തൂവൽച്ചിറകിൽ പറന്നുയരാൻ സിന്ധു; ഏഷ്യൻ ഗെയിംസ് ലക്ഷ്യമിട്ട് തീവ്രപരിശീലനം

Mail This Article
സ്മാഷുകളിലെ പിഴവ്, കോർട്ടിലെ വേഗക്കുറവ്..ബാഡ്മിന്റനിലെ സമീപകാല തിരിച്ചടികളുടെ കാരണം കണ്ടെത്തി പരിഹരിച്ച്, തിരിച്ചു വരവിനൊരുങ്ങുകയാണ് പി.വി.സിന്ധു. രണ്ടാഴ്ചയ്ക്കപ്പുറം ആരംഭിക്കുന്ന ഹാങ്ചൗ ഏഷ്യൻ ഗെയിംസ് ലക്ഷ്യമിട്ട് ബെംഗളൂരുവിലെ പ്രകാശ് പദുക്കോൺ അക്കാദമിയിൽ തീവ്ര പരിശീലനത്തിലാണ് ഇന്ത്യൻ സൂപ്പർ താരം. പ്രകാശ് പദുക്കോൺ, യു.വിമൽകുമാർ, മലേഷ്യക്കാരൻ മുഹമ്മദ് ഹഫീസ് ഹാഷിം എന്നീ പരിശീലകരുടെ കീഴിലാണ് സിന്ധുവിന്റെ തയാറെടുപ്പുകൾ. 2018 ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസിൽ സിന്ധു വെള്ളി മെഡൽ ജേതാവായിരുന്നു.
16 ടൂർണമെന്റുകൾ കളിച്ചിട്ടും ഒരു കിരീടം പോലും നേടാനാകാത്ത സിന്ധു കരിയറിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഈ സീസണിലാണ്. കഴിഞ്ഞമാസം ലോകബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ രണ്ടാംറൗണ്ടിൽ പുറത്തായതായിരുന്നു അവസാനത്തെ വീഴ്ച. മത്സരങ്ങളുടെ ആധിക്യവും ഓൺ കോർട്ട് പരിശീലനത്തിന്റെ കുറവും സിന്ധു പിന്നോട്ടുപോകാൻ കാരണമായെന്ന് മുൻകാല പരിശീലകരടക്കം അഭിപ്രായപ്പെട്ടിരുന്നു. ഇതു മുഖവിലയ്ക്കെടുത്ത സിന്ധു ചൈന ഓപ്പൺ, ഹോങ്കോങ് ഓപ്പൺ എന്നീ 2 ടൂർണമെന്റുകളിൽ നിന്നു പിൻമാറിയാണ് കോർട്ടിലെ പരിശീലനത്തിൽ ശ്രദ്ധിക്കുന്നത്. ഹൈദരാബാദിലെ സുചിത്ര അക്കാദമിയിലായിരുന്നു സിന്ധുവിന്റെ ആദ്യ പരിശീലനം. മെച്ചപ്പെട്ട പരിശീലനം ലക്ഷ്യമിട്ടാണ് പദുക്കോൺ അക്കാദമിയിലേക്കു മാറിയത്.
സീസണിൽ ഇതുവരെയുള്ള മത്സരഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഏഷ്യൻ ഗെയിംസിലൂടെ മികച്ച ഫോമിലേക്കു തിരിച്ചെത്താമെന്ന ആത്മവിശ്വാസം ഇപ്പോഴുണ്ടെന്നും സിന്ധു ‘മനോരമ’യോടു പറഞ്ഞു. സിന്ധു ഉൾപ്പെടെ 16 അംഗ ടീമാണ് ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്കായി മത്സരിക്കുക.
വ്യക്തിഗത മത്സരങ്ങളിൽ പുരുഷ സിംഗിൾസിൽ എച്ച്.എസ്.പ്രണോയിയും കിഡംബി ശ്രീകാന്തും വനിതകളിൽ പി.വി.സിന്ധുവും അഷ്മിത ചാലിഹയും കളത്തിലിറങ്ങും. മലയാളി താരങ്ങളായ എം.ആർ.അർജുനും ട്രീസ ജോളിയും ഡബിൾസിൽ മത്സരിക്കുന്നുണ്ട്.
English Summary : PV Sindhu's training for Asian Games