സൂറിക്കിൽ നീരജ് രണ്ടാമത്, ലോങ്ജംപിൽ ശ്രീശങ്കറിന് 5–ാം സ്ഥാനം; ഡയമണ്ട് ലീഗ് ഫൈനൽസ് യോഗ്യത

Mail This Article
സൂറിക് ∙ ലോക ചാംപ്യൻഷിപ്പിലെ സ്വർണനേട്ടത്തിനുശേഷമുള്ള ആദ്യ മത്സരത്തിൽ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. സൂറിക് ഡയമണ്ട് ലീഗ് പുരുഷ ജാവലിൻത്രോയിൽ നീരജ് 85.71 മീറ്റർ പിന്നിട്ടപ്പോൾ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് (85.86 മീറ്റർ) ജേതാവായി. 15 സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് നീരജിന് ഒന്നാംസ്ഥാനം നഷ്ടമായത്. ജർമനിയുടെ ജൂലിയൻ വെബറാണ് മൂന്നാമത് (85.04 മീറ്റർ).
ലോക ചാംപ്യൻഷിപ്പിലെ കടുത്ത പോരാട്ടത്തിനുശേഷമെത്തിയ നീരജിന് സൂറിക്കിൽ മികവിലേക്കുയരാനായില്ല. മത്സരത്തിൽ നീരജിന് 3 അവസരങ്ങൾ ഫൗളായപ്പോൾ 85 മീറ്റർ കടന്നത് 2 ത്രോകൾ മാത്രം. ആദ്യ 3 റൗണ്ടുകൾ അവസാനിക്കുമ്പോൾ അഞ്ചാംസ്ഥാനത്തായിരുന്ന നീരജ് തുടർന്നുള്ള ത്രോകളിലാണ് മുന്നിലേക്കെത്തിയത്. സെപ്റ്റംബർ 13ന് നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനൽസിന് ഇതോടെ നീരജ് യോഗ്യത നേടി.
ശ്രീശങ്കർ അഞ്ചാമത്
ലോക ചാംപ്യൻഷിപ്പിലെ മോശം പ്രകടനത്തിന്റെ നിരാശ തീർക്കാനിറങ്ങിയ മലയാളി താരം എം.ശ്രീശങ്കറിന് പുരുഷ ലോങ്ജംപിൽ അഞ്ചാംസ്ഥാനം. ആകെ 10 പേരാണ് മത്സരിച്ചത്. മത്സരത്തിൽ ഒരിക്കൽപോലും ശ്രീശങ്കറിന് 8 മീറ്റർ ദൂരം താണ്ടാനായില്ല. ആദ്യ ഊഴത്തിൽ പിന്നിട്ട 7.99 മീറ്ററായിരുന്നു മികച്ച പ്രകടനം. മത്സരത്തിന്റെ നാലാം റൗണ്ട് വരെ ശ്രീശങ്കർ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. 8.20 മീറ്റർ പ്രകടനത്തോടെ ഒളിംപിക്സ് ചാംപ്യൻ ഗ്രീസിന്റെ മിൽത്തിയാദിസ് ടെന്റഗ്ലൂ ഒന്നാമതെത്തി. ഡയമണ്ട് ലീഗ് ഫൈനൽസിന് ശ്രീശങ്കർ യോഗ്യത നേടി.
English Summary : Sreesankar won fifth rank in long jump diamond league finals qualification