ADVERTISEMENT

ബുഡാപെസ്റ്റ് ∙ അതിവേഗ താരങ്ങളുടെ ചിറകിലേറിപ്പറന്ന യുഎസ് ടീമിന് ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷ, വനിതാ സ്പ്രിന്റ് റിലേയിൽ സ്വർണാധിപത്യം. പുരുഷ വിഭാഗത്തിൽ ഒളിംപിക്സ് ചാംപ്യൻമാരായ ഇറ്റലിയെയും വനിതകളിൽ ജമൈക്കയെയും മറികടന്നായിരുന്നു യുഎസ് നേട്ടം. ഇതോടെ നിലവിലെ ചാംപ്യൻമാരായ യുഎസിന്റെ മെഡൽ നേട്ടം 27 ആയി. 11 സ്വർണവും 8 വീതം വെള്ളിയും വെങ്കലവുമായി യുഎസ് എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. 4 സ്വർണവും 2 വെള്ളിയും നേടിയ കാനഡയാണ് രണ്ടാമത്. കഴിഞ്ഞവർഷം യുഎസിൽ നടന്ന ചാംപ്യൻഷിപ്പിൽ 13 സ്വർണമടക്കം 33 മെഡലുകളുമായാണ് യുഎസ് ചാംപ്യൻമാരായത്. 

4–100 പുരുഷ റിലേയിൽ 37.38 സെക്കൻഡിൽ ഫിനിഷ് ചെയ്ത യുഎസ് ടീമിനായി അവസാന ലാപ്പ് ഓടിയത് 100, 200 മീറ്ററുകളിൽ ജേതാവായ നോഹ ലൈൽസാണ്. ചാംപ്യൻഷിപ്പിൽ നോഹയുടെ സ്വർണനേട്ടം ഇതോടെ മൂന്നായി. 100 മീറ്ററിലെ മുൻ ലോക ചാംപ്യൻമാരായ ഫ്രെഡ് കെർലി, ക്രിസ്റ്റ്യൻ കോൾമാൻ എന്നിവരും യുഎസിനായി റിലേയിൽ അണിനിരന്നു. ഒളിംപിക്സ് ചാംപ്യൻമാരായ ഇറ്റലി വെള്ളി നേടിയപ്പോൾ (37.62 സെക്കൻഡ്) ജമൈക്കയ്ക്കാണ് (37.76) വെങ്കലം. 

Hungary Athletics Worlds
ലോക ചാംപ്യൻഷിപ്പിലെ മൂന്നാം സ്വർണം ഉറപ്പിച്ചപ്പോൾ നോഹ ലൈൽസിന്റെ അഹ്ലാദം

വനിതാ 4–100 റിലേയിൽ ചാംപ്യൻഷിപ് റെക്കോർഡോടെ സ്വർണം നേടിയ യുഎസ് ടീം (41.03 സെക്കൻഡ്)  രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് സ്പ്രിന്റ് ഇനങ്ങളിൽ അവരുടെ പ്രധാന എതിരാളികളായ ജമൈക്കയെയാണ്. വനിതാ 100 മീറ്റർ ചാംപ്യൻ ഷാകെറി റിച്ചഡ്സൻ യുഎസ് ടീമിനായി അവസാന ലാപ്പിൽ ബാറ്റൺ പിടിച്ചപ്പോൾ 200 മീറ്റർ ചാംപ്യൻ ഷെറിക്ക ജാക്സനായിരുന്നു ജമൈക്കയ്ക്കായി ഓടിയത്. 

എന്നാൽ 4–400 റിലേയിൽ വനിതാ ടീം സെമിയിൽ പുറത്തായത് യുഎസിന് തിരിച്ചടിയായി. ബാറ്റൺ കൈമാറ്റത്തിലെ പിഴവിനെത്തുടർന്ന് യുഎസിനെ മത്സരത്തിൽ നിന്ന് അയോഗ്യരാക്കുകയായിരുന്നു. കഴിഞ്ഞ 8 ലോക ചാംപ്യൻഷിപ്പുകളിൽ ഏഴിലും വനിതാ 4–400 റിലേയിൽ സ്വർണം നേടിയത് യുഎസ് ടീമാണ്.

 

ഒരു ലോക ചാംമ്പ്യൻഷിപ്പിൽ യുഎസ് അത്ലീറ്റ് (നോഹ ലൈൽസ്) 3 സ്വർണ്ണം നേടുന്നത് 16 വർഷത്തിനു ശേഷമാണ്. ടൈസൻ ഗേ, അലിസൻ ഫെലിക്സ്(2007) എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചത്. 

 

English Summary: US boom in world athletic championship 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com