ മികച്ച റാങ്കിങ് 2023 ജനുവരിയിലെ അഞ്ചാം സ്ഥാനമാണ്. മികച്ച ദൂരം 2022 ലെ 90.18 മീറ്റർ. 2020 ടോക്കിയോ ഒളിംപിക്സിലെ സ്വർണമെഡൽ ജേതാവായ നീരജ്, കഴിഞ്ഞ വർഷത്തെ യൂജിൻ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തായിരുന്നു.
2022 ലുസെയ്ൻ, സൂറിച്ച് ഡയമണ്ട് ലീഗുകളിൽ സ്വർണം നേടി. 2018 ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും നീരജ് സ്വർണം സ്വന്തമാക്കി. 2022 ല്‍ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയതാണ് അർഷാദ് നദീമിന്റെ കരിയറിലെ മികച്ച നേട്ടം. 2018 ഏഷ്യൻ ഗെയിംസിൽ താരത്തിന് വെങ്കല മെഡൽ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 2019 കാഠ്മണ്ഡു സൗത്ത് ഏഷ്യൻ ഗെയിംസിലും സ്വര്‍ണമെഡൽ സ്വന്തമാക്കി.
ലോക ചാംപ്യൻഷിപ്പിനു ദിവസങ്ങൾക്കു ശേഷം ജാവലിൻ ത്രോയിൽ മറ്റൊരു ഇന്ത്യ– പാക്ക് പോരാട്ടത്തിനു കൂടി അരങ്ങൊരുങ്ങുന്നുണ്ട്. ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ നീരജ് ചോപ്രയും അര്‍ഷാദ് നദീമും വീണ്ടും നേർക്കുനേർ വരും.
English Summary: India vs Pakistan clash in World Athletic Championship Javelin Throw Final